അൻപത് വർഷത്തിലേറെയായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന നടിയാണ് മല്ലിക സുകുമാരൻ. ജി. അരവിന്ദൻ സംവിധാനം ചെയ്ത ‘ഉത്തരായനം’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം, അരങ്ങേറ്റ വർഷം തന്നെ ‘സ്വപ്നാടനം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സ്വന്തമാക്കി. പിന്നീട് ‘ചുവന്ന സന്ധ്യകൾ’, ‘ആലിംഗനം’, ‘അവളുടെ രാവുകൾ’ തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തി.

നടൻ സുകുമാരനുമായുള്ള വിവാഹശേഷം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തെങ്കിലും 2000 കളിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ മല്ലിക സുകുമാരൻ, അമ്മ വേഷങ്ങളിലൂടെയും ഹാസ്യകഥാപാത്രങ്ങളിലൂടെയും മലയാള സിനിമയിലും ടെലിവിഷനിലും ഇന്നും സജീവ സാന്നിധ്യമാണ്.
മലയാള സിനിമയിൽ നിരവധി താരങ്ങളുടെ അമ്മയായും മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളായും മല്ലിക സുകുമാരൻ എത്തിയിട്ടുണ്ട്.

മല്ലിക സുകുമാരൻ. Photo.Screen Grab/ Youtube

ഇപ്പോഴിതാ തനിക്കൊപ്പം അഭിനയിച്ചവരിൽ ഏറ്റവും നല്ല വൈബ് തോന്നിയ മകൻ മോഹൻലാലെന്ന് പറയുകയാണ് മല്ലിക സുകുമാരൻ. ‘ബ്രോ ഡാഡി’യിൽ മോഹൻലാലിനൊപ്പം അഭിനയിച്ചപ്പോഴുണ്ടായ രസകരമായ അനുഭവങ്ങളും താരം പങ്കുവെച്ചു.

‘കൂടെ അഭിനയിച്ചതിൽ ഏറ്റവും നല്ല വൈബുള്ള മകനായി തോന്നിയത് മോഹൻലാലിനെയാണ്. ‘ബ്രോ ഡാഡി’യിൽ ഞാൻ അഭിനയിക്കുമ്പോൾ തന്നെ തോന്നിയിരുന്നു , ഈശ്വരാ എന്തെങ്കിലും ആയി പോകുമോയെന്ന്. കാരണം ഭയങ്കര സട്ടിലായിട്ട് കാര്യങ്ങൾ കൈകാര്യം ചെയ്യാൻ മിടുമിടുക്കുള്ള ആളാണ് മോഹൻലാൽ,’ മല്ലിക പറഞ്ഞു.

മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ പലപ്പോഴും അദ്ദേഹത്തിന്റെ സ്വാഭാവികമായ അഭിനയപ്രകടനങ്ങൾ കണ്ട് തനിക്ക് തന്നെ ചിരി വരാറുണ്ടെന്നും മല്ലിക ഓർത്തെടുത്തു. ‘ബ്രോ ഡാഡി’യിലെ ഒരു രംഗവും താരം ഉദാഹരണമായി പറഞ്ഞു.

‘ഡയലോഗ് ഒക്കെ പറയുമ്പോൾ നമുക്ക് തന്നെ ഉള്ളിൽ ചിരി വരും. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ‘എത്ര മാസമായിയെടാ നിന്റെ ഭാര്യക്ക്’ എന്ന് ചോദിക്കുന്ന രംഗം. അപ്പോൾ പുള്ളി രണ്ടുവിരൽ ഇങ്ങനെ പൊക്കിയിട്ട് മുഖം കൊണ്ട് ഓരോന്ന് കാണിക്കും. അത് കണ്ട് ഞാൻ ആദ്യം ചിരിച്ചുപോയി. പിന്നെ അത് രണ്ടാമത് വീണ്ടും എടുത്തു. കാരണം എന്താ ലാൽ ചെയ്യുന്നത് എന്നോ കാണിക്കുന്നത് എന്നോ എനിക്ക് അറിയില്ലായിരുന്നു. അതൊക്കെ ഭയങ്കര രസമായിരുന്നു,’ മല്ലിക പറഞ്ഞു.

അതേസമയം മമ്മൂട്ടിയുടെ അമ്മയായി അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നെങ്കിലും അത് നഷ്ടപ്പെട്ടതിന്റെ സങ്കടം ഇപ്പോഴും മാറിയിട്ടില്ലെന്നും മല്ലിക പറഞ്ഞു. അന്ന് സുഖമില്ലാത്തതിനാൽ ആശുപത്രിയിൽ കഴിയേണ്ടിവന്നതിനാലാണ് ആ അവസരം നഷ്ടമായത് എന്നും നടി കൂട്ടിച്ചേർത്തു.

മല്ലിക സുകുമാരൻ. Photo.Screen Grab/ Youtube

‘മമ്മൂട്ടിയുടെ കൂടെ അമ്മയായിട്ട് അഭിനയിക്കാനുള്ള ഒരു അവസരം ലഭിച്ചിരുന്നു. അന്ന് കാലിന് സുഖമില്ലാതെ ആശുപത്രിയിലായിരുന്നു. ആ സങ്കടം ഇതുവരെ മാറിയിട്ടില്ല. ഞാൻ എപ്പോഴും പരസ്യമായി പറയാറുണ്ട്, എവിടെയെങ്കിലും അമ്മയുടെ വേഷത്തിന് വിളിക്കണമെന്ന്. അമ്മയോ അമ്മൂമ്മയോ അമ്മായിയമ്മയോ അയൽക്കാരി തള്ളയോ എന്തിന് വിളിച്ചാലും ഞാൻ പോകും,’ മല്ലിക സുകുമാരൻ കൂട്ടിച്ചേർത്തു.

Content Highlight: Mallika sukumaran talks about Mohanlal and  mammootty