ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ രാജ്കുമാര്‍ ഹിറാനിയും ഷാരൂഖ് ഖാനും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ് ചെയ്തു. ഡങ്കി (Dunki) എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോ വ്യത്യസ്തമായ തരത്തിലാണ് റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റ് പുറത്തുവിട്ടിരിക്കുന്നത്.

ഷാരൂഖ് ഖാനും തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. 2023 ഡിസംബര്‍ 22നായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുന്നത്.

രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്ത മുന്നഭായ് എം.ബി.ബി.എസ്, പി.കെ, സഞ്ജു, ത്രീ ഇഡിയറ്റ്‌സ് എന്നീ സിനിമകളുടെ പോസ്റ്റര്‍ അത്ഭുതത്തോടെ നോക്കിനില്‍ക്കുന്ന ഷാരൂഖ് ഖാനെയാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്.

ഷാരൂഖിന്റെ അടുത്തേക്ക് രാജ്കുമാര്‍ ഹിറാനി വരുന്നതും അദ്ദേഹത്തോട് എനിക്ക് വേണ്ടിയും ഇതുപോലെ വല്ല കഥകളും കയ്യിലുണ്ടോ എന്ന് ഷാരൂഖ് ഖാന്‍ ചോദിക്കുന്നതും ഉണ്ടെന്ന് രാജ്കുമാര്‍ ഹിറാനി പറയുന്നതും കാണാം.

അതില്‍ കോമഡിയുണ്ടോ, ഇമോഷന്‍സ് ഉണ്ടോ എന്നൊക്കെ ഷാരൂഖ് ചോദിക്കുമ്പോള്‍ ധാരാളം ഉണ്ടെന്നാണ് രാജ്കുമാര്‍ മറുപടി പറയുന്നത്. ഒടുവില്‍ തന്റെ സിഗ്‌നേചര്‍ സ്‌റ്റെപ്പായ കൈ വിടര്‍ത്തിക്കൊണ്ട് റൊമാന്‍സ് ഉണ്ടോ എന്ന് ഷാരൂഖ് ചോദിക്കുമ്പോള്‍, ഉണ്ട് പക്ഷെ ഈ ആക്ഷന്‍ ഒഴിവാക്കണം എന്നാണ് ഹിറാനി പറയുന്നത്. നിങ്ങള്‍ പറയുകയാണെങ്കില്‍ കൈ തന്നെ വെട്ടിക്കളയില്ലേ എന്ന് ഷാരൂഖും മറുപടി നല്‍കുന്നു.

എന്താണ് ചിത്രത്തിന്റെ പേര് എന്ന് ഷാരൂഖ് ചോദിക്കുമ്പോള്‍ ഡങ്കി എന്ന് ഹിറാനി പറയുന്നതും ഡോങ്കിയോ എന്ന് ഷാരൂഖ് ചോദിക്കുന്നതുമെല്ലാം രസകരമായി വീഡിയോയില്‍ കാണാം. ഹിറാനി നടന്ന് പോയശേഷം ഡങ്കി എന്ന പേര് കേട്ട് ഷാരൂഖ് കണ്‍ഫ്യൂഷനടിച്ച് നില്‍ക്കുന്നതും പിന്നീട് താരം നടന്ന് പോകുന്നതുമാണ് വീഡിയോയുടെ അവസാനം.