യൂണിവേഴ്‌സിറ്റി കലോത്സവത്തിനുള്ള ഫണ്ട് അനുവദിക്കണം; കേരള സര്‍വകലാശാല ആസ്ഥാനത്തേക്ക് ഇരച്ചുകയറി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍
Kerala
യൂണിവേഴ്‌സിറ്റി കലോത്സവത്തിനുള്ള ഫണ്ട് അനുവദിക്കണം; കേരള സര്‍വകലാശാല ആസ്ഥാനത്തേക്ക് ഇരച്ചുകയറി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍
രാഗേന്ദു. പി.ആര്‍
Tuesday, 10th February 2026, 1:42 pm

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലേക്ക് എസ്.എഫ്.ഐ മാര്‍ച്ച്. വൈസ് ചാന്‍സിലര്‍ മോഹനന്‍ കുന്നുമ്മലിനെ തടയുമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് എസ്.എഫ്.ഐയുടെ മാര്‍ച്ച്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപ്രീരങ്കി പ്രയോഗിച്ചു.

കേരള യൂണിവേഴ്സിറ്റി കലോത്സവം സമയബന്ധിതമായി നടത്താന്‍ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് എസ്.എഫ്.ഐ പ്രതിഷേധം ശക്തമാക്കുന്നത്. ഇതേ ആവശ്യം ഉന്നയിച്ച് എസ്.എഫ്.ഐ ഇന്നലെ (ബുധന്‍) സര്‍വകലാശാലയില്‍ രാപ്പകല്‍ സമരം ആരംഭിച്ചിരുന്നു.

യൂണിവേഴ്‌സിറ്റി കലോത്സവം സമയബന്ധിതമായി നടത്തുന്നതിനുള്ള അനുമതി നല്‍കുക, സ്പോര്‍ട്‌സ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ടി.എ കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് എസ്.എഫ്.ഐ രാപ്പകല്‍ സമരം തുടങ്ങിയത്.

ഈ സമരം ക്യാമ്പസിനുള്ളില്‍ പുരോഗമിക്കുന്നതിനിടെയാണ് ഒരു സംഘം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് മാര്‍ച്ചുമായി എത്തിയത്.

പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് തകര്‍ത്ത് ക്യാമ്പസിനുള്ളില്‍ കടന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍, വി.സിയുടെ ചേംമ്പറിന് മുന്നിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചു. സെനറ്റ് ഹാള്‍ ലക്ഷ്യമിട്ടും പ്രവര്‍ത്തകര്‍ നീങ്ങിയതായി മാധ്യമങ്ങള്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ കാണാതാവുന്നതാണ്.

എസ്.എഫ്.ഐ സംസ്ഥാന നേതാക്കളായ എം. ശിവപ്രസാദ്, സഞ്ജീവ് പി.എസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടന്നത്. ക്യാമ്പസിന് അകത്തും പുറത്തുമായി വലിയ പൊലീസ് സന്നാഹമാണ് ഉള്ളത്. കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുന്നതായാണ് വിവരം.

Content Highlight: SFI march to Kerala University

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.