തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരെ അക്രമിച്ച കേസില്‍ ഒരാള്‍ കൂടി കീഴടങ്ങി. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം നസീമാണ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. കണ്ടോന്‍മെന്റ് പൊലീസ് സ്റ്റേഷനിലെത്തിയാണ് നസീം കീഴടങ്ങിയത്.

ഇതോടെ കേസില്‍ കീഴടങ്ങിയവരുടെ എണ്ണം അഞ്ചായി. നസീമിനെ വഞ്ചിയൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.

നസീം ഒളിവിലായതിനാലാണ് അറസ്റ്റ് വൈകുന്നതെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍, യൂണിവേഴ്സിറ്റി കോളെജില്‍ കഴിഞ്ഞ ദിവസം നടന്ന പരിപാടിയില്‍ നസീം എത്തിയിരുന്നു.


ഇതിന്റെ ദൃശ്യങ്ങളടക്കം പുറത്ത് വന്നതിനു പിന്നാലെയാണ് നസീം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

ഡിസംബര്‍ 12 നാണ് കേസിനാസ്പദമായ സംഭവം. പാളയത്ത് വച്ച് ബൈക്ക് തടഞ്ഞ പൊലീസുകാരനെ എസ്.എഫ്.ഐ പ്രവര്‍ത്തകരായ ആറ് പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. കേസില്‍ ശ്രീജിത്ത്, ആരോമല്‍, അഖില്‍, ഹൈദര്‍ എന്നിവര്‍ നേരത്തെ പൂജപ്പുര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു.