ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന സീതാ രാമം എന്ന ചിത്രത്തിലെ മൂന്നാമത്തെ ഗാനം പുറത്ത്. ‘കണ്ണുള്ളോനി കല്യാണം’ എന്ന് തുടങ്ങുന്ന പാട്ട് സോണി മ്യൂസിക് സൗത്ത് എന്ന യൂട്യൂബ് ചാനലിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്.

മഞ്ഞ് വീഴുന്ന കാശ്മീര്‍ താഴ്വരയിലെ മൃണാള്‍ താക്കറിന്റെ നൃത്തമാണ് പാട്ടിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. അനുരാഗ് കുല്‍കര്‍ണിയും സിന്ദൂരി എസും ചേര്‍ന്ന് പാടിയ ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത് വിശാല്‍ ചന്ദ്രശേഖറാണ്.

ഗാനത്തിന്റെ തെലുങ്ക് വേര്‍ഷനാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഗാനത്തിന്റെ മലയാളം വേര്‍ഷന്‍ ആലപിച്ചിരിക്കുന്നത് ഹരിശങ്കര്‍ കെ.എസും സിന്ദൂരി എസും ചേര്‍ന്നാണ്. കഴിഞ്ഞ ദിവസം മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ ഗാനത്തിന്റെ പ്രോമോ റിലീസ് ചെയ്തിരുന്നു.

1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് സീതാ രാമം. ലഫ്. റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഹനു രാഘവപ്പുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സീതാ രാമം ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഹനു രാഘവപ്പുടി വ്യക്തമാക്കിയിരുന്നു. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. രാശ്മിക മന്ദാനയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അഫ്രീന്‍ എന്നാണ് രാശ്മികയുടെ കഥാപാത്രത്തിന്റെ പേര്.

സ്വപ്ന സിനിമയുടെ ബാനറില്‍ നിര്‍മിച്ച ചിത്രം അവതരിപ്പിക്കുന്നത് വൈജയന്തി മൂവീസ് ആണ്. ദുല്‍ഖറിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്ന മഹാനടിയും നിര്‍മിച്ചത് ഇതേ ബാനര്‍ ആയിരുന്നു. എഡിറ്റിങ് കോതഗിരി വെങ്കടേശ്വര റാവു, ഛായാഗ്രഹണം പി.എസ്. വിനോദ്, ശ്രേയസ് കൃഷ്ണ, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുനില്‍ ബാബു. ഹനു രാഘവപ്പുടിക്കൊപ്പം ജയ് കൃഷ്ണയും രാജ്കുമാര്‍ കണ്ടമുഡിയും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

Content Highlight : Seetha ramam movie New song released