കോടമ്പാക്കത്ത് വെറുമൊരു ഡാന്‍സറായി കഴിഞ്ഞ തന്നെ സിനിമയിലെ നായിക ആക്കാനുള്ള ധൈര്യം ഐ.വി ശശിയ്ക്ക് എങ്ങിനെ കിട്ടിയെന്ന് അറിയില്ലെന്ന് നടി സീമ. ആദ്യ പേര് ശാന്തകുമാരിയായിരുന്നെന്നും പിന്നീടാണ് അത് സീമയാകുന്നതെന്നും മാധ്യമം വാര്‍ഷികപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ സീമ പറയുന്നു.

സ്വന്തം കഴിവില്‍ വിശ്വാസമുണ്ടായിരുന്നത് കൊണ്ട് മാത്രമാണ് തന്നെ നായിക ആക്കാനുള്ള ധൈര്യം സംവിധായകന്‍ ഐ.വി ശശിക്ക് ഉണ്ടായതെന്നു സീമ പറഞ്ഞു.
” 1977 ഒക്ടോബര്‍ അഞ്ചിനാണ് അവളുടെ രാവുകളുടെ ഷൂട്ട് നിശ്ചയിച്ചിരുന്നത്.

ട്രയല്‍ ഷോട്ടായെടുത്തത് ചുവരില്‍ തൂക്കിയിട്ടിരിക്കുന്ന ഫോട്ടോയില്‍ നോക്കി രവികുമാറിനോട് ഇത് നിങ്ങളുടെ അച്ഛനും അമ്മയുമാണോ എന്നു ചോദിക്കുന്ന രംഗമാണ്. എന്റെ സീന്‍ മാത്രമേ എടുത്തുള്ളൂ. അത് പെര്‍ഫെക്ട് ആണെങ്കില്‍ അഭിനയിക്കാം. ഇനി നായിക ആയില്ലെങ്കില്‍ തുടര്‍ന്നും ഡാന്‍സിന് തന്നെ പോകേണ്ടിവരും.

മണിക്കൂറുകളോളം നീണ്ട ആശങ്ക. വൈകിട്ട് ഷൂട്ട് തുടങ്ങാന്‍ പോകുകയാണ് എന്ന കാര്യം ശശിയേട്ടന്‍ തന്നെയാണ് പറഞ്ഞത്. അപ്പോഴും നായികയാണെന്ന കാര്യം ഞാന്‍ അറിഞ്ഞില്ല. ഒടുവില്‍ ഞാന്‍ തന്നെയാണ് നായികയെന്ന് ഒപ്പം അഭിനയിച്ച രവികുമാറാണ് പറഞ്ഞത്”. സീമ പറഞ്ഞു.

ശശിയേട്ടന്റെ പുതിയ പടത്തിലെ നായികയാണെന്ന കാര്യം താന്‍ ആരോടും പറഞ്ഞില്ല. ഇനി അഥവാ ഷൂട്ടിങ്ങ് വഴിക്കുവെച്ച് നിര്‍ത്തിവെച്ചാലോ. അപ്പോഴും ഞാന്‍ ഡാന്‍സറായി തന്നെ തുടരേണ്ടി വരില്ലേ. നായികയായി എന്നെ തീരുമാനിച്ചപ്പോള്‍ തന്നെ ചില വലിയ സിനിമാ നിര്‍മാതാക്കള്‍ ശശിയേട്ടനെകുറിച്ച് പലതും പറയാന്‍ തുടങ്ങി. ഇവനെന്താ വട്ടുണ്ടോ ഒരു ഡാന്‍സര്‍ പെണ്ണിനെ കൊണ്ടുവന്ന് നായികയാക്കാന്‍.

ഈ ചരക്ക് ചന്തയില്‍ വിറ്റ് പോകുമോ ശശി? എന്നുവരെ ചോദിച്ചവരുണ്ടെന്നും സീമ മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ തുറന്നു പറയുന്നു.
ഒടുവില്‍ മുരളീ മൂവീസിന്റെ രാമചന്ദ്രന്റെ ഉറപ്പിലാണ് അവളുടെ രാവുകള്‍ തുടങ്ങിയതെന്നും ഭാനുപ്രകാശുമായി നടത്തിയ അഭിമുഖത്തില്‍ സീമ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Seema reveals her first movie experience