മുംബൈ: ഒറ്റ മത്സരം കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്ന പേര് വീണ്ടും ചര്‍ച്ചയാകുകയാണ്. എന്നാല്‍ ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തോടെ സംസാരിച്ച ആ പഴയ അസ്ഹറുദ്ദീനല്ല ചര്‍ച്ചാകേന്ദ്രം. ഇത് പുതിയ അസഹ്‌റുദ്ദീനെ കുറിച്ചാണ്. മലയാളിയായ, കാസര്‍കോട്ടുകാരനായ അസഹ്‌റുദ്ദീന്‍.

ബുധനാഴ്ചത്തെ ഒറ്റ ഇന്നിംഗ്‌സുകൊണ്ടാണ് അസഹ്‌റുദ്ദീന്‍ വാര്‍ത്താ പ്രാധാന്യം നേടിയതെങ്കില്‍ അതിനും മുന്‍പെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ അസഹ്‌റുദ്ദീനെ നോട്ടമിട്ടിരുന്നു.

ക്രിക്കറ്റ് പ്രേമിയായ മൂത്ത ചേട്ടന്‍ കമറുദ്ദീനാണ് എട്ട് സഹോദരങ്ങളിലെ ഏറ്റവും ഇളയവന് അസഹ്‌റുദ്ദീന്‍ എന്ന പേരിട്ടത്. മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് അസഹ്‌റുദ്ദീന്റെ കടുത്ത ആരാധകനായിരുന്നു കമറുദ്ദീന്‍.

10ാം വയസ്സില്‍ തളങ്കര താസ് ക്ലബ്ബില്‍ ക്രിക്കറ്റ് കളി തുടങ്ങിയ അസ്ഹര്‍ 11ാം വയസ്സില്‍ അണ്ടര്‍ 13 ജില്ലാ ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ അസ്ഹര്‍ പിന്നീടു ജില്ലാ ടീം ക്യാപ്റ്റനുമായി.

പിന്നാലെ അണ്ടര്‍ 15 ടീമില്‍, അവിടേയും ക്യാപ്റ്റന്‍ സ്ഥാനം. ഇതോടെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ അസഹ്‌റിനെ നോട്ടമിട്ടു. അസോസിയേഷന്‍ അക്കാദമിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട അസ്ഹര്‍ 9ാം ക്ലാസില്‍ കോട്ടയം മുത്തോലിയിലെ കെസിഎ അക്കാദമിയില്‍ പരിശീലനം നേടി.

2013ല്‍ അണ്ടര്‍ 19 കേരള ടീമിലെത്തി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണെങ്കിലും സഞ്ജു സാംസണുള്ളത് കൊണ്ട് ബാറ്റ്‌സാമാനായി മാത്രം തുടര്‍ന്നു. ഇന്നലത്തെ ഒറ്റ പ്രകടനത്തോടെ ദേശീയ താരങ്ങളും മുന്‍ താരങ്ങളും അസഹ്‌റുദ്ദീനെ പ്രശംസിച്ച് രംഗത്തെത്തി.

മികച്ച പ്രകടനം തുടരാനായാല്‍ ഐ.പി.എല്ലിലും അസഹ്‌റുദ്ദീന് ഇടമുണ്ടാകും.

ബുധനാഴ്ച നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് കേരളം കരുത്തരായ മുംബൈ തറപറ്റിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 196 റണ്‍സാണ്. മറുപടി ബാറ്റിംഗില്‍ 25 പന്തു ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ കേരളം ലക്ഷ്യത്തിലെത്തി.

തുടര്‍ച്ചയായ രണ്ടാം ജയത്തോടെ എലീറ്റ് ഗ്രൂപ്പ് ഇയില്‍ കേരളം രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കേരളത്തിനൊപ്പം രണ്ടു ജയവുമായി എട്ടു പോയിന്റുള്ള ദല്‍ഹി ഉയര്‍ന്ന റണ്‍റേറ്റിന്റെ ആനുകൂല്യത്തില്‍ ഒന്നാമതു നില്‍ക്കുന്നു. മുംബൈ ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ്.

ഓപ്പണറായിറങ്ങിയ അസ്ഹറുദ്ദീന്‍ 54 പന്തില്‍ ഒന്‍പത് ഫോറും 11 സിക്‌സും സഹിതം 137 റണ്‍സുമായി പുറത്താകാതെ നിന്നു. 20 പന്തില്‍നിന്ന് അര്‍ധസെഞ്ചുറി പിന്നിട്ട അസ്ഹറുദ്ദീന്‍, 37 പന്തില്‍നിന്നാണ് 100 കടന്നത്. സഹ ഓപ്പണര്‍ റോബിന്‍ ഉത്തപ്പ 23 പന്തില്‍ നാലു ഫോറുകള്‍ സഹിതം 33 റണ്‍സെടുത്തു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 12 പന്തില്‍ നാലു ഫോറുകള്‍ സഹിതം 21 റണ്‍സെടുത്ത് വിജയത്തിനരികെ പുറത്തായി. സച്ചിന്‍ ബേബി ഏഴു പന്തില്‍ രണ്ടു റണ്‍സുമായി പുറത്താകാതെ നിന്നു.

ഈ സീസണില്‍ കേരളത്തിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തില്‍ കേരളം പുതുച്ചേരിയെ ആറു വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. അതേസമയം, മുംബൈയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sayyid Mushtaq Ali T20 Kerala vs Mumbai Mohammad Azharuddeen