ഒന്നും രണ്ടുമല്ല, കീഴടക്കിയത് നാല് രാജ്യങ്ങള്‍; ഇത് റോണോയുടെ മായാജാലം!
Football
ഒന്നും രണ്ടുമല്ല, കീഴടക്കിയത് നാല് രാജ്യങ്ങള്‍; ഇത് റോണോയുടെ മായാജാലം!
ഫസീഹ പി.സി.
Friday, 22nd May 2026, 2:58 pm

സൗദി പ്രൊ ലീഗ് സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍. കഴിഞ്ഞ ദിവസം ടൂര്‍ണമെന്റില്‍ നടന്ന മത്സരത്തില്‍ ഡാമാക്കിനെ പരാജയപ്പെടുത്തിയതോടെയാണ് ടീമിന്റെ കിരീടനേട്ടം. അലവ്വാല്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു അല്‍ നസറിന്റെ വിജയം.

ടീമിനായി റൊണാള്‍ഡോ ഇരട്ട ഗോള്‍ നേടിയപ്പോള്‍ സാദിയോ മാനെയും കിങ്‌സ്‌ലി കോമാനും ഓരോ ഗോളുകളും നേടി. 62, 80 മിനിട്ടുകളില്‍ റോണോ ഗോളടിച്ചപ്പോള്‍ മാനെ 33ാം മിനിട്ടിലും കോമന്‍ 51ാം മിനിട്ടിലും പന്ത് വലയിലെത്തിച്ചു.

സൗദി പ്രൊ ലീഗ് കിരീടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. Photo: Analistas/x.com

മറുവശത്ത് ഡാമാക്കിന്റെ ഏക ഗോള്‍ നേടിയത് മോര്‍ലേ സിലയാണ്. 57ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെയാണ് ഈ ഗോള്‍.

അല്‍ നസറിന്റെ 11ാം സൗദി പ്രൊ ലീഗ് കിരീടമാണിത്. എന്നാല്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലീഗിലെ ആദ്യ കിരീടമാണിത്. കിരീട നേട്ടത്തോടെ ഒരു അപൂര്‍വ നേട്ടവും താരം സ്വന്തമാക്കി. നാല് വ്യത്യസ്ത രാജ്യങ്ങളിലെ ലീഗ് ട്രോഫികള്‍ നേടുന്ന താരമെന്ന നേട്ടമാണ് തന്റെ പേരില്‍ കുറിച്ചത്.

നേരത്തെ, റൊണാള്‍ഡോ ഇംഗ്ലണ്ട്, സ്പെയ്ന്‍, ഇറ്റലി എന്നീ രാജ്യങ്ങളിലെ ലീഗ് കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനൊപ്പം ഇംഗ്ലീഷ് പ്രിമീയര്‍ ലീഗില്‍ മൂന്ന് ലീഗ് കിരീടങ്ങളാണ് താരം സ്വന്തമാക്കിയത്. 2006, 2007, 2008 എന്നീ വര്‍ഷമാണ് പോര്‍ച്ചുഗല്‍ ഇതിഹാസത്തിന്റെ ഇംഗ്ലണ്ടിലെ കിരീടനേട്ടങ്ങള്‍.

ക്രിസ്റ്റ്യാനോ റൊണാൾഡോ.

ലാ ലിഗയില്‍ റയല്‍ മാഡ്രിഡിനൊപ്പമായിരുന്നു റൊണാള്‍ഡോ സ്‌പെയിനില്‍ ചാമ്പ്യനായത്. 2011, 2016 വര്‍ഷങ്ങളിലായിരുന്നു റോണോ കിരീടങ്ങള്‍ തന്റെ ഷെല്‍ഫിലെത്തിച്ചത്.

ഇറ്റലിയില്‍ യുവന്റസിനൊപ്പമായിരുന്നു റോണോയുടെ മറ്റൊരു ലീഗ് കിരീടനേട്ടം. സീരി എയില്‍ 2018, 2019 വര്‍ഷങ്ങളിലായിരുന്നു താരം കപ്പുയര്‍ത്തിയത്. ഇപ്പോള്‍ പോര്‍ച്ചുഗല്‍ ഇതിഹാസം സൗദിയിലും ജേതാവായിരിക്കുന്നു.

Content Highlight: Saudi Pro League: Cristiano Ronaldo has won league titles in 4 different competitions

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി