World
മെക്ക പ്രതിരോധ ഉടമ്പടിയില്‍ വാക്‌പോരുമായി സൗദി-യു.എ.ഇ രാഷ്ട്രീയ നിരീക്ഷകര്‍
അബുദാബി: തുര്‍ക്കിയും പാകിസ്ഥാനുമായി ത്രിരാഷ്ട്ര പ്രതിരോധ സഖ്യം രൂപീകരിച്ച സൗദി അറേബ്യയുടെ നടപടിയില്‍ വാക്‌പോരുമായി സൗദിയിലെയും യു.എ.ഇയിലെയും രാഷ്ട്രീയ നിരീക്ഷകര്‍. പ്രതിരോധ സഖ്യം ആരംഭിക്കുന്നതിനുള്ള മെക്ക പ്രതിരോധ ഉടമ്പടിയില്‍ സൗദിയും തുര്‍ക്കിയും പാകിസ്ഥാനും ഒപ്പുവച്ചതിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളില്‍ യു.എ.ഇ, സൗദി രാഷ്ട്രീയ നിരീക്ഷകരുടെ വാക്‌പോര് ആരംഭിച്ചത്.
ഗള്‍ഫ് കോഓപറേഷന്‍ കൗണ്‍സിലിന് (ജി.സി.സി) പുറത്ത് സൗദി മറ്റൊരു പ്രാദേശിക സുരക്ഷാ പങ്കാളിത്തത്തിലെത്തിയതിനെതിരെ യു.എ.ഇയില്‍ നിന്നുള്ള രാഷ്ട്രീയ നിരീക്ഷകര്‍ വിമര്‍ശനം ഉന്നയിക്കുന്നതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം ഒരു കരാറില്‍ എത്തിച്ചേരുന്നതിനുള്ള യുക്തി എന്താണെന്ന് രാഷ്ട്രീയ നിരീക്ഷകനായ അബ്ദുള്‍ഖാലിക് അബ്ദുല്ലയുടെ ഒരു എക്‌സ് പോസ്റ്റിനെക്കുറിച്ചും മിഡില്‍ ഈസ്റ്റ് ഐയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
‘ഈ സഖ്യം രൂപീകരിച്ചതിന് അഭിനന്ദനങ്ങള്‍. എന്നാല്‍ ഇറാനിയന്‍-ഇസ്രായേല്‍ ഭീഷണിയെ നേരിടുന്ന കാര്യത്തിലെ വിശ്വാസ്യതയും കഴിവും ഗൗരവമായി കാണാനാവാത്ത രാജ്യങ്ങളുമായുള്ള സൈനിക സഹകരണത്തേക്കാളും പ്രധാനം ഗള്‍ഫ് രാജ്യങ്ങളുടെ രാഷ്ട്രീയ-സൈനിക സഹകരണമാണ്,’ അബ്ദുല്ല എക്‌സ് പോസ്റ്റില്‍ കുറിച്ചു.
ഗള്‍ഫ് രാജ്യങ്ങളുടെ ഐക്യപ്പെടലാണ് സൗദിയുടെ ത്രിരാഷ്ട്ര സഖ്യത്തേക്കാള്‍ പ്രാധാന്യമുള്ള വിഷയമെന്നും അബ്ദുല്ല പറഞ്ഞു. സഖ്യങ്ങളുടെ വിജയത്തിന്റെ പ്രധാന ഘടകം പൊതു ശത്രുവിനെ തിരിച്ചറിയലാണ്. പുതിയ സഖ്യത്തിലെ രാജ്യങ്ങളുടെ പൊതു ശത്രു ആരാണെന്നും എക്‌സ് പോസ്റ്റില്‍ അദ്ദേഹം ചോദിച്ചു.
ഈ പോസ്റ്റിലെ വാദങ്ങളെ സൗദി രാജകുമാരന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ മുസൈദ് തള്ളിക്കളഞ്ഞു. കരാര്‍ ദേശീയ പരമാധികാരത്തിന്റെ വിഷയമനാണെന്നു പറഞ്ഞ അദ്ദേഹം യു.എ.ഇയിലെ അക്കാദമിക പരിസരത്തുള്ളവര്‍ എന്തുകൊണ്ടാണ് സൗദിയുടെ തന്ത്രപ്രധാനമായ നീക്കങ്ങളെ ചോദ്യം ചെയ്യുന്നതെന്നും ചോദിച്ചു. സൗദിയുടെ പുതിയ സഖ്യം എങ്ങനെയാണ് ഗള്‍ഫ് രാജ്യങ്ങളുടെ ഐക്യപ്പെടലിനെ ലംഘിക്കുകയെന്നും അദ്ദേഹം എക്‌സ് പോസ്റ്റില്‍ ചോദിച്ചു.
മക്ക പ്രതിരോധ ഉടമ്പടി പ്രകാരം രൂപപ്പെട്ടത് ഒരു പൊതു ശത്രുവിനെ നേരിടാനുള്ള സഖ്യമല്ലെന്ന് സൗദിയിലെ അബ്‌സര്‍ സെന്റര്‍ ഫോര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് ചെയര്‍മാന്‍ ഫഹദ് അല്‍ അറാബി അല്‍ ഹാര്‍ത്ഥി പറഞ്ഞു. പൊതു ശത്രുവിനെ തിരിച്ചറിഞ്ഞുകൊണ്ടല്ല ഈ കരാറിലെത്തിയതെന്നും പ്രതിരോധ രംഗത്ത് ഒരുമിച്ച് ശേഷി വര്‍ധിപ്പിക്കാനും സ്ഥിരതയും സുരക്ഷയും ഉറപ്പാക്കാനാണ് കരാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തില്‍ യു.എ.ഇയുടെ നിലപാടിനെതിരെ സൗദിയില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ യൂസര്‍മാരുടെ പ്രതികരണങ്ങളും വരുന്നതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രഈലുമായി ബന്ധം സ്ഥാപിക്കുന്നതിന് മുമ്പ് യു.എ.ഇ ആ കാര്യം മറ്റ് ഗള്‍ഫ് രാജ്യങ്ങളെ അറിയിച്ചിരുന്നോ എന്നാണ് സൗദിയിലുള്ള സോഷ്യല്‍ മീഡിയ യൂസര്‍മാര്‍ ചോദിക്കുന്ന ചോദ്യങ്ങളിലൊന്ന്. ഇസ്രഈലുമായുള്ള ബന്ധം സാധാരണ വത്കരിക്കുന്നതിനുള്ള അബ്രഹാം ഉടമ്പടിയില്‍ ഒപ്പുവച്ച സൗദി നടപടിയെക്കുറിച്ചാണ് സൗദിയിലെ സോഷ്യല്‍ മീഡിയ യൂസര്‍മാര്‍ ഈ ചോദ്യം ചോദിക്കുന്നത്. 2020ലായിരുന്നു യു.എ.ഇ അബ്രഹാം ഉടമ്പടിയില്‍ ഒപ്പുവച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സൗദിയും തുര്‍ക്കിയും പാകിസ്ഥാനും പ്രതിരോധ സഹകരണത്തിനായുള്ള സഖ്യത്തിലെത്തിയത്. സൗദി കീരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തുര്‍ക്കി പ്രസിഡന്റ് റെസെപ് തയിപ് എര്‍ദോഗനും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമാണ് കരാറില്‍ ഒപ്പുവെച്ചത്. മൂന്ന് രാജ്യങ്ങളില്‍ ആര്‍ക്കെങ്കിലും എതിരെ ആക്രമണമുണ്ടായാല്‍ അത് മൂന്ന് രാജ്യങ്ങള്‍ക്കും എതിരായ ആക്രമണമായി കണക്കാക്കും എന്ന് കരാറില്‍ പറയുന്നു.
‘എല്ലാത്തരം ആക്രമണങ്ങള്‍ക്കുമെതിരെ കൂട്ടായ പ്രതിരോധം ശക്തിപ്പെടുത്തുക എന്നതാണ് കരാര്‍ ലക്ഷ്യമിടുന്നത്. കൂടാതെ മൂന്ന് രാജ്യങ്ങളില്‍ ഏതെങ്കിലും ഒന്നിനെതിരെ നടത്തുന്ന സായുധ ആക്രമണം അവയ്‌ക്കെല്ലാം എതിരായ ആക്രമണമായി കണക്കാക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു,’ കരാര്‍ സംബന്ധിച്ച സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
അടുത്തിടെ 13 രാജ്യങ്ങളുമായി ചേര്‍ന്ന് സൗദി നാവിക പ്രതിരോധ സഖ്യം രൂപീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ത്രിരാഷ്ട്ര പ്രതിരോധ സഖ്യത്തിനായി കരാറിലെത്തിയത്.
അറബ് ലോകത്തെ ഏക ജി20 രാജ്യമാണ് സൗദി. സൗദിയുമായി പ്രതിരോധ സഖ്യത്തിലെത്തുന്ന തുര്‍ക്കി നാറ്റോ അംഗരാജ്യവും പാകിസ്ഥാന് ആണവ ആയുധ ശേഖരമുള്ള രാജ്യവുമാണ്. തുര്‍ക്കിയും പാകിസ്ഥാനും ആയുധ നിര്‍മാണത്തിലും കയറ്റുമതിയിലും മുന്നേറ്റം രേഖപ്പെടുത്തുകയും ചെയ്യുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ മാസം അവസാനമായിരുന്നു സൗദി 13 രാജ്യങ്ങളുമായി നാവിക പ്രതിരോധ സഖ്യത്തിലെത്തിയത്. തുര്‍ക്കി, കുവൈറ്റ്, ബഹ്‌റൈന്‍, ഖത്തര്‍, ജോര്‍ദാന്‍, ഈജിപ്ത്, പാകിസ്ഥാന്‍, ജിബൂട്ടി, സൊമാലിയ, ബംഗ്ലാദേശ്, യെമന്‍, സുഡാന്‍, കൊമോറോസ് എന്നീ രാജ്യങ്ങള്‍ സൗദിക്കൊപ്പമായിരുന്നു സൗദി നാവിക സഖ്യം രൂപീകരിച്ചത്. ചെങ്കടലിലെ ബാബ് അല്‍ മന്ദെബിലെ കപ്പല്‍ ഗതാഗതത്തിന് യമനിലെ ഹൂത്തികള്‍ ഫീസ് ചുമത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയായിരുന്നു അന്ന് സൗദി നാവിക സഖ്യ രൂപീകരണം.
Content Highlight: Saudi defence pact with Turkey and Pakistan sparks UAE backlash
റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.