ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം നേടിയതിന് പിന്നാലെ പ്രതികരണവുമായി സാരാന്‍ഷ് ജെയിന്‍. ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കാന്‍ ഐ.പി.എല്‍ മാത്രമല്ല മാനദണ്ഡം എന്ന് സാരാന്‍ഷ് പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റില്‍ വര്‍ഷങ്ങളായി നടത്തിയ കഠിനാധ്വാനത്തിന്റെയും സ്ഥിരതയാര്‍ന്ന പ്രകടനങ്ങളുടെയും ഫലമായാണ് തനിക്ക് ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ അവസരം ലഭിച്ചതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എന്റെ തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നത് ഇന്ത്യയ്ക്കായി കളിക്കാന്‍ ഐ.പി.എല്‍ മാത്രമല്ല മാനദണ്ഡമെന്നതാണ്. ആഭ്യന്തര ക്രിക്കറ്റില്‍ വര്‍ഷങ്ങളായി നടത്തിയ കഠിനാധ്വാനത്തിന്റെയും സ്ഥിരതയാര്‍ന്ന പ്രകടനങ്ങളുടെയും ഫലമായാണ് എനിക്ക് ഈ അവസരം ലഭിച്ചത്. എന്നില്‍ വിശ്വാസം അര്‍പ്പിച്ച് ഈ അവസരം നല്‍കിയ സെലക്ടര്‍മാര്‍ക്ക് ഞാന്‍ ഹൃദയത്തില്‍ നിന്ന് നന്ദി അറിയിക്കുന്നു.
ക്ഷേത്രത്തില്‍ നിന്ന് മടങ്ങിയെത്തിയ ഉടന്‍ തന്നെ എന്റെ ഫോണില്‍ സന്ദേശങ്ങളുടെയും മിസ്ഡ് കോളുകളുടെയും പ്രവാഹമായിരുന്നു. അപ്പോഴാണ് ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടതായി അറിയാന്‍ കഴിഞ്ഞത്,’ സാരാന്‍ഷ് ജെയിന്‍ ദി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ശ്രീലങ്കയ്ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ് അടുത്തിടെയാണ് പുറത്തുവിട്ടത്. ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള 15 അംഗ സ്‌ക്വാഡില്‍ പുതുമുഖമായ സാരാന്‍ഷ് ജെയിനും ഇടം നേടിയിട്ടുണ്ട്.
ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കാനൊരുങ്ങിയിരിക്കുന്ന താരം ഓഫ് സ്പിന്നിങ് ഓള്‍റൗണ്ടറാണ്. ആഭ്യന്തര ക്രിക്കറ്റില്‍ മധ്യപ്രദേശിനായും ഇന്ത്യ എ ടീമിനായും പുറത്തെടുത്ത സ്ഥിരതയാര്‍ന്ന പ്രകടനമാണ് 33കാരനായ താരത്തിന് ദേശീയ ടീമിലേക്കുള്ള വാതില്‍ തുറന്നത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ 54 മത്സരത്തിലെ 85 ഇന്നിങ്‌സില്‍ നിന്ന് 2223 റണ്‍സാണ് സാരാന്‍ഷ് നേടിയത്. രണ്ട് സെഞ്ച്വറികളും 14 അര്‍ധ സെഞ്ച്വറികളും ഫോര്‍മാറ്റില്‍ താരം നേടി. ബൗളിങ്ങില്‍ 97 ഇന്നിങ്‌സില്‍ നിന്ന് 188 വിക്കറ്റുകളും 6/75 എന്ന മികച്ച പ്രകടനവും ജെയിന്‍ സ്വന്തമാക്കി. 10 ഫോര്‍ഫറും 10 ഫൈഫറുമാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ താരത്തിന്റെ അക്കൗണ്ടിലുള്ളത്. ലിസ്റ്റ് എയില്‍ 47 മത്സരത്തിലെ 37 ഇന്നിങ്‌സില്‍ 553 റണ്‍സും 38 വിക്കറ്റും 33കാരം അക്കൗണ്ടിലാക്കിയിട്ടുണ്ട്.
അതേസമയം ശ്രീലങ്കയ്‌ക്കെതിരായ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 ഗല്ലെയിലാണ് നടക്കുക. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും.