ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി മികച്ച സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച നിര്‍മാതാവാണ് സന്തോഷ് ടി. കുരുവിള. നിരവധി സിനിമകളില്‍ സഹനിര്‍മാതാവായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ന്നാ താന്‍ കേസ് കൊട്, നീരാളി, ഗ്യാങ്സ്റ്റര്‍, മായാനദി, ബള്‍ട്ടി, പെണ്ണും പൊറാട്ടും തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവ് സന്തോഷായിരുന്നു.

സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാളിനെക്കുറിച്ച് സംസാരിക്കുകയാണ് സന്തോഷ് ടി. കുരുവിള. സെറ്റില്‍ തനിക്ക് കീഴിലുള്ളവരെ ചീത്തവിളിക്കാറുണ്ടെന്ന് രതീഷ് പൊതുവാള്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതിനെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെക്കുകയായിരുന്നു സന്തോഷ് ടി. കുരുവിള. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സന്തോഷ് ടി. കുരുവിള Photo: Screen grab/ Movie World Media

സെറ്റില്‍ ചീത്തവിളിക്കുന്നത് ശരിയായ നടപടിയായി തനിക്ക് തോന്നുന്നില്ലെന്ന് സന്തോഷ് കുരുവിള പറഞ്ഞു. ആരെങ്കിലും രതീഷിനെ പറഞ്ഞ് മനസിലാക്കണമെന്നും ചീത്ത വിളിക്കുമ്പോള്‍ അയാളോട് ദേഷ്യം മാത്രമേ തോന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചീത്തവിളിച്ചാല്‍ മാത്രമേ എല്ലാവരും പണിയെടുക്കുകയുള്ളൂ എന്ന കാര്യം രതീഷ് എവിടെ നിന്നാണ് പഠിച്ചതെന്ന് തനിക്കറിയില്ലെന്നും സന്തോഷ് ടി. കുരുവിള പറയുന്നു.

‘അസിസ്റ്റന്റ്‌സിനെ ചീത്തവിളിക്കാറുണ്ട് എന്ന കാര്യം ഒരു അഭിമുഖത്തില്‍ വന്ന് പറഞ്ഞതോടെ അദ്ദേഹത്തിന്റെ പതനത്തിന് തുടക്കമായെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ചീത്തവിളി എന്ന് പറയുന്നത് ഒരിടത്തും ശരിയായ കാര്യമില്ല. ‘നിനക്ക് ചെയ്താല്‍ എന്താ’ എന്നൊക്കെ ചോദിക്കുന്നതല്ല ചീത്തവിളി. അയാള്‍ അതിനും മുകളിലുള്ള കാര്യമാണ് വിളിക്കുന്നത്.

എന്റെ സെറ്റില്‍ വെച്ചാണ് അയാള്‍ അസിസ്റ്റന്റ്‌സിനെ ചീത്തവിളിക്കുന്നതെങ്കില്‍ ഇനി ആ സിനിമ സംവിധാനം ചെയ്യണ്ട എന്ന് പറഞ്ഞിട്ട് അയാളെ ഇറക്കിവിടും. കാരണം, നമ്മള്‍ ഒരാളെ ചീത്ത വിളിച്ചുകൊണ്ട് പണിയെടുപ്പിക്കുമ്പോള്‍ അയാള്‍ക്ക് നമ്മളെ ശത്രുവായിട്ടേ തോന്നുള്ളൂ. എന്റെ അച്ഛന്‍ എന്നെ എപ്പോഴും ചീത്തവിളിച്ചുകൊണ്ടിരുന്നാല്‍ ഞാന്‍ പുള്ളിയെ ശത്രുവായി കാണും. രതീഷിന്റെ കാര്യത്തിലും ഇത് തന്നെയാണ് അഭിപ്രായം,’ സന്തോഷ് ടി. കുരുവിള പറഞ്ഞു.

രതീഷ് പൊതുവാള്‍ സംവിധാനം ചെയ്ത ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ന്നാ താന്‍ കേസ് കൊട് എന്നീ ചിത്രങ്ങളുടെ നിര്‍മാതാവ് സന്തോഷ് കുരുവിളയായിരുന്നു. രതീഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഒരു ദുരൂഹ സാഹചര്യത്തിലിനെക്കുറിച്ചും നിരവധി വിവാദങ്ങള്‍ ഉയരുന്നുണ്ട്. ചിത്രത്തിന്റേതായി പുറത്തുവിട്ട പോസ്റ്ററുകളില്‍ സംവിധായകന്റെ പേരില്ലാത്തത് പലരും ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: Santhos T Kuruvila reacts to Ratheesh Balakrishna Poduval’s behavior on sets

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ