ലോക ചരിത്രത്തില്‍ ഇടം നേടിയ ഒരേയൊരു താരമാണ് സഞ്ജു; അവന്‍ തിരിച്ചുവരും
Cricket
ലോക ചരിത്രത്തില്‍ ഇടം നേടിയ ഒരേയൊരു താരമാണ് സഞ്ജു; അവന്‍ തിരിച്ചുവരും
ശ്രീരാഗ് പാറക്കല്‍
Tuesday, 3rd February 2026, 7:51 pm

ടി-20 ലോകകപ്പിന് മുന്നോടിയായി ന്യൂസിലാന്‍ഡിനെതിരെ നടന്ന നിര്‍ണായക പരമ്പരയില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ലായിരുന്നു. ഗില്ലിന് ശേഷം ടീമിലെ ഓപ്പണിങ് പൊസിഷന്‍ തിരികെ ലഭിച്ചിട്ടും പരമ്പരയിലെ അഞ്ച് മത്സരങ്ങളില്‍ നിന്ന് 46 റണ്‍സാണ് സഞ്ജുവിന് നേടാന്‍ സാധിച്ചത്.

റണ്‍സ് കണ്ടെത്താന്‍ പരാജയപ്പെട്ടതോടെ വലിയ വിമര്‍ശനമാണ് സഞ്ജുവിന് നേരെ ഉയരുന്നത്. താരത്തിന് ലോകകപ്പ് പ്ലെയിങ് ഇലവനില്‍ സ്ഥാനമുണ്ടാകില്ലെന്നും ഓപ്പണറായും വിക്കറ്റ് കീപ്പറായും ഇഷാന്‍ കിഷന്‍ കളിക്കുമെന്നാണ് ക്രിക്കറ്റ് അനലിസ്റ്റുകള്‍ നിരീക്ഷിക്കുന്നത്. നീണ്ട രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ സഞ്ജു പരമ്പയിലെ നാല് ഇന്നിങ്സുകളില്‍ നിന്ന് 53.75 ശരാശരിയിലും 231+ സ്‌ട്രൈക്ക് റേറ്റിലും 215 റണ്‍സ് നേടി. ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെയായിരുന്നു താരത്തിന്റെ പ്രകടനം.

സഞ്ജു സാംസണ്‍- Photo: Sports Yaari

എന്നാല്‍ കിഷന്‍ തിരിച്ചുവന്നെങ്കില്‍ സഞ്ജു ഉറപ്പായും തിരിച്ചുവരുമെന്നാണ് ആരാധകരും ക്രിക്കറ്റ് പ്രേമികളും പറയുന്നത്. കാരണം എത്രയോ അവഗണിക്കപ്പെട്ട ഇടത്ത് നിന്നാണ് സഞ്ജു ഇന്ത്യന്‍ ക്രിക്കറ്റില്‍ തന്റെ സ്ഥാനമുറപ്പിച്ചത്. അതുകൊണ്ട് തന്നെ ‘വിയര്‍പ്പ് തുന്നിയിട്ട കുപ്പായം’ (ഇന്ത്യന്‍ ജേഴ്‌സി) സഞ്ജുവിന് ഊരിവെക്കാന്‍ സാധിക്കില്ല.

തന്റെ കഴിവ്‌കൊണ്ടും അഗ്രസീവ് ബാറ്റിങ് കൊണ്ടും ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച സഞ്ജുവിന് തന്റെ റേഞ്ച് എന്താണെന്ന് വിമര്‍ശകരെ ബോധ്യപ്പെടുത്താന്‍ ഒരു ചരിത്ര റെക്കോഡിന്റെ കണക്കുകള്‍ മാത്രം മതി.
ലോക ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു കലണ്ടര്‍ ഇയറില്‍ മൂന്ന് ടി-20 സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡ് മലയാളികളുടെ അഭിമാനമായ സഞ്ജുവിനല്ലാതെ മറ്റാര്‍ക്കുമില്ല.

സഞ്ജു സാംസണ്‍- Photo: BCCI

2024ല്‍ സൗത്ത് ആഫ്രിക്കയ്ക്കെതിരായ സെഞ്ച്വറിയും ബംഗ്ലാദേശിനെതിരായ ബാക് ടു ബാക് സെഞ്ച്വറിയും ലോകം ചര്‍ച്ച ചെയ്തതാണ്. ഇതിനെല്ലാം പുറമെ ഒട്ടനവധി റെക്കോഡുകള്‍ സഞ്ജു തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.

എന്നിരുന്നാലും ലോകകപ്പ് മുന്നിലുള്ളപ്പോള്‍ സഞ്ജുവിന്റെ ഫോം മങ്ങിയത് ആരാധകരിലും ഏറെ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നിരുന്നാലും സഞ്ജു പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അതിനായി സഞ്ജുവിനുള്ള അവസാനത്തെ കച്ചിത്തുരുമ്പ് ടി-20 ലോകകപ്പിന് മുന്നോടിയായി സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ വാം അപ് മാച്ചാണ്.

സഞ്ജു സാംസണ്‍- Photo: BCCI

മത്സരത്തില്‍ സഞ്ജുവിന് ഓപ്പണിങ് ലഭിച്ചാല്‍ സെലക്ടര്‍മാരുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം തന്നെ താരത്തിന് നടത്തേണ്ടി വരും. അതിന് സഞ്ജുവിന് സാധിക്കുമെന്നാണ് ഏവരും വിശ്വസിക്കുന്നത്. കാരണം സഞ്ജുവിന്റെ അക്കൗണ്ടിലുള്ള മൂന്ന് ടി-20 സെഞ്ചറിയില്‍ രണ്ടെണ്ണവും താരം സ്വന്തമാക്കിയത് സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയാണ് എന്നതാണ്.

അതേസമയം ഫെബ്രുവരി ഏഴിന് നടക്കുന്ന ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ യു.എസ്.എയെ നേരിടുമ്പോള്‍ സഞ്ജുവാണോ ഇഷാന്‍ കിഷനാണോ പ്ലെയിങ് ഇലവനില്‍ ഇടം നേടുതയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Content Highlight: Sanju Samson will return to the Indian cricket team with Great performance

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ