2024 ഐ.പി.എല്‍ അവസാനഘട്ടത്തോടടുത്തുകൊണ്ടിരിക്കുകയാണ്. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ നേതൃത്വത്തില്‍ അവിസ്മരണീയമായ മുന്നേറ്റമാണ് രാജസ്ഥാൻ റോയൽസ് നടത്തുന്നത്. നിലവില്‍ പത്ത് മത്സരങ്ങളില്‍ നിന്ന് എട്ട് വിജയത്തോടെ 16 പോയിന്റുമായി പ്ലേയ് ഓഫിലേക്ക് മുന്നേറിയിരിക്കുകയാണ് സഞ്ജുവും കൂട്ടരും.

മെയ് ഏഴിന് ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിനു മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ് പരിശീലനം നടത്തുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

പരിശീലനത്തില്‍ ഫുട്‌ബോള്‍ കളിക്കുന്ന സഞ്ജുവിനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. പരിശീലനത്തിനിടെ സഞ്ജുവിന് ലഭിച്ച പന്ത് ഒരു ബുള്ളറ്റ് ഷോട്ടിലൂടെ മുന്നിലുള്ള പോസ്റ്റിലേക്ക് അടിച്ചു കയറ്റുന്നതാണ് വീഡിയോയില്‍ ഉള്ളത്. സഞ്ജുവിന്റെ ഷോട്ട് കൃത്യമായി വലയില്‍ എത്തുകയും ഗോള്‍ പോസ്റ്റ് മറിഞ്ഞു വീഴുകയുമായിരുന്നു.

ഗോള്‍ നേടിയതിനുശേഷം ഉള്ള സഞ്ജുവിന്റെ സെലിബ്രേഷനും ഏറെ ശ്രദ്ധയമാണ്. ക്യാപ്റ്റന്‍ ഗോള്‍ നേടിയതിനു പിന്നാലെ സഹതാരങ്ങളും സഞ്ജുവിനെ അഭിനന്ദിക്കുന്നതാണ് വീഡിയോയില്‍ പിന്നീട് നിറഞ്ഞു നില്‍ക്കുന്നത്. പ്രമുഖ കമന്റ്‌ററായ ഷൈജു ദാമോദരന്റെ പ്രസിദ്ധമായ കമന്റും ഉള്‍പ്പെടുത്തിയാണ് രാജസ്ഥാന്‍ റോയല്‍സ് ഈ വീഡിയോ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.