അത്ഭുതം തോന്നി, ഗ്രൗണ്ടിലേക്ക് ഇറങ്ങിയപ്പോള്‍ ജാസി ഗിഫ്റ്റിന്റെ പാട്ട്; ആരാധക പിന്തുണയെക്കുറിച്ച് സഞ്ജു
Cricket
അത്ഭുതം തോന്നി, ഗ്രൗണ്ടിലേക്ക് ഇറങ്ങിയപ്പോള്‍ ജാസി ഗിഫ്റ്റിന്റെ പാട്ട്; ആരാധക പിന്തുണയെക്കുറിച്ച് സഞ്ജു
ശ്രീരാഗ് പാറക്കല്‍
Sunday, 15th March 2026, 10:04 pm

ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍മാരായ സഞ്ജു സാംസണും അഭിഷേക് ശര്‍മയും ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ പങ്കെടുത്തിരുന്നു. പരിപാടിയില്‍ അവതാരകന്‍ സഞ്ജുവിന്റെ ആരാധക പിന്തുണയെക്കുറിച്ച് ചോദിച്ചപ്പോഴുള്ള സഞ്ജുവിന്റെ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ആരാധകരുടെ പിന്തുണയില്‍ തനിക്ക് അത്ഭുതം തോന്നിയെന്ന് സഞ്ജു പറഞ്ഞു. കേരളത്തിലും ദുബായിലും എനിക്ക് കുറച്ച് ആരാധകരുണ്ടെന്നും എന്നാല്‍ ന്യൂസിലന്‍ഡിലും വെസ്റ്റ് ഇന്‍ഡീസിലും ഇത് അനുഭവപ്പെട്ടത് ഒരു ഞെട്ടല്‍ പോലെയായിരുന്നുവെന്ന് സഞ്ജു പറഞ്ഞു. താന്‍ ഗ്രൗണ്ടിലേക്ക് പോകുമ്പോള്‍ ഡി.ജെ ജാസി ഗിഫ്റ്റിന്റെ പാട്ട് ഇട്ടത് അമ്പരപ്പായിരുന്നു എന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

‘എനിക്കും അല്‍പ്പം അത്ഭുതം തോന്നി. തീര്‍ച്ചയായും കേരളത്തിലും ദുബായിലും എനിക്ക് കുറച്ച് ആരാധകരുണ്ട്. പക്ഷേ ന്യൂസിലന്‍ഡിലും വെസ്റ്റ് ഇന്‍ഡീസിലും ഇത് അനുഭവപ്പെട്ടത് ഒരു ഞെട്ടല്‍ പോലെയായിരുന്നു. ഒരു ഏകദിന മത്സരം കളിക്കുമ്പോള്‍ ഞാന്‍ ബാറ്റ് ചെയ്യാന്‍ ഗ്രൗണ്ടിലേക്ക് നടക്കുകയായിരുന്നു.

ഡി.ജെ അവരുടെ പ്രാദേശിക ഗാനങ്ങളും ഇംഗ്ലീഷ് ഗാനങ്ങളും ധാരാളം പ്ലേ ചെയ്യുന്നുണ്ട്, പക്ഷേ പെട്ടന്ന് പാട്ടുകള്‍ മാറി, സ്റ്റേഡിയത്തില്‍ ഒരു മലയാളം ഗാനം ആരംഭിച്ചു. നമ്മുടെ പ്രശസ്ത ഗായകന്‍ ജാസി ഗിഫ്റ്റിന്റെ ഗാനങ്ങള്‍ വെസ്റ്റ് ഇന്‍ഡീസില്‍ പ്ലേ ചെയ്യുകയായിരുന്നു. എനിക്ക് ലഭിക്കുന്ന സ്‌നേഹത്തിന്റെയും പിന്തുണയുടെയും അളവാണിത്,’ സഞ്ജു പറഞ്ഞു.

അതേസമയം ടി-20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസനാണ്. 46 പന്തില്‍ നിന്ന് എട്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 89 റണ്‍സായിരുന്നു സഞ്ജു അടിച്ചെടുത്തത്. 193.47 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്.

സെമിയടക്കമുള്ള നിര്‍ണായക മത്സരങ്ങളില്‍ തുടര്‍ച്ചയായ മൂന്നാം ഫിഫ്റ്റിയാണ് സഞ്ജു നേടുന്നത്. ഇതോടെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് നേടാനും സഞ്ജുവിന് സാധിച്ചു.

ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം മാത്രം കളിച്ച സഞ്ജു പിന്നീട് അവസരം ലഭിച്ചപ്പോള്‍ വമ്പന്‍ പ്രകടനങ്ങളാണ് പുറത്തെടുത്തത്. വെറും അഞ്ച് ഇന്നിങ്സില്‍ നിന്ന് 321 റണ്‍സാണ് താരം നിന്ന് അടിച്ചെടുത്തത്. 199.37 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റിലാണ് ടൂര്‍ണമെന്റില്‍ താരം ബാറ്റ് വീശിയത്. സൂപ്പര്‍ 8ല്‍ വിന്‍ഡീസിനെതിരായ ഡു ഓര്‍ ഡൈ മത്സരത്തില്‍ 97* റണ്‍സ് നേടിയ സഞ്ജു സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 89 റണ്‍സും നേടിയിരുന്നു.

Content Highlight: Sanju Samson Talking About His Fan Around The World

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ