ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടാനാവാതെ പോയ നിരവധി താരങ്ങളുണ്ട്. സഞ്ജു സാംസണാണ് അക്കൂട്ടത്തിലെ പ്രധാനി.

സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയ പരമ്പരയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുല്‍ പരിക്കേറ്റ് പുറത്തായിട്ടും ടീം പകരക്കാരെ പ്രഖ്യാപിക്കാത്തതിലടക്കം ആരാധകര്‍ ഏറെ നിരാശരാണ്.

ഇപ്പോള്‍ നടക്കുന്ന ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിന് ശേഷം ഇന്ത്യയുടെ അയര്‍ലാന്‍ഡ് പര്യടനവും വരുന്നുണ്ട്. സീനിയര്‍ താരങ്ങള്‍ ആ സമയം ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയുടെ തിരക്കിലായിരിക്കും.

ഇരുപരമ്പരകളും തമ്മില്‍ ക്ലാഷ് വരുന്നതിനാല്‍ ബി ടീമിനെയാവും ബി.സി.സി.ഐ അയര്‍ലാന്‍ഡ് പര്യടനത്തിനായി അയയ്ക്കുക. ഈ ടീമില്‍ സഞ്ജു ഇടം നേടുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ഇപ്പോഴിതാ, താരം പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകര്‍ക്ക് പ്രതീക്ഷയേറ്റുന്നത്. ഫിറ്റ്‌നെസ് നിലിര്‍ത്തുന്നതിനായുള്ള എക്‌സര്‍സൈസ് ചെയ്യുന്നതും ബാറ്റിംഗ് പരിശീലിക്കുന്നതുമായ പോസ്റ്റുകളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

രണ്ടു ദിവസം മുന്‍പ് താരത്തിന്റെ എക്‌സര്‍സൈസ് വീഡിയോ വന്നതുമുതല്‍ എക്‌സൈറ്റഡായ ആരാധകര്‍ ഇന്ന് പങ്കുവെച്ച പ്രാക്ടീസ് സെഷന്റെ ചിത്രങ്ങള്‍ കൂടി ആയതോടെ ആവേശത്തിന്റെ പരകോടിയിലാണ്.