ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി-20 പരമ്പരയിലെ നാലാം മത്സരം ഇന്നാണ് നടക്കുന്നത്. നിലവിൽ പരമ്പരയിലെ ആദ്യ മൂന്ന് മത്സരം അവസാനിച്ചപ്പോൾ ഇന്ത്യ 2-1ന് മുമ്പിലാണ്. ഹൈദരാബാദിൽ നടക്കുന്ന നാലാം മത്സരം വിജയിക്കാൻ സാധിച്ചാൽ ശ്രേയസ് അയ്യർക്കും സംഘത്തിനും പരമ്പര വിജയം ഉറപ്പാക്കാൻ സാധിക്കും. മറുഭാഗത്ത് പരമ്പര കൈവിടാതിരിക്കാൻ വിൻഡീസിനും വിജയം അനിവാര്യമാണ്.

മത്സരത്തിൽ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നത് സൂപ്പർ താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിന് വേണ്ടിയാണ്. മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്താൽ ഒരു ചരിത്രനേട്ടവും സഞ്ജുവിന് സ്വന്തമാക്കാൻ സാധിക്കും. ആറ് സിക്സുകൾ കൂടി നേടിയാൽ ഇന്ത്യയ്ക്ക് വേണ്ടി 100 സിക്‌സർ പൂർത്തിയാക്കാൻ മലയാളി താരത്തിന് സാധിക്കും.

ഇതോടെ ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ ഇന്ത്യൻ താരമായും സഞ്ജു മാറും. രോഹിത് ശർമ, സൂര്യകുമാർ യാദവ്, വിരാട് കോഹ്‌ലി, ഹർദിക് പാണ്ഡ്യ, ആഭിഷേക് ശർമ എന്നിവരാണ് സിക്സറിൽ ഇന്ത്യയ്ക്ക് വേണ്ടി സെഞ്ച്വറി നേടിയിട്ടുള്ളത്.

പരമ്പരയിലെ ആദ്യ മത്സരത്തിൽ 11 റൺസിനായിരുന്നു സഞ്ജു മടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ 41 പന്തിൽ 82 റൺസ് നേടി വമ്പൻ തിരിച്ചുവരവ് നടത്തിയ സഞ്ജുവിന് മൂന്നാം മത്സരത്തിൽ മൂന്ന് റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. എന്നിരുന്നാലും നിർണായകമായ നാലാം മത്സരത്തിൽ സഞ്ജു മിന്നും പ്രകടനം നടത്തുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.

വിൻഡീസ് പരമ്പരയ്ക്ക് മുമ്പ് നടന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലും സഞ്ജു മിന്നും പ്രകടനമായിരുന്നു നടത്തിയത്. രണ്ട് അർധ സെഞ്ച്വറി നേടിയാണ് സഞ്ജു തിളങ്ങിയത്. പരമ്പരയിലെ രണ്ടാം മത്സരത്തിൽ 22 പന്തിൽ നാല് സിക്‌സും ഏഴ് ഫോറും ഉൾപ്പെടെ 57 റൺസ് നേടിയാണ് സഞ്ജു വമ്പൻ തിരിച്ചുവരവ് നടത്തിയത്. അവസാന മത്സരത്തിൽ രണ്ട് ഫോറും നാല് സിക്സറും അടക്കം 35 പന്തിൽ 50 റൺസാണ് സഞ്ജു നേടിയത്.

അതേസമയം വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ 14 റൺസിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയർത്തിയ 224 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ വിൻഡീസിന് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.

 

Content Highlight: Sanju Samson need two six to set a new milestone in T2OI