ഏഥന്‍സ്: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് ദല്‍ഹിയില്‍ നടന്ന പ്രതിഷേധങ്ങള്‍ക്ക് നേര്‍ക്കുണ്ടായ പൊലീസ് അതിക്രമങ്ങളെ അപലപിച്ച് തുര്‍ക്യേയിലെയും ഗ്രീസിലെയും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍. നേരത്തെ ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും പൊലീസ് അതിക്രമങ്ങളെ അപലപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ തുര്‍ക്കി, ഗ്രീസ് രാജ്യങ്ങളിലെ പാര്‍ട്ടികളുടെ പ്രതികരണം.

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍, ജനങ്ങള്‍, യുവാക്കള്‍ എന്നിവര്‍ക്കെതിരായ അതിക്രമങ്ങള്‍ പൊലീസ് അവസാനിപ്പിക്കണമെന്ന് ഗ്രീക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതികരിച്ചു. കസ്റ്റഡിയിലായ എല്ലാവരെയും ഉടന്‍ വിട്ടയക്കണമെന്നും ഗ്രീക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയുടെ ഇന്റര്‍നാഷനല്‍ വിഭാഗം എക്‌സ് പോസ്റ്റില്‍ കുറിച്ചു.

സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി, ഇന്ത്യയിലെ മറ്റ് കമ്മ്യൂണിസ്റ്റ് നേതാക്കള്‍, പ്രതിഷേധക്കാര്‍ എന്നിവര്‍ക്കെതിരായ പൊലീസ് അടിച്ചമര്‍ത്തലിനും അവരെ അക്രമാസക്തമായി തടങ്കലില്‍ വെച്ചതിനും നിങ്ങളുടെ സര്‍ക്കാരാണ് നേരിട്ട് രാഷ്ട്രീയ ഉത്തരവാദിത്തം വഹിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തുകൊണ്ടുള്ള എക്‌സ് പോസ്റ്റില്‍ തുര്‍ക്കി കമ്യൂണിസ്റ്റ് പാര്‍ട്ടി (ടി.കെ.പി) എക്‌സില്‍ പോസ്റ്റ് ചെയ്തു. ‘കമ്മ്യൂണിസ്റ്റുകളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക, കസ്റ്റഡിയിലെടുത്ത എല്ലാ കമ്മ്യൂണിസ്റ്റ് നേതാക്കളെയും പ്രതിഷേധക്കാരെയും ഉടന്‍ വിട്ടയക്കുക, ഈ രാഷ്ട്രീയ അടിച്ചമര്‍ത്തല്‍ അവസാനിപ്പിക്കുക,’ എന്നും ടി.കെ.പി എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

ഇന്ത്യയിലെ സി.പി.ഐ.എം നേതൃത്വത്തിനുള്ള ഒരു സന്ദേശവും ടി.കെ.പി എക്‌സില്‍ പങ്കുവെച്ചു. നിങ്ങളുടെ ജനറല്‍ സെക്രട്ടറി സഖാവ് എം.എ. ബേബി, മറ്റ് കമ്മ്യൂണിസ്റ്റ് നേതാക്കള്‍, പ്രതിഷേധക്കാര്‍ എന്നിവരെ ലക്ഷ്യമിട്ട് അടുത്തിടെയുണ്ടായ പൊലീസ് അടിച്ചമര്‍ത്തലിലും അക്രമാസക്തമായ കസ്റ്റഡിയിലെടുക്കലുകളിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റിന് തങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്ന് ടി.കെ.പി അവരുടെ സന്ദേശത്തില്‍ പറഞ്ഞു.

‘ആഗോളതലത്തില്‍ മുതലാളിത്തം നേരിടുന്ന രൂക്ഷമായ പ്രതിസന്ധിയും, ഒപ്പം മുതലാളിത്ത വര്‍ഗ്ഗത്തിന്റെയും അവരുടെ രാഷ്ട്രീയ പ്രതിനിധികളുടെയും വിശ്വാസ്യതയിലും സ്വാധീനശക്തിയിലുമുണ്ടായ ഇടിവും, തൊഴിലാളിവര്‍ഗത്തിനും കമ്മ്യൂണിസ്റ്റുകള്‍ക്കുമെതിരായ ആക്രമണങ്ങള്‍ ശക്തമാക്കാന്‍ അവരെ പ്രേരിപ്പിക്കുന്നു; ഇന്ത്യയിലെ പിന്തിരിപ്പന്‍ ബി.ജെ.പി സര്‍ക്കാര്‍ ഇതിനൊരു ഉദാഹരണമാണ്,’ എന്നും സന്ദേശത്തില്‍ പറയുന്നു.

‘വോട്ട് ചെയ്യാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമുള്ള അവകാശത്തിന് നേരെയുള്ള കടന്നുകയറ്റവും, ആ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരായ പൊലീസ് അതിക്രമങ്ങളും ഈ ആക്രമണോത്സുകതയുടെ മറ്റൊരു പ്രകടനമാണ്.

തെരഞ്ഞെടുപ്പ് അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിനുമായി നിങ്ങളുടെ പാര്‍ട്ടി നടത്തുന്ന ദൃഢനിശ്ചയത്തോടെയുള്ള പോരാട്ടത്തെ ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നു. ഈ ആക്രമണങ്ങളെ പരാജയപ്പെടുത്തുന്നതില്‍ നിങ്ങളുടെ ഉറച്ച ചെറുത്തുനില്‍പ്പ് വിജയിക്കുമെന്ന് ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്,’ ടി.കെ.പിയുടെ സന്ദേശത്തില്‍ പറയുന്നു.

ജനാധിപത്യത്തിനെതിരെ ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്ന നവ-ഫാസിസ്റ്റ് ആക്രമണങ്ങളെ അപലപിക്കുന്നതായി നേരത്തെ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രസ്താവനയിറക്കിയിരുന്നു. ഇന്ത്യയില്‍ ജനാധിപത്യം സംരക്ഷിക്കാനും തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത നിലനിര്‍ത്താനുമായി നടത്തുന്ന പോരാട്ടത്തില്‍ ക്രൂരമായ ഭരണകൂട അടിച്ചമര്‍ത്തല്‍ നേരിടുന്ന കമ്മ്യൂണിസ്റ്റുകള്‍ക്കും ഇടത് പാര്‍ട്ടികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നുവെന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

Content Highlight: Communist Parties of Turkey and Greece Condemn Police violence in Delhi