മലയാളത്തില്‍ നിന്നും ഈ വര്‍ഷം വിജയം സ്വന്തമാക്കിയ മറ്റൊരു ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായിരുന്നു പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍. ഷഹദ് സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ചിത്രം അമ്പത് കോടിയ്ക്കടുത്ത് കളക്ഷന്‍ സ്വന്തമാക്കുകയായിരുന്നു. പാര്‍വതി തിരുവോത്ത്, മാത്യു തോമസ് സിദ്ധാര്‍ത്ഥ് ഭരതന്‍, ഉണ്ണിമായ പ്രസാദ്, വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, വിനയ് ഫോര്‍ട്ട് തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയത്.
ഒരു പൊലീസ് സ്റ്റേഷനെയും അവിടെ നടക്കുന്ന കൊലപാതകത്തെയും ചുറ്റിപ്പറ്റി നടക്കുന്ന കഥയെ പശ്ചാത്തലമാക്കിയായിരുന്നു ചിത്രം ഒരുക്കിയത്. അര്‍ധരാത്രിയില്‍ സ്റ്റേഷനിലെത്തുന്ന അക്രമിയുമായി ഉണ്ടാകുന്ന മല്‍പിടുത്തതിനിടെ അബദ്ധത്തില്‍ വെടി പൊട്ടുന്നതും തുടര്‍ന്ന് ഇതില്‍ നിന്നും രക്ഷപ്പെടാന്‍ പൊലീസുകാര്‍ ചെയ്യുന്ന പ്രവര്‍ത്തികളെയും ചുറ്റിപ്പറ്റിയാണ് ചിത്രം പുരോഗമിക്കുന്നത്.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍. Photo: District
ചിത്രത്തില്‍ കൊല്ലപ്പെടുന്ന മോഷ്ടാവായ ജയപ്രകാശനായി വേഷമിട്ടത് സിറാജുദ്ദീന്‍ നാസറായിരുന്നു. വലിയൊരു ടെക്‌സ്റ്റൈല്‍ ഷോപ്പില്‍ മാനേജരായി വര്‍ക്ക് ചെയ്യുന്ന ജയപ്രകാശന്‍ തന്റെ ഐഡിന്റിറ്റി മറച്ചുവെച്ച് മറ്റൊരു വീട്ടില്‍ മോഷ്ടിക്കാന്‍ കയറുന്നതും ഇവിടെ നിന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് കഥയുടെ തുടക്കം. ഒരു ആര്‍മിക്കാരന്റെ വീട്ടില്‍ മോഷ്ടിക്കേണ്ടത്ര ഗതികേട് ജയപ്രകാശന് എന്താണെന്നാണ് ഇപ്പോള്‍ സിനിമാ ഗ്രൂപ്പുകളിലെ പ്രധാന ചര്‍ച്ച.
വലിയ വീടും സ്‌നേഹ സമ്പന്നയായ ഭാര്യയുമുള്ള ജയപ്രകാശന് രാത്രിയുടെ മറവില്‍ ഇത്രയും റിസ്‌കെടുത്ത് മോഷ്ടിക്കാന്‍ കയറേണ്ട ആവശ്യം എന്താണെന്ന് പ്രഥമ ദൃഷ്ട്യയില്‍ എവിടെയും പറയുന്നില്ല. മോഷണ ശ്രമത്തിനിടെ എതിരെ വരുന്നവരെ കൊല്ലാന്‍ പോലും മടിക്കാത്ത സൈക്കോയെ അല്പം കൂടെ പ്രേക്ഷകര്‍ക്ക് മനസിലാക്കി നല്‍കേണ്ടതായിരുന്നുവെന്നും പലരും അഭിപ്രായപ്പെടുന്നു. ഇത്തരത്തില്‍ വരുന്ന പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്റുകളും രസകരമാണ്.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍. Photo: Netflix
സിനിമയുടെ ആദ്യ ഭാഗത്ത് കാണിക്കുന്നത് പോലെ കസ്റ്റമേഴ്‌സിന് ഒരുപാട് ഡിസ്‌കൗണ്ട് കൊടുക്കുന്നത് ടാലി ആക്കാന്‍ വേണ്ടി സെയില്‍സ് ഗേളിനെയും കൊണ്ട് മോഷ്ടിക്കാന്‍ പോകുന്നതായിരിക്കുമെന്നാണ് ഒരു കമന്റ്. മോഷ്ടിച്ച് തിന്നില്ലെങ്കില്‍ ഇറങ്ങാത്തവനായിരിക്കുമെന്നും ശീലമായതായിരിക്കുമെന്നും കമന്റുകളുണ്ട്.
Content Highlight: Discussion about Pradhama Drishtya Kuttakkar movie
