ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സ് 19 റണ്‍സിന് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തിയിരുന്നു. ഇതോടെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫിലേക്ക് മുന്നേറുന്ന രണ്ടാമത്തെ ടീമായി മാറി. നിലവില്‍ 12 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ എട്ട് വിജയവും നാലു തോല്‍വിയും അടക്കം 16 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍.

സഞ്ജുവിന്റെയും കൂട്ടരുടെയും മുന്നില്‍ ഇനി രണ്ടു മത്സരങ്ങളാണ് ബാക്കി ഉള്ളത്. ഈ രണ്ടു മത്സരങ്ങളും വിജയിച്ചു കൊണ്ട് പോയിന്റ് പട്ടികയുടെ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാന്‍ ആയിരിക്കും രാജസ്ഥാന്‍ ലക്ഷ്യമിടുക.

ഇന്ന് നടക്കുന്ന ആവേശകരമായ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെയാണ് രാജസ്ഥാന്‍ നേരിടുക. ബര്‍സാ പര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിനെ കാത്തിരിക്കുന്നത് ഒരു അവിസ്മരണീയമായ നേട്ടമാണ്.

പഞ്ചാബിനെതിരെയുള്ള മത്സരം വിജയിക്കാന്‍ രാജസ്ഥാന് സാധിച്ചാല്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിച്ച ക്യാപ്റ്റന്‍ എന്ന ഓസീസ് ഇതിഹാസം താരം ഷൈന്‍ വോണിന്റെ നേട്ടത്തിനൊപ്പമെത്താന്‍ സഞ്ജുവിന് സാധിക്കും.

രാജസ്ഥാനെ 57 മത്സരങ്ങളില്‍ ക്യാപ്റ്റനായി നയിച്ച സഞ്ജു 30 വിജയങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്. 56 മത്സരങ്ങളില്‍ നിന്നും 31 വിജയങ്ങളാണ് ഷെയ്ന്‍ വോണ്‍ സ്വന്തമാക്കിയത്.

2021ലാണ് സഞ്ജു രാജസ്ഥാന്റെ നായക സ്ഥാനം ഏറ്റെടുക്കുന്നത്. 2022 രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലെത്തിക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. 2008ലെ ആദ്യ സീസണിന് ശേഷം രാജസ്ഥാനെ ഫൈനലിലേക്ക് കൈപിടിച്ചു കൊണ്ടുപോകാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ സഞ്ജുവും കൂട്ടരും പരാജയപ്പെടുകയായിരുന്നു.

 

എന്നാല്‍ ഈ സീസണില്‍ സഞ്ജുവിന്റെ കീഴില്‍ കിരീട പ്രതീക്ഷകളുമായാണ് രാജസ്ഥാന്‍ മുന്നേറുന്നത്. നില്‍ക്കുന്ന രണ്ടു മത്സരങ്ങളും വിജയിച്ചുകൊണ്ട് ഒന്നാം സ്ഥാനക്കാരായി തന്നെ രാജസ്ഥാന്‍ പ്ലേയ്‌ ഓഫിലേക്ക് മുന്നേറുമെന്നു തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

Content Highlight: Sanju Samson need one win for reach Shane Warne record