ചരിത്ര നേട്ടത്തിലേക്ക് പറന്നുയരാൻ സഞ്ജു; പുത്തൻ നേട്ടം കയ്യെത്തും ദൂരത്ത്
Cricket
ചരിത്ര നേട്ടത്തിലേക്ക് പറന്നുയരാൻ സഞ്ജു; പുത്തൻ നേട്ടം കയ്യെത്തും ദൂരത്ത്
Sudev A
Sunday, 17th May 2026, 6:58 am

ഐ.പി.എല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകളുമായി ചെന്നൈ സൂപ്പര്‍ കിങ്സ് മെയ് 18നാണ് തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദാണ് ചെന്നൈയുടെ എതിരാളികള്‍. നിലവില്‍ ചെന്നൈ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. 12 പോയിന്റുള്ള ചെന്നൈക്ക് ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിച്ചാല്‍ മാത്രമേ പ്ലേ ഓഫിലേക്ക് മുന്നേറാന്‍ സാധിക്കൂ.

വരാനിരിക്കുന്ന മത്സരങ്ങളില്‍ തിളങ്ങാന്‍ സഞ്ജുവിന് സാധിച്ചാല്‍ ടി-20യിലെ ഒരു തകര്‍പ്പന്‍ റെക്കോഡ് കൈപ്പിടിയിലാക്കാനുള്ള സുവര്‍ണാവസരവും സഞ്ജുവിനുണ്ട്. ടി-20യില്‍ 9000 റണ്‍സ് എന്ന നാഴികക്കല്ലിലേക്കാണ് സഞ്ജു കണ്ണുവെക്കുന്നത്.

ഈ മൈല്‍സ്റ്റോണ്‍ പിന്നിടാന്‍ സഞ്ജുവിന് 150 റണ്‍സ് മാത്രം മതി. ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാവാനും സഞ്ജുവിന് സാധിക്കും. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, സൂര്യകുമാര്‍ യാദവ് എന്നിവരാണ് ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍.

കുട്ടി ക്രിക്കറ്റില്‍ ഇതുവരെ 342 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ സഞ്ജു 8850 റണ്‍സാണ് നേടിയിട്ടുള്ളത്. എട്ട് സെഞ്ച്വറികളും 55 അര്‍ധ സെഞ്ച്വറികളുമാണ് മലയാളി താരം നേടിയിട്ടുള്ളത്. ദല്‍ഹി ഡെയര്‍ ഡെവിള്‍സ്, കേരളം, രാജസ്ഥാന്‍ റോയല്‍സ്, ഇന്ത്യ, ചെന്നൈ സൂപ്പര്‍ കിങ്സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് സഞ്ജു ടി-20യില്‍ കളത്തിലിറങ്ങിയിട്ടുള്ളത്.

ഈ സീസണില്‍ 12 മത്സരങ്ങളില്‍ നിന്നും 450 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്. സീസണില്‍ ഇതിനകം രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും സഞ്ജു സ്വന്തമാക്കിയിട്ടുണ്ട്. സഞ്ജുവിന്റെ ഈ സീസണിലെ ആദ്യ സെഞ്ച്വറി ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയായിരുന്നു. 56 പന്തില്‍ നാല് സിക്സും 15 ഫോറും ഉള്‍പ്പടെ 115* റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു തിളങ്ങിയത്. മുംബൈക്കെതിരെയാണ് സഞ്ജു രണ്ടാം സെഞ്ച്വറി അടിച്ചെടുത്തത്. മുംബൈക്കെതിരെ 54 പന്തില്‍ ആറ് സിക്സും 10 ഫോറും ഉള്‍പ്പെടെ 101 റണ്‍സാണ് സഞ്ജു നേടിയത്.

അതേസമയം ഐ.പി.എല്‍ പോയിന്റ് പട്ടികയില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 12 മത്സരങ്ങളില്‍ നിന്നും ഏഴ് വിജയവും അഞ്ച് തോല്‍വിയും അടക്കം 14 പോയിന്റാണ് പാറ്റ് കമ്മിന്‍സിന്റെയും സംഘത്തിന്റെയും അക്കൗണ്ടിലുള്ളത്.

Content Highlight: Sanju Samson need 150 runs to complete 9000 runs in t20

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.