34 എടുത്താലും 84 എടുത്താലും സഞ്ജുവിന് നേട്ടം; അയർലാൻഡ് കീഴടക്കാൻ ചേട്ടൻ
Cricket
34 എടുത്താലും 84 എടുത്താലും സഞ്ജുവിന് നേട്ടം; അയർലാൻഡ് കീഴടക്കാൻ ചേട്ടൻ
ഫസീഹ പി.സി.
Thursday, 25th June 2026, 8:47 am

ഇന്ത്യയും അയര്‍ലാന്‍ഡും തമ്മിലുള്ള ടി – 20 പരമ്പരക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഒരു ദിവസം മാത്രം. നാളെയാണ് (ജൂണ്‍ 26) പരമ്പരയിലെ ആദ്യ മത്സരം നടക്കുക. ജൂണ്‍ 28നാണ് രണ്ടാം ടി – 20 മത്സരം അരങ്ങേറുക.

ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ആദ്യമായി ഇറങ്ങുന്ന പരമ്പരയാണിത്. ഒപ്പം ടി – 20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് സ്വന്തമാക്കിയതിന് ശേഷം മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണ്‍ ആദ്യമായി ഇന്ത്യന്‍ ജേഴ്‌സിയില്‍ ഇറങ്ങുന്നുവെന്ന പ്രത്യേകതയുമുണ്ട്.

മാസങ്ങള്‍ക്ക് ശേഷം ഇന്ത്യക്കായി ടി – 20യില്‍ ഇറങ്ങുമ്പോള്‍ ഒരു സൂപ്പര്‍ നേട്ടവും സഞ്ജുവിനെ കാത്തിരിക്കുന്നുണ്ട്. അയര്‍ലാന്‍ഡിനെതിരെ ഏറ്റവും കൂടുതല്‍ ടി – 20 റണ്‍സ് നേടിയ ഇന്ത്യന്‍ താരം എന്ന നേട്ടമാണ് വിക്കറ്റ് കീപ്പര്‍ക്ക് സ്വന്തമാക്കാനുള്ള അവസരമുള്ളത്.

നിലവില്‍ അയര്‍ലാന്‍ഡിനെതിരെ ടി – 20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരില്‍ സഞ്ജു മൂന്നാം സ്ഥാനത്താണ്. മൂന്ന് ഇന്നിങ്സില്‍ കളിച്ച മലയാളി ബാറ്റര്‍ക്ക് 118 റണ്‍സുണ്ട്. ഈ ലിസ്റ്റില്‍ രോഹിത് ശര്‍മ, ദീപക് ഹൂഡ എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തുള്ളത്.

രോഹിത് നാല് ഇന്നിങ്സില്‍ നിന്ന് 201 റണ്‍സെടുത്തപ്പോള്‍ ഹൂഡ രണ്ട് ഇന്നിങ്സില്‍ നിന്ന് 151 റണ്‍സും സ്‌കോര്‍ ചെയ്തു. ഇരുവരും നിലവിലെ ഇന്ത്യന്‍ ടി – 20 ടീമില്‍ ഇല്ലാത്തതിനാല്‍ സഞ്ജുവിന് ഈ പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയാല്‍ ഒന്നാം സ്ഥാനത്തെത്താന്‍ സാധിക്കും.

അയര്‍ലാന്‍ഡിനെതിരെ വെറും 34 റണ്‍സെടുത്താല്‍ സഞ്ജുവിന് ഹൂഡയെ മറികടന്ന് റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാന്‍ സാധിക്കും. രോഹിത്തിനെ മറികടക്കാന്‍ മലയാളി വിക്കറ്റ് കീപ്പര്‍ക്ക് വേണ്ടതാകട്ടെ 84 റണ്‍സാണ്. ഈ റണ്‍സ് എടുത്താല്‍ ഇന്ത്യയും അയര്‍ലാന്‍ഡും തമ്മിലുള്ള ടി – 20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന നേട്ടവും സഞ്ജുവിന്റെ പേരിലാകും.

അയര്‍ലാന്‍ഡിനെതിരെ ഏറ്റവും കൂടുതല്‍ ടി – 20 റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – 4 – 201

ദീപക് ഹൂഡ – 2 – 151

സഞ്ജു സാംസണ്‍ – 3 – 118

സുരേഷ് റെയ്ന – 2 – 79

ഋതുരാജ് ഗെയ്ക്വാദ് – 2 – 77

ഹര്‍ദിക് പാണ്ഡ്യ – 4 – 75

സഞ്ജു സാംസൺ. Photo: IndianPremierLeague/x.com

ടി – 20 ലോകകപ്പില്‍ വെറും അഞ്ച് മത്സരങ്ങളില്‍ 321 റണ്‍സെടുത്തായിരുന്നു സഞ്ജുവിന്റെ പ്രകടനം. അതേ മികവ് താരം ഐ.പി.എല്ലിലും നടത്തിയിരുന്നു. രണ്ട് സെഞ്ച്വറികളിടിച്ച താരം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ടോപ് സ്‌കോറായാണ് ടൂര്‍ണമെന്റ് അവസാനിപ്പിച്ചത്. ഈ പ്രകടനം തന്നെ അയര്‍ലാന്‍ഡ് പര്യടനത്തിലും സഞ്ജു നടത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Content Highlight: Sanju Samson can surpass Rohit Sharma to become top scorer against Ireland in T20Is

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.