ചെറുതെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിലൂടെ അഭിനേതാവെന്ന നിലയില്‍ മലയാള സിനിമയില്‍ തന്റെ സ്ഥാനം കണ്ടെത്തിയ വ്യക്തിയാണ് സംഗീത് പ്രാതാപ്. എഡിറ്ററായി സിനിമയില്‍ കരിയര്‍ ആരംഭിച്ച താരം സൈഡ് റോളുകളിലൂടെയാണ് അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ താരത്തിന് വലിയ ജനപ്രീതി നേടിക്കൊടുത്ത ചിത്രമായിരുന്നു ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് 2024ല്‍ പുറത്തിറങ്ങിയ പ്രേമലു. ചിത്രത്തിലെ അമല്‍ ഡേവിസ് എന്ന കഥാപാത്രം താരത്തിന്റെ കരിയറില്‍ വലിയ ബൂസ്റ്റായിരുന്നു നല്‍കിയത്.
പിന്നാലെ സത്യന്‍ അന്തിക്കാട് സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഹൃദയപൂര്‍വം എന്ന ചിത്രത്തില്‍ മോഹന്‍ലാലുമൊത്തുള്ള താരത്തിന്റെ കോമ്പിനേഷനും വലിയ കൈയടി ലഭിച്ചിരുന്നു. 320 കോടി നേടി വന്‍ ഹിറ്റായി നില്‍ക്കുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റിലെ ജോയലായുള്ള പെര്‍ഫോമന്‍സിനും വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. എന്നാല്‍ സഹനടന്‍ റോളുകളില്‍ നിന്നും മാറി നായകനായി സംഗീത് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഇറ്റ്സ് എ മെഡിക്കല്‍ മിറാക്കിള്‍.

ഇറ്റ്സ് എ മെഡിക്കല്‍ മിറാക്കിള്‍. Photo: X.com
ചെറുതെങ്കിലും സംഗീതിനെ സിനിമാ ലോകത്ത് പരിചയപ്പെടുത്തുന്നതില്‍ നിര്‍ണായ പങ്കുവഹിച്ച ചിത്രമായിരുന്നു വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ ഹൃദയം. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ നെഗറ്റീവ് ഷേഡുള്ള ബൈജു ഇടിക്കുള എന്ന കഥാപാത്രത്തെയായിരുന്നു സംഗീത് അവതരിപ്പിച്ചത്.
അടുത്തിടെ കാര്‍ത്തിക് സൂര്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ വിനീത് ശ്രീനിവാസന്‍ ചിത്രത്തിലേക്ക് എത്തിയതിനെ കുറിച്ച് സംഗീത് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘വിനീത് ശ്രീനിവാസന്റെ ചിത്രങ്ങളൊന്നും റിജെക്ട് ചെയ്യാനുള്ള യോഗ്യത നമുക്കില്ലല്ലോ. അദ്ദേഹത്തിന്റെ ചിത്രത്തിലേക്ക് വിളിച്ചാല്‍ തീര്‍ച്ചയായും പോകണം. വിനീതേട്ടന്‍ അത്രയും ക്ലോസായിട്ടുള്ള ആളാണ്, പിന്നെ അദ്ദേഹത്തിന്റെ പടങ്ങള്‍ നമുക്ക് അത്രയും ഇഷ്ടമാണ്. വിനീതേട്ടന്‍ പ്രണവിനെ വെച്ച് ഒരു പടം എടുക്കുന്നു, അതില്‍ എനിക്ക് നെഗറ്റീവ് റോളാണ്. അതുകൊണ്ട് തന്നെ എന്നെ പ്ലെയ്‌സ് ചെയ്യാന്‍ പറ്റാത്ത എല്ലാം എനിക്കവിടെ കാണാന്‍ സാധിച്ചു.
അതില്‍ ആദ്യത്തെ കാര്യമാണ് ആക്ടിങ്. ആക്ടിങ്ങില്‍ തന്നെ വില്ലനായിട്ടാണ്. അതില്‍ തന്നെ പ്രണവിനെ റാഗ് ചെയ്യുന്നു. ഇതൊന്നും അങ്ങോട്ട് ഒരു ബന്ധം വരുന്നില്ലല്ലോ എന്നാണ് എനിക്ക് തോന്നിയത്. പിന്നെ കഥാപാത്രത്തിന്റെ പേര് ബൈജു ഇടിക്കുള എന്നാണ്. അതുംകൂടെ കേള്‍ക്കുമ്പോഴേക്ക് കുറേ അണ്‍ഫിറ്റായിട്ടുള്ള കാര്യങ്ങളാണ് ഞാന്‍ ചെയ്യുന്നതെന്നും എന്തോ റിസ്‌ക് ഉണ്ടെന്നും എനിക്ക് തോന്നിയിരുന്നു. വിനീതേട്ടനെ ട്രസ്റ്റ് ചെയ്ത് ആ റിസ്‌ക് എടുക്കാം എന്നുള്ള ചാട്ടമായിരുന്നു ചിത്രത്തിലെ അഭിനയം,’ സംഗീത് പറഞ്ഞു.

ഹൃദയം. Photo: X.com
നിലീന്‍ സാന്ദ്ര തിരക്കഥയെഴുതി ശ്യാമിന്‍ ഗിരീഷ് സംവിധാനം ചെയ്ത ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍ അപകടത്തില്‍ പെട്ട് കോമയില്‍ കഴിഞ്ഞ യുവാവിന് ഒരു അസാധാരണ ശക്തി ലഭിക്കുന്നതിനെയും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളെയും ആസ്പദമാക്കിയായിരുന്നു ഒരുക്കിയത്. ചിത്രത്തില്‍ റൂബന്‍ എന്ന കഥാപാത്രത്തെയായിരുന്നു സംഗീത് പ്രതാപ് അവതരിപ്പിച്ചത്. താരം കരിയറില്‍ ഇതേവരെ അവതരിപ്പിച്ച കോമഡി കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഏറെ അഭിനയപ്രാധാന്യമുള്ള കഥാപാത്രമായിരുന്നു റൂബന്റേത്.
Content Highlight: Sangeeth Prathap talks about his experience in Vineeth Sreenivasan movie Hridayam
