മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്ത ചിത്രമായിരുന്നു ഗിരീഷ് എ.ഡിയുടെ സംവിധാനത്തിലെത്തിയ ‘പ്രേമലു’. ചിത്രത്തിലെ കഥാപാത്രങ്ങള്‍ പോലെ തന്നെ നസ്‌ലെന്റേയും സംഗീതിന്റേയും മമിതയുടേയുമൊക്ക യഥാര്‍ത്ഥ ജീവിതത്തിലെ സൗഹൃദവും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.
തങ്ങളുടെ സൗഹൃദത്തെക്കുറിച്ചും പുതിയ സിനിമയായ മോളിവുഡ് ടൈംസിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നസ്‌ലെനും സംഗീതും.
താന്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഫോണില്‍ ബന്ധപ്പെടുന്ന രണ്ട് വ്യക്തികള്‍ നസ്‌ലെനും മമിതയുമാണെന്ന് സംഗീത് പറയുന്നു. ഇരുവരുമായി അടുത്ത കോണ്‍ടാക്റ്റാണ് ഉള്ളതെന്നും ചുരുങ്ങിയത് രണ്ട് ദിവസത്തില്‍ ഒരിക്കലെങ്കിലും തങ്ങള്‍ പരസ്പരം വിളിക്കാറുണ്ടെന്നും സംഗീത് പറഞ്ഞു. എന്നാല്‍ നസ്‌ലെനെ ഇപ്പോള്‍ ഫോണ്‍ വിളിച്ചാല്‍ അത്ര എളുപ്പത്തിലൊന്നും കിട്ടാറില്ലെന്നായിരുന്നു ചിരിയോടെ സംഗീത് പറഞ്ഞത്.
‘ഞാന്‍ എപ്പോഴും വിളിക്കുന്ന രണ്ടുപേര്‍ നസ്‌ലെനും മമിതയും തന്നെയാണ്. ഇവര്‍ രണ്ടുപേരുമായിട്ടാണ് എനിക്ക് ഏറ്റവും കൂടുതല്‍ കോണ്‍ടാക്ട് ഉള്ളത്. രണ്ടു ദിവസത്തിനിടെ ഒരു തവണയെങ്കിലും ഇവരെ വിളിക്കും. എന്നാല്‍ നസ്ലെന്‍ ഇപ്പോള്‍ അങ്ങനെ ഫോണ്‍ എടുക്കാറില്ല (ചിരി). അങ്ങനെയല്ല, ഞാന്‍ വിളിച്ചാല്‍ മാത്രം ഇവന്‍ ഫോണ്‍ എടുക്കും,’ സംഗീത് പറഞ്ഞു.
നസ്‌ലെന്‍, മമിത Photo: IMDB
മമിതയുമായി മുന്‍പ് കൂടുതലും ഫോണ്‍ വഴിയുള്ള കോണ്‍ടാക്ട് മാത്രമാണുണ്ടായിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ ഒന്നിച്ച് അഭിനയിക്കുന്നതിനാല്‍ നേരിട്ട് കാണാന്‍ സാധിക്കുന്നുണ്ടെന്നും സംഗീത് വ്യക്തമാക്കി.
‘മമിതയുമായിട്ട് കൂടുതലും ഫോണിലായിരുന്നു കോണ്‍ടാക്ട്. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് ‘ബത്ലഹേം കുടുംബ യൂണിറ്റ്’ എന്ന സിനിമ ചെയ്തു. മറ്റൊരു സിനിമ ചെയ്തുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഇപ്പോള്‍ നേരിട്ട് കാണാന്‍ പറ്റുന്നുണ്ട്. ഞങ്ങള്‍ ഇപ്പോഴാണ് അങ്ങനെ നേരിട്ട് കാണാന്‍ തുടങ്ങിയത്. അതിന് മുന്‍പ് നസ്ലെനുമായിട്ടായിരുന്നു എപ്പോഴും മീറ്റ് ചെയ്യാറുണ്ടായിരുന്നത്,’ സംഗീത് കൂട്ടിച്ചേര്‍ത്തു.
പ്രേമലുവിന്റെ വന്‍ വിജയത്തിന് ശേഷം പല പരിപാടികളിലും തങ്ങള്‍ ഒന്നിച്ച് കൊളാബ് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ആ സമയത്തൊക്കെയും തങ്ങളില്‍ നിന്ന് ഒരേ തരത്തിലുള്ള കാര്യങ്ങള്‍ വീണ്ടും ആവര്‍ത്തിച്ച് പ്രേക്ഷകര്‍ക്ക് മടുപ്പ് ഉണ്ടാക്കരുതെന്ന് മാത്രമാണ് ആഗ്രഹിച്ചതെന്നും സംഗീത് പറയുന്നു. പുതിയ ചിത്രത്തിലെ കോംമ്പോ പ്രേമലുവിലേത് പോലെയല്ലെന്നും തികച്ചും വ്യത്യസ്തമാണെന്നും താരം പറഞ്ഞു. ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ റിവീല്‍ ചെയ്യാന്‍ പറ്റില്ലെന്നും സംഗീത് കൂട്ടിച്ചേര്‍ത്തു.
മോളിവുഡ് ടൈംസ്
‘ഇത് നസ്‌ലെന്‍ ഷോള്‍ഡര്‍ ചെയ്യുന്ന സിനിമയാണ്. അവന്റെ ഷോള്‍ഡറില്‍ കയറി ഇരിക്കാന്‍ വന്ന ആളുകളാണ് ഞങ്ങളൊക്കെ,’ സംഗീത് പറഞ്ഞു.
പ്രേമലു ടീമുമായി സംസാരിക്കുമ്പോള്‍ എല്ലാവരുമായും എന്നും കോണ്‍ടാക്ട് സൂക്ഷിക്കുന്ന ഒരേയൊരു വ്യക്തി സംഗീത് ആണെന്നാണ് പറയാറുള്ളത്. നസ്‌ലെനെക്കാളും മാത്യുവിനെക്കാളും കൂടുതല്‍ എല്ലാവര്‍ക്കും അടുത്ത ബന്ധം സംഗീതുമായിട്ടാണല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് ‘സംഗീത് എപ്പോഴും അവൈലബിള്‍ ആണല്ലോ, അവന് പ്രത്യേകിച്ച് പണിയൊന്നുമില്ലല്ലോ (ചിരി),’ എന്നായിരുന്നു നസ്‌ലെന്റെ തമാശരൂപേണയുള്ള മറുപടി.
തൊട്ടുപിന്നാലെ തന്നെ സംഗീതിനെ പ്രശംസിക്കാനും നസ്‌ലെന്‍ മറന്നില്ല. ‘ചുമ്മാ പറഞ്ഞതാണ് കേട്ടോ. ഞാന്‍ ചെയ്തതിനേക്കാളും കൂടുതല്‍ പടം ഈ വര്‍ഷം ചെയ്തത് സംഗീതാണ്,’ താരം പറഞ്ഞു.
Content Highlight: Sangeet about His Frienship with Naslen and Mamitha