ആദ്യം ലോകഃ, ഇപ്പോ ദേ കത്തനാര്‍, നീലി എവിടെയുണ്ടോ അവിടെ സാന്‍ഡിയുമുണ്ടല്ലോ! ട്രെയ്‌ലറിന് പിന്നാലെ സോഷ്യല്‍ മീഡിയ
Malayalam Cinema
ആദ്യം ലോകഃ, ഇപ്പോ ദേ കത്തനാര്‍, നീലി എവിടെയുണ്ടോ അവിടെ സാന്‍ഡിയുമുണ്ടല്ലോ! ട്രെയ്‌ലറിന് പിന്നാലെ സോഷ്യല്‍ മീഡിയ
അമര്‍നാഥ് എം.
Tuesday, 31st March 2026, 11:01 pm

മോളിവുഡിലെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി മാറാന്‍ സാധ്യതയുള്ള പ്രൊജക്ടായാണ് പലരും കത്തനാറിനെ കണക്കാക്കുന്നത്. നാല് വര്‍ഷം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ ചിത്രം പൂര്‍ത്തിയാവുകയും ഒടുവില്‍ ഈ വര്‍ഷം റിലീസിന് തയാറെടുക്കുകയുമാണ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടതോടെ പ്രതീക്ഷകള്‍ ഇരട്ടിയായി.

മലയാളികള്‍ കേട്ടുപഴകിയ കത്തനാറിന്റെ കഥയല്ല ഈ ചിത്രത്തിന്റേതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. കടമറ്റത്ത് കത്തനാറിന്റെ കഥയല്ല ഈ ചിത്രമെന്ന് ട്രെയ്‌ലറും സൂചന നല്‍കുന്നുണ്ട്. എന്നാല്‍ ട്രെയ്‌ലര്‍ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത് മറ്റൊരു കാര്യമാണ്.

സാന്‍ഡി Photo: Screen grab/ Sree Gokulam Movies

വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ തമിഴ് താരം സാന്‍ഡിയും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ലോകഃയിലൂടെ മോളിവുഡ് എന്‍ട്രി നടത്തിയ സാന്‍ഡിയുടെ മൂന്നാമത്തെ മലയാള ചിത്രമാണ് കത്തനാര്‍. ലോകഃയും കത്തനാറും സാന്‍ഡിയും തമ്മിലുള്ള സാമ്യതയാണ് ചര്‍ച്ചയായിരിക്കുന്നത്. ലോകഃയില്‍ കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിച്ച നീലി എന്ന കഥാപാത്രത്തെ ഇല്ലാതാക്കന്‍ ശ്രമിക്കുന്ന വില്ലനായാണ് സാന്‍ഡി വേഷമിട്ടത്.

കത്തനാറില്‍ അനുഷ്‌ക അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരും നീലി എന്നുതന്നെയാണ്. ഇതോടെ നീലി എവിടെയുണ്ടോ അവിടെ സാന്‍ഡിയുമുണ്ട് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും ആരംഭിച്ചിരിക്കുകയാണ്. കത്തനാറിലും നീലിയുടെ കൈകൊണ്ട് തന്നെയാണോ സാന്‍ഡിയുടെ മരണമെന്നാണ് പലരും ചോദിക്കുന്നത്.

സാന്‍ഡി, ലോകഃ Photo: Screen grab/ Wayfarer Films

ഏഴാം നൂറ്റാണ്ടില്‍ നടക്കുന്ന കഥയാണ് കത്തനാറിന്റേതെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നുണ്ട്. മാജിക്കും ഫാന്റസിയും ആക്ഷനുമെല്ലാം ചേര്‍ന്ന വിഷ്വല്‍ ട്രീറ്റാണ് ചിത്രമെന്നാണ് സിനിമാപ്രേമികള്‍ കരുതുന്നത്. രണ്ട് ഭാഗങ്ങളായി ഷൂട്ട് ചെയ്ത ചിത്രം ഈ വര്‍ഷം ജൂണിലോ ജൂലൈയിലോ തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.

ജയസൂര്യക്കും അനുഷ്‌കക്കും പുറമെ വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നത്. പ്രഭുദേവ, സനൂപ് സന്തോഷ്, നിതീഷ് ഭരദ്വാജ്, വിനീത്, ഹരീഷ് ഉത്തമന്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ റോജിന്‍ തോമസാണ്. ഹോമിന് ശേഷം റോജിന്‍ സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ണമായും ത്രീ.ഡിയിലാണ് അണിയിച്ചൊരുക്കിയത്.

Content Highlight: Sandy’s presence in Kathanar movie trailer discussing in Social Media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം