റഹ്‌മാന്‍ സാറിനൊപ്പം ഒരു ഗാനം സ്വപ്നം പോലെ; രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മെയിലിന് മറുപടി ലഭിച്ചത്: സന മൊയ്തൂട്ടി
Indian Cinema
റഹ്‌മാന്‍ സാറിനൊപ്പം ഒരു ഗാനം സ്വപ്നം പോലെ; രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മെയിലിന് മറുപടി ലഭിച്ചത്: സന മൊയ്തൂട്ടി
ഐറിന്‍ മരിയ ആന്റണി
Wednesday, 1st April 2026, 7:00 pm

കവര്‍ സോങ്ങുകളിലൂടെ ശ്രദ്ധേയായ ഗായികയാണ് സന മൊയ്തൂട്ടി. അഞ്ചാം വയസില്‍ സംഗീത ലോകത്തേക്ക് എത്തിയ സന ഇന്ന് ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന ഗായികയാണ്. വിവിധ ഭാഷകളിലായി നിരവധി സ്റ്റേജ് ഷോകളിലും മറ്റും സംഗീത ലോകത്ത് തിളങ്ങിയ സനയെ മലയാളി അറിഞ്ഞ് തുടങ്ങിയത് ‘കറുത്ത പെണ്ണേ’, കണ്ണാടി കൂടും കൂട്ടി എന്നീ പാട്ടുകളുടെ കവര്‍ സോങ്ങുകളിലൂടെയാണ്.

പിന്നീട് കവര്‍ സോങ്ങിലൂടെ ശ്രദ്ധിക്കപ്പെട്ട താരം എ.ആര്‍. റഹ്‌മാന്റെ സംഗീതത്തില്‍ ഒരുങ്ങിയ മോഹന്‍ജൊ ദാരോ എന്ന ബോളിവുഡ് സിനിമയിലും ഗായികയായി എത്തി. എ.ആര്‍. റഹ്‌മാന്റെ തന്നെ സംഗീതത്തില്‍ ‘പൊന്നിയിന്‍ സെല്‍വനി’ലൂടെ ‘ചൊല്‍’ എന്ന ഗാനവും പാടി. മണിരത്‌നത്തിന്റെ സംവിധാനത്തിലെത്തിയ ബ്രമാണ്ഡ ചിത്രത്തിലെ ആ ഗാനവും ശ്രദ്ധിക്കപ്പെട്ടു.

ഇപ്പോഴിതാ മനോരമാ ആഴ്ച്ച പതിപ്പുമായുള്ള അഭിമുഖത്തില്‍ എ.ആര്‍ റഹ്‌മാന്റെ പാട്ടുകളോട് തനിക്കുള്ള ഇഷ്ടത്തെ കുറിച്ച് മനസ് തുറക്കുകയാണ് സന മൊയ്തൂട്ടി.

‘ഞാന്‍ കവര്‍ സോങ്ങുകള്‍ പാടി യൂട്യൂബില്‍ അപ്പ്ലോഡ് ചെയ്യാറുണ്ടായിരുന്നു. അങ്ങനെ ഇട്ട ഒരു കവര്‍ സോങ് എ.ആര്‍. റഹ്‌മാന്‍ സാറിന്റെ ശ്രദ്ധയില്‍ പെട്ടു. അതിനും കുറേ കാലം മുമ്പ് റഹ്‌മാന്‍ സാറിന് ഞാന്‍ പാട്ടുകള്‍ പാടി മെയില്‍ ചെയ്തിട്ടുണ്ടായിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മറുപടി ലഭിച്ചത്. 2016ല്‍ റഹ്‌മാന്‍ സാറിന്റെ കൂടെ പാടാന്‍ കഴിഞ്ഞു. ’24’ എന്ന ചിത്രത്തിലാണ് ആദ്യം പാടിയത്.

അതേ വര്‍ഷം തന്നെ ‘മൊഹന്‍ജോദാരോ’യ്ക്കായി ‘തൂ ഹേ’ എന്ന പാട്ടും പാടി. റഹ്‌മാന്‍ സാറിനൊപ്പം ജോലി ചെയ്യുന്നത് എനിക്ക് ഒരു സ്വപ്നം പോലെ ആയിരുന്നു. സാറിനെ കാണുക എന്നുള്ളത് കുട്ടിക്കാലം മുതലുള്ള വലിയ ആഗ്രഹമായിരുന്നു,’ സനയുടെ വാക്കുകള്‍.

ആദ്യമായി അദ്ദേഹത്തെ കണ്ടപ്പോള്‍ താന്‍ വളരെ നെര്‍വസ് ആയിരുന്നുവെന്നും എന്നാല്‍ എ.ആര്‍ റഹ്‌മാന്‍ വളരെ കരുതലോടെയും ക്ഷമയോടെയുമാണ് തന്നോട് പെരുമാറിയെന്നും അവര്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞ പലകാര്യങ്ങളും തന്റെ കരിയറില്‍ പിന്നീട് വളരെ സഹായകമായെന്നും സന കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ ഇറങ്ങിയ ‘കുട്ടി കുക്കു’ എന്ന ഗാനം തന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവായാണ് കാണുന്നതെന്നും പാട്ട് എഴുതിയതും സംഗീത സംവിധാനം ചെയ്തതുമെല്ലാം താന്‍ തന്നെയാണെന്നും അവര്‍ പറഞ്ഞു. ആ പാട്ടിന് ശേഷം തനിക്ക് കൂടുതല്‍ പടങ്ങളില്‍ കമ്പോസ് ചെയ്യാനും പാടാനും അവസരം ലഭിച്ചുവെന്നും സന കൂട്ടിച്ചേര്‍ത്തു.

Content Highlight:  Sana Moidutty speaks about A.R. Rahman

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.