ആൻഡ്രോയിഡ് കുഞ്ഞപ്പനിൽ ഞാൻ പെട്ട് പോയതാണ്, എന്റെ ഗതികേടിന് ആ സീൻ ഫസ്റ്റ് ടേക്കിൽ ഓക്കേ ആയി: സൈജു കുറുപ്പ്
Indian Cinema
ആൻഡ്രോയിഡ് കുഞ്ഞപ്പനിൽ ഞാൻ പെട്ട് പോയതാണ്, എന്റെ ഗതികേടിന് ആ സീൻ ഫസ്റ്റ് ടേക്കിൽ ഓക്കേ ആയി: സൈജു കുറുപ്പ്
കെ.എസ് ഷാബിന
Friday, 24th July 2026, 2:15 pm

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ താരം സൈജു കുറുപ്പ്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ സിനിമയിൽ അഭിനയിച്ചപ്പോൾ ഉണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നുപറയുകയാണ്. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സൈജു കുറുപ്പ്.

‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ എന്ന സിനിമയിൽ അഭിനയിച്ചത് ഞാൻ പെട്ടുപോയതുപോലെയാണ്. അതിൽ പയ്യന്നൂർ സ്ലാങ് ഉപയോഗിക്കണമെന്ന് എന്നോട് മുൻകൂട്ടി പറഞ്ഞിട്ടുണ്ടായിരുന്നില്ല. തിരക്കഥയിലെ ഡയലോഗുകളിൽ ആടെ, ഈടെ എന്നൊക്കെ കണ്ടപ്പോൾ അത് അക്ഷരപ്പിശകാണെന്നാണ് ഞാൻ കരുതിയത്. അവിടെ, ഇവിടെ എന്നതിനാണ് പയ്യന്നൂരിൽ ‘ആടെ’, ‘ഈടെ’ എന്ന് പറയുന്നതെന്ന് അന്ന് എനിക്ക് മനസിലായില്ല.

ആൻഡ്രോയിഡ് കുഞ്ഞപ്പൻ.സൈജു കുറുപ്പ്.Photo:Cinema Express

ഞാൻ അസോസിയേറ്റ് ഡയറക്ടറോട് നാളത്തെ സീൻ അയച്ചുതരുമോ എന്ന് ചോദിച്ചു. പുള്ളി അത് അയച്ചുതന്നതിനൊപ്പം ‘ചേട്ടാ, പയ്യന്നൂർ സ്ലാങ് ആണ് പറയേണ്ടത്’ എന്ന് പറഞ്ഞ് ഒരു വോയ്സ് മെസ്സേജും ഇട്ടു. ‘സുധീഷേ, സംവിധായകൻ രതീഷ് എന്നോട് അത് പറഞ്ഞില്ലല്ലോ’ എന്ന് ഞാൻ തിരിച്ചു ചോദിച്ചപ്പോൾ, ‘ഇവിടെ എല്ലാവരും ആ ശൈലിയിലാണ് സംസാരിക്കുന്നത്’ എന്നായിരുന്നു അവന്റെ മറുപടി.

അതോടെ ഞാൻ ആകെ പാനിക്കായി. എന്റെ ഒരു ഡയലോഗ് ആ സ്ലാങ്ങിൽ പറഞ്ഞ് വോയ്സ് നോട്ട് അയക്കാൻ ഞാൻ സുധീഷിനോട് പറഞ്ഞു. അവൻ അത് അയച്ചുതന്നെങ്കിലും എനിക്ക് ആ രീതിയിൽ സംസാരിക്കാൻ കഴിഞ്ഞില്ല. ‘എനിക്ക് ഇത് പറ്റില്ല, ഞാൻ തിരികെ പോവുകയാണ്’ എന്ന് ഞാൻ പറഞ്ഞു. എന്നാൽ ‘ഇല്ല ചേട്ടാ, നമുക്ക് ശ്രമിച്ചുനോക്കാം’ എന്ന് അവൻ എന്നെ ആശ്വസിപ്പിച്ചു.

പിറ്റേ ദിവസം ലൊക്കേഷനിൽ എത്തിയപ്പോൾ ആദ്യ ഷോട്ടിൽ എനിക്ക് ഡയലോഗുകൾ ഒന്നുമുണ്ടായിരുന്നില്ല. വൈകീട്ടായിരുന്നു എന്റെ ഡയലോഗ് സീൻ. ഞാൻ രതീഷിനോട് പറഞ്ഞു, ‘എന്നെക്കൊണ്ട് ഈ പരിപാടി പറ്റില്ല, ഒന്നാമത് സിങ്ക് സൗണ്ട് കൂടിയാണ്. അപ്പോൾ രതീഷ് പറഞ്ഞു, ‘അളിയൻ ഒരു കാര്യം ചെയ്യ്, പയ്യന്നൂർ സ്ലാങ്ങിൽ ഒന്നു പറഞ്ഞുനോക്ക്. അത് വർക്ക് ഔട്ടായില്ലെങ്കിൽ നമുക്ക് സാധാരണ രീതിയിലാക്കാം, ടെൻഷൻ വേണ്ട.’ അങ്ങനെ ഞാൻ സമ്മതിച്ചു.

സൈജു കുറുപ്പ്.Photo:The New Indian Express

റഷ്യയിലുള്ള സൗബിനെ (സൗബിൻ ഷാഹിർ) വിളിച്ച് സംസാരിക്കുന്ന നാലഞ്ചു വരികളുള്ള ഡയലോഗായിരുന്നു അത്. എന്റെ ഗതികേടിന്, പയ്യന്നൂർ സ്ലാങ്ങിൽ പറഞ്ഞ ആ ആദ്യ ടേക്ക് തന്നെ ഓക്കെയായി. പിന്നെ സിനിമയിലെ ബാക്കി മുഴുവൻ സീനുകളിലും ആ ശൈലി തന്നെ തുടരേണ്ടിവന്നു.

അതിനുശേഷം ഓരോ രാത്രിയിലും ബോർഡ് എക്സാം എഴുതാൻ പോകുന്നതുപോലെയുള്ള ടെൻഷനായിരുന്നു എനിക്ക്. നാളെ ഇനി എന്ത് ചെയ്യും? എന്നതായിരുന്നു ചിന്ത. ‘ആൻഡ്രോയിഡ് കുഞ്ഞപ്പനിൽ’ ഞാൻ അത്രയധികം കഷ്ടപ്പെട്ടിരുന്നു. പക്ഷേ പ്രേക്ഷകർക്ക് ഞാൻ ഇത്രയും കഷ്ടപ്പെട്ടത് അറിയില്ലല്ലോ. എന്തായാലും അവസാനം സംഭവം വളരെ രസകരമായി തന്നെ വന്നതിൽ സന്തോഷം,’ സൈജു കുറുപ്പ് പറഞ്ഞു.

Content Highlight:Saiju kurupp talks about the movie Android kunjapan

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.