മലയാളികള്‍ക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട നടനാണ് സൈജു കുറുപ്പ്. ഒരുപാട് പരാജയങ്ങള്‍ ഏറ്റുവാങ്ങിയാണ് മലയാള സിനിമയില്‍ തന്റേതായ ഒരിടം സൈജു കുറുപ്പ് ഇന്ന് നേടിയെടുത്തത്. നായകനായും സഹനടനായും നിരവധി കഥാപാത്രങ്ങള്‍ ചെയ്തെങ്കിലും ആട് എന്ന ചിത്രത്തിലെ അറയ്ക്കല്‍ അബു എന്ന കഥാപാത്രത്തിലൂടെയാണ് താരത്തെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതമായത്. കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ വിജയം നേടിയ ഭരതനാട്യം 2 മോഹിനിയാട്ടത്തിലൂടെ ഈ വര്‍ഷം നായകനായും താരം തിളങ്ങിയിരുന്നു.
സൈജു കുറുപ്പിന്റെതായി പുറത്തിറങ്ങിയ ചിത്രങ്ങളില്‍ വെച്ച് ഏറ്റവും വലിയ വിജയം നേടിയ ചിത്രമായിരുന്നു മോഹിനിയാട്ടം. ആദ്യഭാഗം പരാജയമായിരുന്നിട്ടും രണ്ടാം ഭാഗത്തിലൂടെ അമ്പത് കോടിയിലധികമായിരുന്നു ചിത്രം നേടിയത്. കൃഷ്ണദാസ് മുരളിയുടെ സംവിധാനത്തില്‍ മോഹിനിയാട്ടത്തിന്റെ മൂന്നാം ഭാഗം രാസലീലയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
അടുത്തിടെ ജിഞ്ചര്‍ മീഡിയ എന്റര്‍ടെയിന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ താന്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ച് സൈജു കുറുപ്പ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. നവ്യ നായര്‍ക്കൊപ്പം ഒരു സിനിമയില്‍ അഭിനയിച്ചപ്പോള്‍ നേരിട്ട വെല്ലുവിളിയെ കുറിച്ചാണ് താരം സംസാരിച്ചത്.
‘നവ്യയ്‌ക്കൊപ്പം അഭിനയിച്ച ചിത്രത്തില്‍ ഒരു ഹഗ് ചെയ്യുന്ന സീനുണ്ടായിരുന്നു. ഹഗ് ചെയ്യുന്ന സീന്‍ ചെയ്യുമ്പോള്‍ ഞാന്‍ കോണ്‍ഷ്യന്‍സായിരുന്നു. കാരണം സ്വന്തം ഭാര്യയല്ല, ഭാര്യയായി അഭിനയിക്കുകയാണ്. ഭാര്യയാണെന്ന ഒരു മേക്ക് ബിലീഫ് ആണല്ലോ. ഓഡിയന്‍സ് അങ്ങനെ വിശ്വസിക്കണം. ഞാനാണെങ്കില്‍ ഇലയ്ക്കും മുള്ളിനും ദോഷമില്ലാത്ത രീതിയിലാണ് ഹഗ് ചെയ്യുന്നത്. അതുകണ്ടിട്ട് നവ്യ എന്താണ് പ്രശ്‌നമെന്ന് എന്നോട് ചോദിച്ചു. ഞാന്‍ കോണ്‍ഷ്യസാണെന്ന പ്രശ്‌നം അവരോട് പറഞ്ഞു.
അതിന്റെ ഒന്നും ആവശ്യമില്ലെന്നും , നമ്മള്‍ ഭാര്യ ഭര്‍ത്താക്കന്മാര്‍ ആണെന്ന് അറിയണമെങ്കിലും ഓഡിയന്‍സിന് കെമിസ്ട്രി ഫീല്‍ ചെയ്യണമെങ്കിലും നിങ്ങള്‍ ഭാര്യയെ ഹഗ് ചെയ്യുന്ന പോലെ തന്നെ എന്നെയും ഹഗ് ചെയ്യണമെന്ന് നവ്യ എന്നോട് പറഞ്ഞു. അവര്‍ പെര്‍മിഷന്‍ നല്‍കിയപ്പോള്‍ ഞാന്‍ ഓക്കെയായി. അല്ലെങ്കില്‍ ഞാന്‍ തന്നെ ചോദിക്കണം പക്ഷേ അതിനെനിക്ക് മടിയായിരുന്നു,’ സൈജു കുറുപ്പ് പറഞ്ഞു.
Content Highlight: Saiju Kurup talks about his experience while acting with Navya Nayar
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.