മലയാള സിനിമയിൽ തന്റെതായ ഒരു സ്ഥാനം നേടിയെടുത്ത മികച്ച നടനാണ് സൈജു കുറുപ്പ്. കോമഡി വേഷങ്ങളും ഗൗരവമുള്ള കഥാപാത്രങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്ന താരം ഏത് തരം വേഷവും തനിക്ക് ഇണങ്ങുമെന്ന് ഇതിനോടകം തെളിയിച്ച് കഴിഞ്ഞു.
‘മയൂഖം’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചെങ്കിലും, പിന്നീട് ക്യാരക്ടർ റോളുകളിലൂടെയും വില്ലൻ വേഷങ്ങളിലൂടെയുമാണ് അദ്ദേഹം പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. ‘ആട്’ എന്ന ചിത്രത്തിലെ അറയ്ക്കൽ അബു എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവുകളിൽ ഒന്നായി മാറി.
ഏറ്റവും പുതിയ ‘ഭാരതനാട്ട്യം 2 മോഹിനിയാട്ടം’ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളികളുടെ പ്രിയങ്കരനായി മാറിയിരിക്കുകയാണ് സൈജു കുറുപ്പ്. ഇപ്പോൾ തന്റെ ആദ്യകാല സിനിമ അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് സൈജു കുറുപ്പ്.
സൈജു കുറുപ്പ്.Photo:OTT Play
ആദ്യകാല സിനിമകളിൽ അഭിനയിക്കുമ്പോൾ അന്ന് താൻ വലിയ നടൻ ആണെന്നാണ് വിചാരിച്ചിരുന്നത് എന്നും എന്നാൽ പിന്നീടാണ് അഭിനയം പഠിച്ചതെന്നും സൈജു കുറുപ്പ് പറയുന്നു. അന്ന് ഒറ്റയടിക്ക് ഡയലോഗ് പറഞ്ഞാൽ വലിയ നടനായി എന്ന് ഓർത്തിട്ടുണ്ടെന്നും സൈജു കൂട്ടിച്ചേർത്തു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘എന്റെ സിനിമയിലെ ആദ്യകാലങ്ങളിൽ ഞാൻ വിചാരിച്ചിരുന്നത് വലിയൊരു നടനാണ് ഞാൻ എന്നാണ്. അന്ന് പ്രായം കുറവായതുകൊണ്ട് ഡയലോഗുകൾ ഒക്കെ നന്നായി ഓർത്തു വെച്ച് ഒറ്റയടിക്ക് പറയുമായിരുന്നു. അങ്ങനെ പെട്ടെന്ന് ഡയലോഗ് പറഞ്ഞാൽ നല്ല നടനായി എന്നാണ് ഞാൻ കരുതിയിരുന്നത്. അക്കാലത്ത് സിനിമകളിൽ മോണിറ്റർ സംവിധാനം കുറവായിരുന്നു. ചെയ്ത സീനുകൾ എങ്ങനെ ഉണ്ടെന്ന് അപ്പോൾ തന്നെ കണ്ടുനോക്കാൻ വഴിയില്ലായിരുന്നു. അതുകൊണ്ടുതന്നെ വിചാരിച്ച ഭാവങ്ങളൊക്കെ മുഖത്ത് വന്നിട്ടുണ്ടാകുമെന്നും, ഞാൻ ചെയ്യുന്ന പടങ്ങളെല്ലാം വലിയ ഹിറ്റാകുമെന്നും ഞാൻ വിചാരിച്ചു.
പിന്നീട് മറ്റ് നടന്മാരുടെ അഭിമുഖങ്ങൾ കണ്ടപ്പോഴാണ് പ്രേക്ഷകരുമായി ഒരു കണക്ഷൻ ഉണ്ടാക്കിയെടുക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലായത്. അപ്പോഴൊക്കെ ‘എന്തുകൊണ്ടാണ് എനിക്ക് ആ കണക്ഷൻ കിട്ടാത്തത്, ഞാൻ എത്ര മനോഹരമായാണ് അഭിനയിച്ചിരിക്കുന്നത്’ എന്ന് ഞാൻ ചിന്തിക്കുമായിരുന്നു. തിയേറ്ററിൽ എന്നെ കാണുമ്പോൾ എനിക്ക് തന്നെ അതിശയം തോന്നുമായിരുന്നു’, സൈജു കുറുപ്പ് പറയുന്നു.
പ്രേക്ഷകർക്ക് അഭിനയിക്കാൻ അറിയില്ലായിരിക്കാം, എന്നാൽ നല്ല അഭിനയം തിരിച്ചറിയാനുള്ള കഴിവ് അവർക്കുണ്ട്. താൻ അന്ന് നൽകിയത് അത്ര നല്ല പ്രകടനങ്ങൾ ആയിരുന്നില്ലെന്ന് പിന്നീട് തനിക്കു ബോധ്യപ്പെട്ടിരുന്നു എന്നും തന്നെ ഒരു നടനായി വളർത്തിയതും പഠിപ്പിച്ചതും എല്ലാം മലയാള സിനിമയാണ്, അതിനോട് തനിക്ക് എപ്പോഴും കടപ്പാടുണ്ടെന്നും സൈജു പറഞ്ഞു.
Content Highlight: Saiju Kurupp talks about his early career in movies