കിടിലന്‍ ഇന്‍ട്രോ കിട്ടി, പക്ഷേ കഴിഞ്ഞ പ്രാവശ്യത്തേത് പോലെ അഴിഞ്ഞാടാന്‍ പറ്റിയില്ല, ആട് 3യില്‍ അധികം പെര്‍ഫോം ചെയ്യാനാകാതെ അറക്കല്‍ അബു
Malayalam Cinema
കിടിലന്‍ ഇന്‍ട്രോ കിട്ടി, പക്ഷേ കഴിഞ്ഞ പ്രാവശ്യത്തേത് പോലെ അഴിഞ്ഞാടാന്‍ പറ്റിയില്ല, ആട് 3യില്‍ അധികം പെര്‍ഫോം ചെയ്യാനാകാതെ അറക്കല്‍ അബു
അമര്‍നാഥ് എം.
Thursday, 26th March 2026, 8:35 am

ഓരോ കഥാപാത്രത്തിനും പ്രത്യേക ഫാന്‍ ബേസുള്ള സിനിമാ ഫ്രാഞ്ചൈസിയാണ് ആട്. പത്ത് വര്‍ഷം മുമ്പ് റിലീസായ ആദ്യഭാഗം ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായി മാറി. പിന്നീട് ഡി.വി.ഡി പ്ലാറ്റ്‌ഫോമില്‍ ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. 2017ല്‍ രണ്ടാം ഭാഗവും ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്നാം ഭാഗവും തിയേറ്ററുകളെ ഇളക്കിമറിച്ചു.

ഓരോ കഥാപാത്രത്തിനും പ്രത്യേക ഇന്‍ട്രോ സോങ്ങും ബി.ജി.എമ്മും നല്‍കിയ അപൂര്‍വം സിനിമകൡലൊന്നാണ് ആട്. ചിത്രത്തില്‍ ഏറ്റവുമധികം ആരാധകരുള്ള കഥാപാത്രങ്ങളിലൊന്നാണ് അറക്കല്‍ അബു. സൈജു കുറുപ്പാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതുവരെ സീരിയസ് വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന സൈജു കോമഡിയിലേക്ക് ട്രാക്ക് മാറ്റിയത് ആടിലൂടെയാണ്.

ആടിന്റെ രണ്ട് ഭാഗങ്ങളും അഴിഞ്ഞാട്ടത്തിന്റെ അങ്ങേയറ്റം തന്നെയായിരുന്നു അറക്കല്‍ അബുവിന്. എന്നാല്‍ മൂന്നാം ഭാഗത്തിലേക്ക് എത്തിയപ്പോള്‍ അബുവിന് വളരെ കുറച്ച് സീനുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗംഭീര ഇന്‍ട്രോ ലഭിച്ചിട്ടും പിന്നീട് അധികം പെര്‍ഫോം ചെയ്യാനുള്ള വകുപ്പ് ആട് 3യില്‍ അബുവിന് ലഭിച്ചില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

അബുവിന് അധികം സീനുകളില്ലെങ്കിലും സൈജു കുറുപ്പ് ഗംഭീരമാക്കിയത് പഴയകാലത്തെ രംഗങ്ങളാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. പത്മനാഭ രാജാവിന്റെ പടക്കുറുപ്പായി ഗംഭീര പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. അബുവിനെക്കാള്‍ കൂടുതല്‍ തമാശകള്‍ പടത്തലവനുണ്ടായിരുന്നു. കഥാപാത്രത്തിന്റെ മീറ്റര്‍ ആദ്യാവസാനം സൈജു കുറുപ്പില്‍ ഭദ്രമായിരുന്നു.

പ്രസന്റ് പോര്‍ഷനില്‍ ഷാജി പാപ്പന്റെ സൈഡില്‍ നില്‍ക്കുക എന്നതല്ലാതെ മറ്റൊന്നും അബുവിന് ചെയ്യാനുണ്ടായിരുന്നില്ല. ആദ്യ രണ്ട് ഭാഗങ്ങളിലേത് പോലെ ഓര്‍ത്തിരിക്കന്‍ നല്ലൊരു ഡയലോഗ് അബുവിനില്ലാത്തത് ചെറിയ നെഗറ്റീവായി തോന്നി. എന്നാല്‍ അടുത്ത ഭാഗത്തില്‍ അറക്കല്‍ അബുവടക്കം സകലരും ഒരുപോലെ സ്‌കോര്‍ ചെയ്യുമെന്ന് ഉറപ്പാണ്.

റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴേക്ക് 100 കോടി ക്ലബ്ബില്‍ ചിത്രം ഇടംപിടിച്ചു. ഈ വര്‍ഷം മോളിവുഡിലെ ആദ്യ 100 കോടി ചിത്രമാണ് ആട് 3. നാലാം ഭാഗത്തിന് സൂചന നല്‍കിക്കൊണ്ടാണ് ചിത്രം അവസാനിച്ചത്. ഇതുവരെ കണ്ടതിനെക്കാള്‍ വലിയ സംഭവങ്ങള്‍ അടുത്ത ഭാഗത്തിലുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. അടുത്ത വര്‍ഷം ആട് 4 തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.

Content Highlight: Saiju Kurup didn’t have enough comedy scenes in Aadu 3 movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം