ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഇന്ത്യന്‍ ബാറ്റര്‍ സായ് സുദര്‍ശന്‍ പുറത്തായിരുന്നു. വലത് കാല്‍വിരലിലേറ്റ പരിക്കില്‍ നിന്ന് പൂര്‍ണമായ സുഖം പ്രാപിക്കാന്‍ സായ് സുദര്‍ശന് സാധിച്ചിരുന്നില്ല. താരം ബെംഗളൂരുവിലെ ബി.സി.സി.ഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ ചികിത്സയിലായിരുന്നു. ഇതോടെ താരത്തിന്റെ പകരക്കാരനെ പ്രഖ്യാപിച്ചിരിക്കുകയാണ് ബി.സി.സി.ഐ.
സൂപ്പര്‍ താരം സര്‍ഫറാസ് ഖാനെയാണ് ഇന്ത്യ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗാലെയില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായി കൊളംബോയില്‍ ഇന്ത്യന്‍ ടീമിനൊപ്പം സര്‍ഫറാസ് ചേരും.
🚨 NEWS 🚨
Sai Sudharsan ruled out of the #SLvIND Test series; Sarfaraz Khan named replacement.
ഇന്ത്യയ്ക്ക് വേണ്ടി ആറ് മത്സരങ്ങളിലെ 11 ഇന്നിങ്സില്‍ നിന്ന് 371 റണ്‍സാണ് സര്‍ഫറാസ് ഖാന്‍ ഇതുവരെ നേടിയത്. ഫസ്റ്റ് ക്ലാസില്‍ 62 മത്സരങ്ങളിലെ 92 ഇന്നിങ്സില്‍ നിന്ന് 5114 റണ്‍സും താരത്തിന്റെ അക്കൗണ്ടിലുണ്ട്.
ആഭ്യന്തര മത്സരങ്ങളില്‍ മിന്നും പ്രകടനം നടത്തിയ ശേഷമായിരുന്നു സര്‍ഫറാസ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. 2024ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിലാണ് താരം അരങ്ങേറിയത്. 2024ല്‍ ന്യൂസിലാന്‍ഡിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലാണ് സര്‍ഫറാസ് അവസാനമായി ഇന്ത്യന്‍ ടീമില്‍ കളിച്ചത്.
പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 വരെ ഗല്ലെയിലാണ് നടക്കുന്നത്. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും.