ഈ വര്‍ഷത്തെ ഏറ്റവും റിപ്പീറ്റ് വാല്യുവുള്ള സിനിമകളിലൊന്നാണ് മോഹിനിയാട്ടം. ആദ്യഭാഗമായ ഭരതനാട്യം തിയേറ്ററില്‍ പരാജയമായെങ്കിലും ഒ.ടി.ടി റിലീസിന് ശേഷം ശ്രദ്ധിക്കപ്പെട്ടു. ആദ്യഭാഗത്തില്‍ നിന്ന് മാറി ഴോണറില്‍ വലിയൊരു മാറ്റം വരുത്തി ഒരുക്കിയ മോഹിനിയാട്ടം വന്‍ വിജയമായി മാറി. തിയേറ്ററിലും ഒ.ടി.ടിയിലും ഒരുപോലെ ഹിറ്റായ സിനിമ കൂടിയാണ് മോഹിനിയാട്ടം.
കഴിഞ്ഞദിവസം മോഹിനിയാട്ടത്തിന്റെ സക്‌സസ് സെലിബ്രേഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ചിരുന്നു. സിനിമയിലെ പ്രധാന താരങ്ങളും അണിയറപ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങില്‍ ഭരതനാട്യത്തിന്റെ മൂന്നാം ഭാഗവും അനൗണ്‍സ് ചെയ്തു. രാസലീല എന്നാണ് മൂന്നാം ഭാഗത്തിന്റെ പേര്. ഹൊറര്‍ ഴോണറിലായിരിക്കും രാസലീല എന്ന് ടൈറ്റില്‍ പോസ്റ്റര്‍ സൂചന നല്‍കുന്നുണ്ട്.
രണ്ടാം ഭാഗത്തില്‍ അഭിനയിച്ചിട്ടില്ലെങ്കിലും വെറും ഫോട്ടോ കൊണ്ട് മാത്രം ചിരിയുണര്‍ത്തിയ കഥാപാത്രമാണ് സായ് കുമാറിന്റെ ഭരതന്‍ നായര്‍. മലയാള സിനിമയിലെ ഏറ്റവും വലിയ ഉഡായിപ്പ് കഥാപാത്രമാണ് ഭരതന്‍ നായരെന്ന് സംശയമില്ലാതെ പറയാം. സക്‌സസ് സെലിബ്രേഷനിടെ സായ് കുമാര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. സൈജു കുറുപ്പുമായി വളരെയധികം ആത്മബന്ധമുള്ളയാളാണ് താനെന്ന് സായ് കുമാര്‍ പറഞ്ഞു.
‘സൈജു നായകനായ ആദ്യ സിനിമയില്‍ ഞാനും അഭിനയിച്ചിട്ടുണ്ടായിരുന്നു. ഹരിഹരന്‍ സാറാണ് ആ പടം സംവിധാനം ചെയ്തത്. പക്ഷേ, എന്തുകൊണ്ടോ ആ പടം വേണ്ടത്ര ഓടിയില്ല. അതുപോലെ സൈജു ആദ്യമായി നിര്‍മിച്ച പടത്തിലും എനിക്ക് നല്ലൊരു വേഷം തന്നു. പക്ഷേ, ആ സിനിമയും വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല.
നായകനായ സിനിമയും നിര്‍മിച്ച സിനിമയും മര്യാദക്ക് ഓടാത്തത് ഞാന്‍ കാരണമാണോ എന്ന് വിചാരിച്ചു. അങ്ങനെയല്ലെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. കാരണം, ഈ സിനിമയില്‍ ഒരൊറ്റ ഫോട്ടോ മാത്രമേ ഉള്ളൂ. അതുവെച്ച് പടം വലിയ ഹിറ്റായല്ലോ. അപ്പൊ അതല്ല വിഷയം, എല്ലാം സമയത്തിന്റേതാണ്. ആ സമയം നമ്മള്‍ ആഗ്രഹിക്കുമ്പോഴല്ല, നമ്മളെ തേടി വരുമ്പോഴാണ് ആഹ്‌ളാദിക്കേണ്ടത്,’ സായ് കുമാര്‍ പറയുന്നു.
അനൗണ്‍സ് ചെയ്‌തെങ്കിലും 2028ലേ ഭരതനാട്യം 3 രാസലീല തിയേറ്ററുകളിലെത്തുള്ളൂ. ഹൊറര്‍ കോമഡിയാകുമെന്ന് ഏറെക്കുറെ ഉറപ്പായതിനാല്‍ ചിത്രത്തിന്റെ കഥയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചു കഴിഞ്ഞു. ഭരതന്‍ നായര്‍ ചെയ്തുവെച്ച എന്തെങ്കിലും ഉഡായിപ്പിന്റെ പിന്നാലെ ശശിധരന് പോകേണ്ടി വരുന്നതാകും ചിത്രത്തിന്റെ കഥ. ബോക്‌സ് ഓഫീസില്‍ വലിയ അത്ഭുതങ്ങള്‍ രാസലീല സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.
Content Highlight: Sai Kumar’s speech on Mohiniyattam success celebration viral in social media