നടന്‍ ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ‘പണി’. സിനിമയില്‍ നായകനായ ഗിരിയായി വേഷമിട്ടത് ജോജു തന്നെയായിരുന്നു. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നായകന് ഒരു പണി കിട്ടുന്നതും കിട്ടിയ പണി തിരിച്ചു കൊടുക്കുന്നതുമായ സംഭവങ്ങളാണ് ജോജു തന്റെ ചിത്രത്തിലൂടെ പറയുന്നത്.

പണിയില്‍ സാഗര്‍ സൂര്യയും ജുനൈസ് വി.പിയുമാണ് നായകന് പണി കൊടുക്കുന്ന വില്ലന്മാരായി എത്തിയത്. ഒരു മാസ്, ത്രില്ലര്‍, റിവഞ്ച് ചിത്രമായി എത്തിയ ഈ സിനിമയില്‍ ഇരുവരും മികച്ച അഭിനയമായിരുന്നു കാഴ്ച വെച്ചത്.

ജോജു ജോര്‍ജിനെ കണ്ട നിമിഷം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ടേണിങ് പോയിന്റാണെന്ന് പറയുകയാണ് സാഗര്‍ സൂര്യ. നടനൊപ്പം താന്‍ എടുത്ത ഫോട്ടോയെ കുറിച്ചും സാഗര്‍ പറയുന്നു. ആ ഫോട്ടോ തന്റെ ജീവിതത്തില്‍ എന്നും ചേര്‍ത്തു വെയ്ക്കുന്ന ഒന്നാണെന്നാണ് സാഗര്‍ സൂര്യ പറയുന്നത്. യെസ് എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ടേണിങ് പോയിന്റാണ് ജോജു ചേട്ടനെ കണ്ടത്. അദ്ദേഹവുമായുള്ള നിമിഷങ്ങള്‍ അടിപൊളിയാണ്. ജീവിതത്തില്‍ നമ്മള്‍ തോറ്റുപോയെന്ന് ചിന്തിക്കുന്ന സമയത്ത് നമ്മള്‍ വിചാരിക്കുന്നതിനേക്കാള്‍ വലിയ സംഭവങ്ങള്‍ നമ്മളെ തേടിവരും എന്നതാണ് സത്യം.

അതിനുള്ള എക്‌സാബിളായിരുന്നു അദ്ദേഹവുമായി ചേര്‍ന്ന് എടുത്ത എന്റെ ഫോട്ടോ. ജോജു ചേട്ടന്റെ കൂടെയുള്ള ഫോട്ടോ എന്റെ ജീവിതത്തില്‍ എന്നും ചേര്‍ത്തു വെയ്ക്കാവുന്ന ഒന്നാണ്. അത്രയും നല്ല നിമിഷങ്ങളാണ് അത്,’ സാഗര്‍ സൂര്യ പറയുന്നു.

Content Highlight: Sagar Surya Talks About Joju George And Pani Movie