കോഹ്‌ലിയല്ല, അവനാണ് ഈ സീസണിലെ എന്റെ ഫേവറേറ്റ്; ബെംഗളൂരു താരത്തെ തെരഞ്ഞെടുത്ത് ബദ്രിനാഥ്
Cricket
കോഹ്‌ലിയല്ല, അവനാണ് ഈ സീസണിലെ എന്റെ ഫേവറേറ്റ്; ബെംഗളൂരു താരത്തെ തെരഞ്ഞെടുത്ത് ബദ്രിനാഥ്
ഫസീഹ പി.സി.
Friday, 22nd May 2026, 5:00 pm

ഐ.പി.എല്‍ 2026ലെ തന്റെ ഫേവറേറ്റ് താരത്തെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരം എസ്. ബദ്രിനാഥ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു താരം ഭുവനേശ്വര്‍ കുമാറിനെയാണ് താരം തെരഞ്ഞെടുത്തത്.

ബൗളിങ് മികവിനൊപ്പം തന്നെ വിക്കറ്റ് നേടുമ്പോളും ഭുവി കാണിക്കുന്ന ശാന്തതയും പക്വതയും തന്നെ അത്ഭുതപെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 36-ാം വയസില്‍ ഒരു പേസറായി പര്‍പ്പിള്‍ ക്യാപ്പില്‍ ഒന്നാമതെത്തുന്നത് വലിയ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു ബദ്രിനാഥ്.

എസ്. ബദ്രിനാഥ്.

‘ഈ സീസണിലെ എന്റെ ഫേവറേറ്റ് താരം ഭുവനേശ്വര്‍ കുമാറാണ്. ബൗളിങ് മികവിനപ്പുറം സ്വയം കൈകാര്യം ചെയ്യുന്ന രീതിയോട് എനിക്ക് വലിയ ബഹുമാനമുണ്ട്. അവന്‍ വിക്കറ്റ് നേടുമ്പോളും കാണിക്കുന്ന ശാന്തതയും പക്വതയും എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നു.

ടൂര്‍ണമെന്റില്‍ പലരും അമിതാവേശം കാണിക്കുമ്പോള്‍ ഭുവനേശ്വര്‍ തന്റെ പ്രകടനത്തിലൂടെയാണ് മറുപടി നല്‍കുന്നത്. ഇപ്പോഴും മികച്ച രീതിയിലാണ് അവന്‍ പന്തെറിയുന്നത്. 36-ാം വയസില്‍ ഒരു പേസറായി പര്‍പ്പിള്‍ ക്യാപ്പില്‍ ഒന്നാമതെത്തുന്നത് വലിയ നേട്ടമാണ്. ഈ പ്രകടനത്തില്‍ അവന്‍ സല്യൂട്ട് അര്‍ഹിക്കുന്നുണ്ട്,’ ബദ്രിനാഥ് പറഞ്ഞു.

ഭുവനേശ്വര്‍ ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനങ്ങളാണ് പുറത്തെടുക്കുന്നത്. 13 ഇന്നിങ്‌സില്‍ പന്തെറിഞ്ഞ താരം ഇതുവരെ 24 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച താരം തന്നെയാണ് ഈ സീസണിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്ത്.

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഭുവനേശ്വർ കുമാർ. Photo: IndianPremierLeague/x.com

മുംബൈ ഇന്ത്യന്‍സിനെതിരെ 24 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് ഈ സീസണിലെ ഭുവിയുടെ ഏറ്റവും മികച്ച പ്രകടനം. 16.37 ശരാശരിയും 7.70 എക്കോണമിയും ഈ സീസണില്‍ താരത്തിനുണ്ട്.

അതേസമയം, ആര്‍.സി.ബി ഇന്ന് തങ്ങളുടെ അവസാന ലീഗ് മത്സരത്തിന് ഇറങ്ങുകയാണ്. സണ്‍റൈസേഴ്സ് ഹൈദരാബാദാണ് എതിരാളികള്‍. എസ്.ആര്‍. എച്ചിന്റെ തട്ടകമായ ഉപ്പല്‍ സ്റ്റേഡിയമാണ് വേദി.

Content Highlight: S Badrinath selects Bhuvaneshwar Kumar as his favorite player in IPL 2026

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി