ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ കളിക്കണമെന്ന് സഞ്ജു സാംസണ് നേരത്തെ ആഗ്രഹമുണ്ടായിരുന്നതായി നായകന്‍ ഋതുരാജ് ഗെയ്ക്വാദ്. നേരത്തെ ഇംഗ്ലണ്ടിലായിരിക്കവെ താന്‍ സഞ്ജുവുമായി ഇക്കാര്യം സംസാരിച്ചതെന്നും അപ്പോള്‍ തനിക്ക് കീഴില്‍ കളിക്കണമെന്ന് സഞ്ജു തന്നോട് പറഞ്ഞതായും ഗെയ്ക്വാദ് പറഞ്ഞു.
സി.എസ്.കെ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഇംഗ്ലണ്ടില്‍ വെച്ചാണെന്ന് തോന്നുന്നു, അന്ന് ഞങ്ങള്‍ ഒരു കാര്യം സംസാരിച്ചിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ കാര്യങ്ങള്‍ എങ്ങനെയാണെന്നും അവിടുത്തെ അന്തരീക്ഷം എന്താണെന്നുമെല്ലാം അദ്ദേഹം ചോദിച്ചിരുന്നു.
ഒരു സൗത്ത് ഇന്ത്യന്‍ എന്ന നിലയില്‍ നിങ്ങള്‍ ചെന്നൈയിലേക്ക് വന്ന് കാര്യങ്ങള്‍ മനസിലാക്കണം, നിങ്ങള്‍ അവിടെയുണ്ടാകണം എന്നായിരുന്നു അപ്പോള്‍ എന്റെ മറുപടി,’ അഭിനവ് മുകുന്ദിനോട് ഗെയ്ക്വാദ് പറഞ്ഞു.
‘അത്തരമൊരു അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും വരാന്‍ ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രണ്ടോ മൂന്നോ വര്‍ഷം മുമ്പ് അദ്ദേഹം എന്നോട് ആദ്യം ചോദിച്ചത് അവിടെ കാര്യങ്ങള്‍ എങ്ങനെയാണെന്നും ഞാന്‍ അടുത്ത ക്യാപ്റ്റനാകുമോ എന്നുമായിരുന്നു.
സഞ്ജുവും ഗെയ്ക്വാദും
ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, അതേക്കുറിച്ചൊന്നും എനിക്കറിയില്ല. എനിക്ക് ക്യാപ്റ്റന്‍സിയില്‍ വലിയ താത്പര്യമില്ല. എനിക്ക് ഇവിടെ കളിക്കാന്‍ ഇഷ്ടമാണ്. എനിക്ക് അന്തരീക്ഷം ഇഷ്ടമാണ്, സംസ്‌കാരം ഇഷ്ടമാണ്, ഒരു കളിക്കാരന്‍ എന്ന നിലയിലും ഞാന്‍ ഇവിടെ ശരിക്കും സന്തോഷവാനാണ്’ താരം കൂട്ടിച്ചേര്‍ത്തു.
തന്റെ കീഴില്‍ കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് സഞ്ജു പറഞ്ഞുവെന്നും ഗെയ്ക്വാദ് കൂട്ടിച്ചേര്‍ത്തു.
‘എന്നെ ക്യാപ്റ്റനാകാന്‍ ആഗ്രഹിക്കുന്ന ഒരു സാഹചര്യത്തില്‍ വരാന്‍ താത്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളുടെ കീഴില്‍ കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് നിങ്ങളുടെ ടീമാണ്. ഇത് നിങ്ങളുടെ ഫ്രാഞ്ചൈസിയാണ്. ഒരു കളിക്കാരന്‍ എന്ന നിലയില്‍ അവിടെ ഉണ്ടാകുന്നതില്‍ ഞാന്‍ സന്തോഷിക്കും. എനിക്ക് അവസരം ലഭിക്കുമ്പോള്‍ ഞാന്‍ തീര്‍ച്ചയായും വരാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു സഞ്ജു പറഞ്ഞത്,’ ചെന്നൈ നായകന്‍ വ്യക്തമാക്കി.
പുതിയ സീസണില്‍ ഗെയ്ക്വാദിനൊപ്പമാണ് സഞ്ജു സൂപ്പര്‍ കിങ്‌സിനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ഐ.പി.എല്‍ 2026ന് മുന്നോടിയായി 18 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ട്രേഡിലൂടെ സഞ്ജു സൂപ്പര്‍ കിങ്‌സിലെത്തിയത്.
ഈ കൈമാറ്റത്തിന്റെ ഭാഗമായി ചെന്നൈയുടെ ഐക്കണ്‍ താരം രവീന്ദ്ര ജഡേജ രാജസ്ഥാന്‍ റോയല്‍സിലേക്ക് പോവുകയും ചെയ്തു.
മാര്‍ച്ച് 30നാണ് സൂപ്പര്‍ കിങ്‌സ് ആദ്യ മത്സരത്തിനിറങ്ങുന്നത്. സഞ്ജുവിന്റെ പഴയ ടീൂമായ രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍. രാജസ്ഥാന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയമാണ് വേദി.
Content Highlight: Ruturaj Gaikwad about conversation with Sanju Samson