മലയാളസിനിമയിലെ ബ്രാന്‍ഡ് കഥാപാത്രങ്ങളിലൊന്നാണ് സേതുരാമയ്യര്‍ സി.ബി.ഐ. എസ്.എന്‍ സ്വാമിയുടെ തൂലികയില്‍ പിറന്ന സേതുരാമയ്യരെ തിരശ്ശീലയില്‍ അവതരിപ്പിച്ചത് മമ്മൂട്ടിയായിരുന്നു. 1988ലാണ് ആദ്യ സി.ബി.ഐ ചിത്രം റിലീസായത്. 38 വര്‍ഷത്തിനിടയില്‍ സി.ബി.ഐ സീരീസില്‍ അഞ്ച് സിനിമകളാണ് പുറത്തിറങ്ങിയത്.

ഒരേ തിരക്കഥാകൃത്തും സംവിധായകനും നായകനുമൊന്നിച്ച് ഒരു ഫ്രാഞ്ചൈസിയിലെ അഞ്ച് സിനിമകളാണ് ഒരുക്കിയത്. മറ്റൊരിടത്തും ഇത്തരമൊരു റെക്കോഡില്ല. വന്‍ ഹൈപ്പില്‍ 2022ല്‍ റിലീസായ സി.ബി.ഐ 5 ദി ബ്രെയിന്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരുന്നില്ല. ഒട്ടും അപ്‌ഡേറ്റാകാത്ത തിരക്കഥയാണ് ചിത്രത്തിന് തിരിച്ചടിയായത്.

ഇപ്പോഴിതാ സേതുരാമയ്യര്‍ ആറാം വരവിനൊരുങ്ങുന്നു എന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. സി.ബി.ഐ 6ന്റെ സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ പുരോഗമിക്കുകയാണെന്ന് പല സിനിമാപേജുകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മുന്‍ ചിത്രങ്ങളൊരുക്കിയ സംവിധായകന്‍ കെ. മധുവും തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമിയും ആറാം ഭാഗത്തിലുണ്ടാകില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

പുതിയ തിരക്കഥാകൃത്തും സംവിധായകനുമാകും സേതുരാമയ്യറെ റീബൂട്ട് ചെയ്യുകയെന്നും സിനിമാപേജുകളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രീസ്റ്റ്, രേഖാചിത്രം എന്നീ ചിത്രങ്ങളൊരുക്കിയ ജോഫിന്‍ ടി. തോമസാകും ചിത്രം സംവിധാനം ചെയ്യുകയെന്നാണ് റിപ്പോര്‍ട്ടില്‍. തിരക്കഥാകൃത്തുക്കളായി മിഥുന്‍ മാനുവല്‍ തോമസിന്റെയും രാമു സുനിലിന്റെയും പേരുകളാണ് ഈ ചര്‍ച്ചയില്‍ ഉയര്‍ന്നുകേള്‍ക്കുന്നത്.

മമ്മൂട്ടിയുടെ ഫാന്‍ബോയ് എന്ന് രണ്ട് സിനിമകള്‍ പേരെടുത്ത സംവിധായകനാണ് ജോഫിന്‍ തോമസ്. രേഖാചിത്രത്തില്‍ എ.ഐ ഉപയോഗിച്ച് റീക്രിയേറ്റ് ചെയ്തത് കേരളത്തിന് പുറത്തും ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഇഷ്ടനടന്റെ ഐക്കോണിക് കഥാപാത്രത്തെ വീണ്ടും തിരശ്ശീലയിലെത്തിക്കാന്‍ ജോഫിന് സാധിക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

രേഖാചിത്രത്തിന് തിരക്കഥയൊരുക്കിയ രാമു സുനിലോ അഞ്ചാം പാതിരയടക്കം പല ത്രില്ലറുകളുമൊരുക്കിയ മിഥുന്‍ മാനുവല്‍ തോമസോ ആകും സ്‌ക്രിപ്റ്റ് ഒരുക്കുക. ഈ പ്രൊജക്ടിനെക്കുറിച്ചുള്ള ഔദ്യോഗിക അനൗണ്‍സ്‌മെന്റ് വരുംദിവസങ്ങളില്‍ പുറത്തുവിടുമെന്നാണ് കരുതുന്നത്.

നിലവില്‍ രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന D55ന്റെ ഷൂട്ടിലാണ് മമ്മൂട്ടി. അമരന് ശേഷം രാജ്കുമാര്‍ ഒരുക്കുന്ന ചിത്രത്തില്‍ ധനുഷാണ് നായകന്‍. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി ഒരു തമിഴ് ചിത്രത്തിന്റെ ഭാഗമാകുന്നത്. 35 ദിവസത്തെ ഡേറ്റാണ് മമ്മൂട്ടി D55ക്ക് നല്‍കിയിരിക്കുന്നത്. ഇതിന് ശേഷം നിതീഷ് സഹദേവ് ഒരുക്കുന്ന ചിത്രത്തിലേക്ക് താരം കടക്കും.

Content Highlight: Rumors that Sixth part of CBI series under writing stage by Joffin T Chacko