ഫസ്റ്റ് പാര്‍ട്ടിലെ ക്രഷ് മെറ്റീരിയല്‍ ഇത്തവണ വില്ലത്തിയാകാന്‍ ചാന്‍സുണ്ട്, ധുരന്ധര്‍ 2ല്‍ സാറ അര്‍ജുന്‍ ഞെട്ടിക്കുമെന്ന് പോസ്റ്റുകള്‍
Indian Cinema
ഫസ്റ്റ് പാര്‍ട്ടിലെ ക്രഷ് മെറ്റീരിയല്‍ ഇത്തവണ വില്ലത്തിയാകാന്‍ ചാന്‍സുണ്ട്, ധുരന്ധര്‍ 2ല്‍ സാറ അര്‍ജുന്‍ ഞെട്ടിക്കുമെന്ന് പോസ്റ്റുകള്‍
അമര്‍നാഥ് എം.
Saturday, 7th March 2026, 6:35 pm

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധുരന്ധര്‍ പാര്‍ട്ട് 2: റിവഞ്ച്. കഴിഞ്ഞവര്‍ഷം അധികം ഹൈപ്പൊന്നുമില്ലാതെ റിലീസ് ചെയ്ത് ബോക്‌സ് ഓഫീസിന്റെ ആണിക്കല്ലിളക്കിയ ചിത്രമായിരുന്നു ധുരന്ധര്‍. ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 1400 കോടിയോളമായിരുന്നു നേടിയത്.

ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ആദ്യഭാഗത്തെക്കാള്‍ ഇരട്ടി ഡോസിലുള്ള വയലന്‍സാണ് ചിത്രത്തിലെന്ന് ട്രെയ്‌ലര്‍ അടിവരയിടുന്നുണ്ട്. എന്നാല്‍ കഥയെക്കുറിച്ച് അധികം ഡീറ്റെയിലുകള്‍ ട്രെയ്‌ലറില്‍ കാണിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ സംവിധായകന്‍ ഒളിപ്പിച്ചുവെച്ച ചില ബ്രില്യന്‍സുകള്‍ ഇതിനോടകം ചര്‍ച്ചയായി.

അതിലൊന്നാണ് നായികയായ സാറ അര്‍ജുന്‍. ആദ്യഭാഗത്തില്‍ പാവത്താന്‍ ഇമേജിലായിരുന്നു സംവിധായകന്‍ സാറയെ അവതരിപ്പിച്ചത്. യലീന എന്ന കഥാപാത്രത്തിന് രണ്ടാം ഭാഗത്തിലും പ്രാധാന്യമുണ്ടെന്ന് ട്രെയ്‌ലറില്‍ കാണിക്കുന്നുണ്ട്. വെറും രണ്ട് ഷോട്ടില്‍ മാത്രമാണ് സാറയെ കാണിച്ചത്. എന്നാല്‍ വളരെ ഗംഭീരമായാണ് ഈ ഷോട്ടുകളില്‍ സാറയെ സംവിധായകന്‍ അവതരിപ്പിച്ചത്.

തോക്കെടുത്ത് ആര്‍ക്കോ നേരെ യലീന ചൂണ്ടുന്ന ഷോട്ട് ഇതിനോടകം ചര്‍ച്ചയായി. ഹംസയുടെ യഥാര്‍ത്ഥ ഐഡന്റിറ്റി യലീന മനസിലാക്കിയിട്ടുണ്ടാകുമെന്നും അതിനാല്‍ അയാളെ കൊല്ലാനായിരിക്കും യലീന ശ്രമിക്കുന്നതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മറ്റേതെങ്കിലും കഥാപാത്രത്തിന് നേരെ തോക്ക് ചൂണ്ടുന്നതാകാമെന്നും കമന്റുകളുണ്ട്.

നായികയായി മാത്രമല്ല, നെഗറ്റീവ് കഥാപാത്രമായും സാറ ഇത്തവണ കൈയടി നേടുമെന്നാണ് കണക്കുകൂട്ടല്‍. ബോളിവുഡിലെ അരങ്ങേറ്റം സാറക്ക് ഒരുപാട് അവസരങ്ങള്‍ തുറന്നിട്ടേക്കുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. റിലീസിന് ശേഷം ധുരന്ധര്‍ 2ല്‍ ഞെട്ടിക്കുന്നവരില്‍ യലീനയുമുണ്ടാകുമോ എന്ന് മാര്‍ച്ച് 19ന് അറിയാനാകും.

രണ്‍വീര്‍ സിങ്ങിന്റെ പാസ്റ്റും ധുരന്ധര്‍ 2ല്‍ പ്രധാന ഭാഗമാണ്. ജസ്‌കീരത് സിങ് രംഗി എങ്ങനെയാണ് ഹംസ അലിയായി മാറിയത് എന്ന് രണ്ടാം ഭാഗത്തില്‍ സംവിധായകന്‍ വ്യക്തമാക്കും. ആക്ഷനെക്കാളുപരി ഇമോഷനാകും ആദിത്യ ധര്‍ ഇത്തവണ പ്രാധാന്യം നല്‍കുകയെന്നും ട്രെയ്‌ലര്‍ സൂചന നല്‍കുന്നുണ്ട്.

ആദ്യ ഭാഗത്തില്‍ അക്ഷയ് ഖന്ന അവതരിപ്പിച്ച റഹ്‌മാന്‍ ദാക്കൈത്ത് മാത്രമാണ് ഹംസയുടെ എതിരാളിയെങ്കില്‍ ഇത്തവണ ഒരുപാട് വില്ലന്മാരെ നേരിടേണ്ടി വരുമെന്നും ട്രെയ്‌ലര്‍ സൂചന നല്‍കുന്നുണ്ട്. അര്‍ജുന്‍ രാംപാലിന്റെ മേജര്‍ ഇഖ്ബാല്‍, സഞ്ജയ് ദത്തിന്റെ ചൗധരി അസ്‌ലം, ഡാനിഷ് പന്‍ഡോര്‍ അവതരിപ്പിക്കുന്ന ഉസൈര്‍ ബലോച്ച് എന്നീ കഥാപാത്രങ്ങളെ ഹംസ എങ്ങനെ ഇല്ലാതാക്കുമെന്നാണ് പലരും ഉറ്റുനോക്കുന്നത്.

Content Highlight: Rumors that Sara Arjun might play negative shade character in Dhurandhar 2 movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

 

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം