മലയാളത്തില്‍ നിന്ന് പാന്‍ ഇന്ത്യന്‍ റീച്ച് നേടിയ ചുരുക്കം നടന്മാരില്‍ ഒരാളാണ് പൃഥ്വിരാജ്. കരിയറിന്റെ തുടക്കത്തില്‍ തന്നെ തന്റെ സിനിമാജീവിതം എത്രത്തോളം ഉയരത്തിലെത്തിക്കണമെന്ന് വ്യക്തമായ ലക്ഷ്യം പൃഥ്വിക്ക് ഉണ്ടായിരുന്നു. വളരെ കൃത്യമായി പ്ലാന്‍ ചെയ്ത് ആ ലക്ഷ്യത്തിലേക്ക് താരം എത്തിച്ചേരുകയും ചെയ്തു.
കരിയറിന്റെ പുതിയ ഫെയ്‌സിലും പരീക്ഷണ സിനിമകളും എന്റര്‍ടൈനറുകളും ഒരുപോലെ കൊണ്ടുപോവുകയാണ് പൃഥ്വിരാജ്. പൃഥ്വിയുടേതായി അനൗണ്‍സ് ചെയ്ത സന്തോഷ് ട്രോഫിയില്‍ നിന്ന് താരം പിന്മാറുകയാണെന്ന തരത്തില്‍ റൂമറുകള്‍ വന്നിരുന്നു. ഡേറ്റ് ഇഷ്യു കാരണമാണ് പൃഥ്വി പിന്മാറിയതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ സന്തോഷ് ട്രോഫിക്ക് പകരം പൃഥ്വി കമ്മിറ്റ് ചെയ്ത പ്രൊജക്ടിനെക്കുറിച്ചാണ് സിനിമാപേജുകളില്‍ ചര്‍ച്ച.
പൃഥ്വിരാജ് Photo: Screen grab/ Asianet News
മോളിവുഡിലെ യുവസംവിധായകരില്‍ മുന്‍നിരയിലുള്ള രാഹുല്‍ സദാശിവനുമായിട്ടാണ് പൃഥ്വിരാജ് കൈകോര്‍ക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡീയസ് ഈറേക്ക് ശേഷം പൃഥ്വിരാജിനെയും മഞ്ജു വാര്യറെയും കേന്ദ്ര കഥാപാത്രങ്ങളാക്കിയുള്ള സിനിമയാണ് രാഹുല്‍ ചെയ്യുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ ഈ പ്രൊജക്ടിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
കേരളത്തില്‍ പ്രചാരമുള്ള ഒടിയന്‍ എന്ന സബ്ജക്ടിനെ മുന്‍നിര്‍ത്തിയാകും ഈ പ്രൊജക്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹൈപ്പിലെത്തി പ്രേക്ഷകരെ ഒന്നടങ്കം നിരാശരാക്കിയ ചിത്രമായിരുന്നു ഒടിയന്‍. മോഹന്‍ലാലും ശ്രീകുമാര്‍ മേനോനും പരാജയപ്പെട്ട ഇടത്ത് പൃഥ്വിയും രാഹുലും വിജയിക്കുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് വരുംദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് കരുതുന്നത്.
രാഹുല്‍ സദാശിവന്‍ Photo: Screen grab/ Cue Studio
ഹൊറര്‍ സിനിമകളില്‍ മലയാളത്തില്‍ പുതിയൊരു ബെഞ്ച്മാര്‍ക്ക് സൃഷ്ടിച്ച രാഹുല്‍ സദാശിവനൊപ്പം പൃഥ്വിരാജ് കൈകോര്‍ക്കുമ്പോള്‍ പ്രതീക്ഷകളേറെയാണ്. മമ്മൂട്ടിയെ ഇതുവരെ കാണാത്ത തരത്തില്‍ ചാത്തനായി അവതരിപ്പിച്ച രാഹുല്‍ ഒടിയനെന്ന കഥാപാത്രമായി പൃഥ്വിരാജിനെ ഗംഭീരമായി അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.
നിലവില്‍ പൃഥ്വി ചെയ്തുകൊണ്ടിരിക്കുന്ന ഖലീഫയുടെ ഷൂട്ട് പൂര്‍ത്തിയായാല്‍ ഉടനെ തന്നെ ഈ പ്രൊജക്ട് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനാലാണ് സന്തോഷ് ട്രോഫിയില്‍ നിന്ന് പൃഥ്വി പിന്മാറിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൃഥ്വിരാജിന് പകരം ജോമോന്‍ ജ്യോതിറാകും സന്തോഷ് ട്രോഫിയില്‍ നായകനാവുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പൃഥ്വിരാജ് Photo: Prithviraj Sukumaran/ Facebook
രാജമൗലി ഒരുക്കുന്ന വാരണാസിയുടെ ഷെഡ്യൂള്‍ ബ്രേക്കിലാണ് പൃഥ്വി ഈ പ്രൊജക്ട് പൂര്‍ത്തിയാക്കുക. 2026ന്റെ ആദ്യപകുതിയില്‍ സിനിമയൊന്നുമില്ലാത്ത പൃഥ്വിയുടെ ആദ്യ റിലീസ് ജൂലൈയിലാണ്. നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ഐ നോബഡി, വൈശാഖിന്റെ ഖലീഫ എന്നിവയിലൂടെ താരം തന്റെ റേഞ്ച് വ്യക്തമാക്കുമെന്ന് ഉറപ്പാണ്.
Content Highlight: Rumors that Prithviraj playing as Odiyan character under the direction of Rahul Sadasivan