പൈസ ബാക്കി തരാതെ ഡബ്ബ് ചെയ്യില്ല? ലവ് ഇന്‍ഷുറന്‍സ് കമ്പനി റിലീസ് മാറ്റിയത് പ്രദീപ് രംഗനാഥന്റെ പ്രതിഫലത്തെച്ചൊല്ലിയുള്ള തര്‍ക്കമോ?
Indian Cinema
പൈസ ബാക്കി തരാതെ ഡബ്ബ് ചെയ്യില്ല? ലവ് ഇന്‍ഷുറന്‍സ് കമ്പനി റിലീസ് മാറ്റിയത് പ്രദീപ് രംഗനാഥന്റെ പ്രതിഫലത്തെച്ചൊല്ലിയുള്ള തര്‍ക്കമോ?
അമര്‍നാഥ് എം.
Wednesday, 25th March 2026, 8:46 pm

തമിഴ് സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലവ് ഇന്‍ഷുറന്‍സ് കമ്പനി. തമിഴില്‍ നിലവിലെ സെന്‍സേഷനായി നില്‍ക്കുന്ന പ്രദീപ് രംഗനാഥന്‍ നായകനായെത്തുന്ന ചിത്രത്തിന്റെ സംവിധായകന്‍ വിഘ്‌നേശ് ശിവനാണ്. 2023ല്‍ അനൗണ്‍സ് ചെയ്ത ചിത്രം ഇതുവരെ തിയേറ്ററുകളിലെത്തിയിട്ടില്ല. പലതവണ റിലീസ് മാറ്റിവെച്ച് ഏപ്രില്‍ മൂന്നിന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് ഒടുവില്‍ അറിയിച്ചത്.

എന്നാല്‍ ഏറ്റവുമൊടുവില്‍ വരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ഏപ്രില്‍ മൂന്നിനും ചിത്രം തിയേറ്ററുകളിലെത്തിയേക്കില്ല. മലേഷ്യന്‍ സെന്‍സര്‍ ബോര്‍ഡ് അവധിയായതിനാലാണ് റിലീസ് മാറ്റിവെച്ചതെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചത്. എന്നാല്‍ യഥാര്‍ത്ഥ കാരണം അതല്ലെന്നും നായകനായ പ്രദീപ് രംഗനാഥനും നിര്‍മാതാക്കളും തമ്മില്‍ പ്രതിഫലത്തെച്ചൊല്ലിയുണ്ടായ അഭിപ്രായവ്യത്യാസമാണ് ഇതിന് പിന്നിലെന്നുമാണ് റിപ്പോര്‍ട്ട്.

ചിത്രം അനൗണ്‍സ് ചെയ്ത സമയത്ത് 13 കോടിയായിരുന്നു പ്രദീപിന്റെ പ്രതിഫലം. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് ഷൂട്ട് നീണ്ടുപോവുകയായിരുന്നു. കഴിഞ്ഞവര്‍ഷം പ്രദീപ് നായകനായെത്തിയ രണ്ട് ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ 100 കോടിയിലേറെ നേടിയിരുന്നു. ഇതോടെ പ്രദീപിന്റെ സ്റ്റാര്‍ഡം കൂടുകയും 25 കോടിയായി താരത്തിന്റെ പ്രതിഫലം ഉയരുകയും ചെയ്തു.

ഈ പ്രതിഫലം വേണമെന്ന് പ്രദീപ് ആവശ്യപ്പെട്ടെന്നും അതിനാലാണ് ഡബ്ബ് ചെയ്യാത്തതെന്നും ചില സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രത്തിന്റെ നിര്‍മാതാക്കളായ വിഘ്‌നേശ് ശിവനും നയന്‍താരയുമായിട്ടാണ് പ്രദീപിന്റെ തര്‍ക്കമെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. 90 കോടിയോളം ബജറ്റിലാണ് ചിത്രം ഒരുങ്ങിയത്.

2024 സമ്മര്‍ റിലീസായിട്ടിരുന്നു ചിത്രം പ്രഖ്യാപിച്ചത്. എന്നാല്‍ അവിടന്ന് 2025ലേക്ക് റിലീസ് മാറ്റുകയായിരുന്നു. പല തവണ റിലീസ് മാറ്റിവെച്ച് ഏപ്രില്‍ മൂന്നിലേക്ക് പ്രഖ്യാപിച്ച ചിത്രത്തിന്റെ റിലീസ് വീണ്ടും മാറ്റേണ്ടി വരുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. തുടര്‍ച്ചയായി രണ്ട് സിനിമകള്‍ 100 കോടി ക്ലബ്ബില്‍ കയറ്റിയ പ്രദീപ് എല്‍.ഐ.കെയിലൂടെ ഹാട്രിക് 100 കോടി നേടാന്‍ സാധ്യതയുണ്ടെന്നും പ്രവചനങ്ങളുണ്ട്.

കാത്തുവാക്കുല രണ്ട് കാതല്‍ എന്ന ചിത്രത്തിന് ശേഷം വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കൃതി ഷെട്ടി നായികയായെത്തുന്ന ചിത്രത്തില്‍ എസ്.ജെ. സൂര്യയും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. അനിരുദ്ധ് ഈണമിട്ട ഗാനങ്ങളെല്ലാം ചാര്‍ട്ട്ബസ്റ്ററായി മാറിക്കഴിഞ്ഞു. റിലീസിന് ഇത്രയും പ്രതിസന്ധികള്‍ നേരിടുന്നതിനാല്‍ അടുത്ത ധ്രുവ നച്ചത്തിരമായി എല്‍.ഐ.കെ മാറുമോ എന്നും ചോദ്യങ്ങളുണ്ട്.

Content Highlight: Rumors that Pradeep Ranganathan and producers have dispute over remuneration in LIK movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം