ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമാകുമെന്ന് പലരും കരുതുന്ന ചിത്രങ്ങളിലൊന്നാണ് ജയിലര്‍ 2. രജിനികാന്തിന്റെ സ്റ്റാര്‍ഡം കൃത്യമായി ഉപയോഗിക്കാനറിയുന്ന നെല്‍സണ്‍ ഇത്തവണയും നിരാശപ്പെടുത്തില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ. ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്റെ തിരിച്ചുവരവ് ബോക്‌സ് ഓഫീസില്‍ എന്തൊക്കെ അത്ഭുതങ്ങള്‍ കാണിക്കുമെന്നറിയാന്‍ പലരും കാത്തിരിക്കുകയാണ്.

അനൗണ്‍സ്‌മെന്റ് മുതലുള്ള ഹൈപ്പ് ഇരട്ടിയാക്കിക്കൊണ്ട് കഴിഞ്ഞദിവസം ജയിലര്‍ 2ന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരുന്നു. കഥയെക്കുറിച്ച് ഏകദേശ ധാരണ നല്‍കുന്ന ട്രെയ്‌ലറാണ് പുറത്തുവിട്ടത്. വര്‍മനെ ഇല്ലാതാക്കിയതിന് ശേഷം അയാള്‍ക്ക് മുകളിലുള്ളവരെ അന്വേഷിച്ച് ഇറങ്ങുന്ന ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്റെ കഥയാണ് രണ്ടാം ഭാഗത്തിന്റെ പ്രധാന കഥ.

ആദ്യഭാഗത്തെക്കാള്‍ ശക്തരായ വില്ലന്മരെയാണ് ഇത്തവണ ടൈഗറിന് നേരിടാനുള്ളത്. ആദ്യഭാഗത്തില്‍ സഹായത്തിനെത്തിയ നരസിംഹന്‍, മാത്യു എന്നിവര്‍ക്ക് പുറമെ പുതിയ ചില സഹായികളും ഇത്തവണ മുത്തുവേല്‍ പാണ്ഡ്യനൊപ്പമുണ്ട്. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ സീന്‍ തൂക്കിയത് മലയാളത്തിന്റെ മോഹന്‍ലാലാണെന്ന് പലരും അഭിപ്രായപ്പെടുന്നു.

ആദ്യഭാഗത്തിലെക്കാള്‍ സ്റ്റൈലിഷായാണ് മോഹന്‍ലാലിനെ നെല്‍സണ്‍ അവതരിപ്പിച്ചതെന്ന് ട്രെയ്‌ലറില്‍ വ്യക്തമാണ്. വരുന്ന സീനുകളിലെല്ലാം മാത്യു തിയേറ്റര്‍ കത്തിക്കുമെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇത്തവണ കഥയില്‍ വലിയൊരു ട്വിസ്റ്റുണ്ടാകുമെന്ന റിപ്പോര്‍ട്ട് സിനിമാപേജുകളില്‍ ചര്‍ച്ചയാവുകയാണ്.

മുത്തുവേല്‍ പാണ്ഡ്യന്റെ ഗ്യാങ്ങിലെ ഒരാള്‍ ഇത്തവണ വില്ലന്മാര്‍ക്കൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്. മാത്യു (മോഹന്‍ലാല്‍), നരസിംഹന്‍ (ശിവ രാജ്കുമാര്‍), കാംദേവ് (ജാക്കി ഷ്‌റോഫ്) എന്നിവരില്‍ ആരാകും അതെന്ന് പലരും ചര്‍ച്ച ചെയ്യുന്നു. മോഹന്‍ലാലിനെ വില്ലനാക്കരുതെന്നാണ് ആരാധകരുടെ കമന്റ്. ആദ്യഭാഗത്തെപ്പോലെ ഇരുവരെയും സുഹൃത്തുക്കളായി കാണിച്ചാല്‍ മതിയെന്നും കമന്റുകളുണ്ട്.

വില്ലന്‍ കഥാപാത്രങ്ങളില്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് മലയാളി താരം സുരാജ് വെഞ്ഞാറമൂടിന്റെ പ്രകടനത്തിനാണ്. മിമിക്രിയിലൂടെ സിനിമയിലേക്ക് കടന്നുവന്ന് ഇന്ന് സാക്ഷാല്‍ തലൈവര്‍ക്ക് എതിരെ നില്‍ക്കുന്ന തരത്തില്‍ വളര്‍ന്ന സുരാജ് ജയിലര്‍ 2ല്‍ ഞെട്ടിക്കുമെന്ന് ഉറപ്പാണ്. പോസിറ്റീവ് റിപ്പോര്‍ട്ടാണെങ്കില്‍ കോളിവുഡിലെ സകല റെക്കോഡുകളും മുത്തുവേല്‍ പാണ്ഡ്യന്‍ തകര്‍ക്കുമെന്നാണ് ട്രാക്കര്‍മാരുടെ പ്രവചനം.

Content Highlight: Rumors that Mohanlal will be play villain character in Jailer 2 movie