അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പരക്ക് നാളെയാണ് തുടക്കമാവുന്നത്. ധര്‍മശാലയിലാണ് ആദ്യ മത്സരം. പരമ്പരയില്‍ ഏവരുടെയും ശ്രദ്ധാ കേന്ദ്രം സൂപ്പര്‍ താരം രോഹിത് ശര്‍മയാണ്. ആദ്യ മത്സരത്തില്‍ അഫ്ഗാനെതിരെ കളത്തിലിറങ്ങുമ്പോള്‍ രോഹിത്തിന് ഒരു ചരിത്ര നേട്ടം സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.
ഏകദിനത്തില്‍ ഇന്ത്യക്കായി കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായാവും ഹിറ്റ്മാന്‍ മാറുക. 39 വയസും 44 ദിവസവും പ്രായമുള്ള രോഹിത് ഈ നേട്ടത്തിന്റെ തൊട്ടരികിലാണ്. മുന്‍ ഇന്ത്യന്‍ താരം മൊഹീന്ദര്‍ അമര്‍നാഥിനെയാണ് രോഹിത് മറികടക്കുക. 1989ല്‍ ഇന്ത്യന്‍ ടീമിന് വേണ്ടി അവസാന ഏകദിനം കളിക്കുമ്പോള്‍ അമര്‍നാഥിന് 39 വയസും 36 ദിവസവുമായിരുന്നു പ്രായം.
മൊഹീന്ദര്‍ അമര്‍നാഥ്
പരമ്പര തുടങ്ങുന്നതിന് മുന്നോടിയായി രോഹിത് ശര്‍മ പരിക്ക് മൂലം കളിക്കാന്‍ സാധ്യത കുറവാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നിലവില്‍ ടീമിനൊപ്പം താരം ചേര്‍ന്നത് ആരാധകര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.
അതേസമയം ടെസ്റ്റ് മത്സരത്തില്‍ അഫ്ഗാനെതിരെ നേടിയ കൂറ്റന്‍ വിജയത്തിന്റെ ആധിപത്യവുമായിട്ടായിരിക്കും ഇന്ത്യ കളത്തിലിറങ്ങുക. വണ്‍ ഓഫ് ടെസ്റ്റില്‍ ഇന്നിങ്‌സിനും 300 റണ്‍സിനുമാണ് ഇന്ത്യ വിജയച്ചത്.
പി.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ടാം ദിനത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 564 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ശേഷം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാനെ ഇന്ത്യ 152 റണ്‍സിന് ഓള്‍ ഔട്ട് ചെയ്ത് ഫോളോ ഓണിന് വിടുകയും ചെയ്തു. രണ്ടാം ഇന്നിങ്‌സിനിറങ്ങിയ അഫ്ഗാനെ ഇന്ത്യ 112 റണ്‍സിന് ഓള്‍ ഔട്ട് ചെയ്തു.