ഇന്ത്യന്‍ ചരിത്രത്തില്‍ അഞ്ചാമനായി ഹിറ്റ്മാന്‍; സച്ചിന്‍ വാഴുന്ന ലിസ്റ്റിലേക്ക് മാസ് എന്‍ട്രി
Cricket
ഇന്ത്യന്‍ ചരിത്രത്തില്‍ അഞ്ചാമനായി ഹിറ്റ്മാന്‍; സച്ചിന്‍ വാഴുന്ന ലിസ്റ്റിലേക്ക് മാസ് എന്‍ട്രി
ശ്രീരാഗ് പാറക്കല്‍
Wednesday, 17th June 2026, 7:59 pm

അഫ്ഗാനിസ്ഥാനും ഇന്ത്യയും തമ്മിലുള്ള രണ്ടാം ഏകദിന മത്സരം എകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 49.5 ഓവറില്‍ 402 റണ്‍സിന് ഓള്‍ ഔട്ട് ആയിരിക്കുകയാണ്.

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി 39 പന്തില്‍ 48 റണ്‍സ് നേടിയാണ് ഹിറ്റ്മാന്‍ രോഹിത് ശര്‍മ മടങ്ങിയത്. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കിലും ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാന്‍ സാധിച്ചിരിക്കുകയാണ്. ലിസ്റ്റ് എ ക്രിക്കറ്റില്‍ 14000 റണ്‍സ് നേടാനാണ് രോഹിത്തിന് സാധിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ താരമാണ് രോഹിത്.രോഹിത് ശര്‍മ

ഇന്ത്യയ്ക്ക് വേണ്ടി ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവര്‍

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 21999 (551)

വിരാട് കോഹ്‌ലി – 16447 (347)

സൗരവ് ഗാംഗുലി – 15622 (437)

രാഹുല്‍ ദ്രാവിഡ് – 15271 (449)

രോഹിത് ശര്‍മ – 14038 (345)

ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ഇഷാന്‍ കിഷനുമാണ്. ഇരുവരും സെഞ്ച്വറി നേടിയാണ് അഫ്ഗാനിസ്ഥാനെതിരെ കിടിലന്‍ പ്രകടനം പുറത്തെടുത്തത്.

ഗില്‍ 110 പന്തില്‍ രണ്ട് സിക്‌സും 22 ഫോറും ഉള്‍പ്പെടെ 154 റണ്‍സാണ് അടിച്ചെടുത്തത്. 21ാം അന്താരാഷ്ട്ര സെഞ്ച്വറിയാണ് ഗില്‍ സ്വന്തമാക്കിയത്. ഇഷാന്‍ കിഷന്‍ 79 പന്തില്‍ ഏഴ് സിക്‌സും 14 ഫോറും ഉള്‍പ്പെടെ 125 റണ്‍സാണ് നേടിയത്. കിഷന്‍ തന്റെ മൂന്നാം അന്താരാഷ്ട്ര സെഞ്ച്വറിയാണ് സ്വന്തമാക്കിയത്. മറ്റാര്‍ക്കും ഭേദപ്പെട്ട സ്‌കോര്‍ നേടാന്‍ സാധിച്ചില്ല.

അഫ്ഗാനിസ്ഥാനായി മികച്ച ബൗളിങ് പ്രകടനം നടത്തിയത് നങ്കയാലിയ ഖരോട്ടാണ്. നാല് വിക്കറ്റുകളാണ് താരം നേടിയത്. റാഷിദ് ഖാന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ അല്ലാ ഖസന്‍ഫാര്‍, മുഹമ്മദ് സലീം എന്നിവര്‍ ഓരോ വിക്കറ്റും നേടി.

അതേസമയം നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 25 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് നേടിയിരിക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി ഗുര്‍ണൂര്‍ ബ്രാര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അര്‍ഷ്ദീപ് സിങ്ങും വാഷിങ്ടണ്‍ സുന്ദര്‍ ഓരോ വിക്കറ്റ് നേടിയിട്ടുണ്ട്.

Content Highlight: Rohit Sharma Complete 14000 Runs In List A Cricket

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ