കൊടുങ്കാറ്റായി റിക്കിള്‍ട്ടണ്‍ ഇടിമിന്നലായി രോഹിത്; മുംബൈയുടെ ചരിത്രത്തില്‍ പുതിയ ഹീറോസ്!
Cricket
കൊടുങ്കാറ്റായി റിക്കിള്‍ട്ടണ്‍ ഇടിമിന്നലായി രോഹിത്; മുംബൈയുടെ ചരിത്രത്തില്‍ പുതിയ ഹീറോസ്!
ശ്രീരാഗ് പാറക്കല്‍
Monday, 30th March 2026, 6:09 pm

2026 ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. മുബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ടീമിന്റെ വിജയം.

കൊല്‍ക്കത്ത ഉയര്‍ത്തിയ 221 റണ്‍സിന്റെ വിജയലക്ഷ്യം മുംബൈ അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഓപ്പണര്‍മാരായ റയാന്‍ റിക്കില്‍ട്ടണിന്റെയും രോഹിത് ശര്‍മയുടെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ടീം വിജയിച്ചത്.

മത്സരത്തില്‍ മുംബൈക്ക് വേണ്ടി റിക്കില്‍ട്ടണ്‍ 43 പന്തില്‍ 81 റണ്‍സും രോഹിത് 38 പന്തില്‍ 78 റണ്‍സും നേടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ചു. എട്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 188.37 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് റിക്കിള്‍ട്ടണ്‍ ബാറ്റ് വീശിയത്. അതേസമയം ആറ് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 205.26 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു രോഹിത് സ്‌കോറിങ്.

വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തോടെ ഇരുവരും മുംബൈക്ക് വേണ്ടി ഒരു തകര്‍പ്പന്‍ റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്. ഐ.പി.എല്ലില്‍ മുംബൈയ്ക്ക് വേണ്ടി വാംഖഡെയില്‍ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് നേടുന്ന താരങ്ങളാകാനാണ് റിക്കിള്‍ട്ടണും രോഹിത്തിനും സാധിച്ചത്. 2018ല്‍ എവിന്‍ ലിവിസും സൂര്യകുമാര്‍ യാദവും വാംഖഡെയില്‍ നേടിയ 102 റണ്‍സിന്റെ കൂട്ടുകെട്ട് തകര്‍ക്കാനാണ് ഇരുവര്‍ക്കും സാധിച്ചത്.

ഐ.പി.എല്ലില്‍ മുംബൈയ്ക്ക് വേണ്ടി വാംഖഡെയില്‍ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് നേടുന്ന താരങ്ങള്‍

രോഹിത് ശര്‍മ & റിയാന്‍ റിക്കിള്‍ട്ടണ്‍ – 148 (2026)

എവിന്‍ ലെവിസ് & സൂര്യകുമാര്‍ യാദവ് – 102 (2018)

രോഹിത് ശര്‍മ & ഇഷാന്‍ കിഷന്‍ – 101 (2024)

പാര്‍ത്ഥിവ് പട്ടേല്‍ & സിമ്മണ്‍സ് – 99 – (2017)

രോഹിത് ശര്‍മ & ക്വിന്റണ്‍ ഡി കോക്ക് – 96 (2019)

റിക്കിള്‍ട്ടണും രോഹിത്തിനും പുറമെ മത്സരത്തില്‍ തിലക് വര്‍മ 14 പന്തില്‍ 20 റണ്‍സും ഹര്‍ദിക് പാണ്ഡ്യ 11 പന്തില്‍ 18* റണ്‍സും നേടി. സൂര്യകുമാര്‍ യാദവിന് എട്ട് പന്തില്‍ 16 റണ്‍സാണ് നേടാന്‍ സാധിച്ചത്. വിജയത്തോടൊപ്പം കഴിഞ്ഞ 13 സീസണിലും ആദ്യ മത്സരത്തില്‍ തുടര്‍ച്ചയായി പരാജയപ്പെട്ട ചീത്തപ്പേര് മാറ്റാന്‍ മുംബൈക്ക് സാധിച്ചു.

Content Highlight: Rohit And Rickelton Achieve Highest Opening Partnership for MI at Wankhede in IPL

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ