രണ്‍വീര്‍ സിങ്, ആലിയ ഭട്ട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ‘റോക്കി ഓര്‍ റാണി കി പ്രേം കഹാനി’യുടെ പോസ്റ്ററുകള്‍ പുറത്ത്. ചിത്രത്തിന്റെ സംവിധായകന്‍ കരണ്‍ ജോഹറിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് മെയ് 25ന് പോസ്റ്ററുകള്‍ പുറത്ത് വിട്ടത്.
ബോളിവുഡ് റൊമാന്റിക് ചിത്രങ്ങളുടെ തലതൊട്ടപ്പനായ കരണ്‍ ഏഴ് വര്‍ഷത്തിന് ശേഷം സംവിധായകനായി തിരിച്ചു വരുന്ന ചിത്രമാണ് റോക്കി ഓര്‍ റാണി കി പ്രേം കഹാനി. സിനിമ മേഖലയില്‍ കരണ്‍ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന വര്‍ഷമാണ് അദ്ദേഹം വീണ്ടും സംവിധായകനായി എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പുറമേ ചിത്രത്തിലെ താരങ്ങളുടെ മറ്റ് സ്റ്റില്ലുകളും പുറത്ത് വിട്ടിട്ടുണ്ട്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിടുന്നതിന് മുന്നോടിയായി തന്റെ സിനിമാ കരിയറിനെ പറ്റിയുള്ള ഹൃദയ നിര്‍ഭരമായ പോസ്റ്റും കരണ്‍ പങ്കുവെച്ചിരുന്നു.
‘സംവിധായകന്റെ കസേരയില്‍ 25 വര്‍ഷങ്ങള്‍ ചെലവഴിച്ചു കഴിയുമ്പോള്‍ നന്ദി അല്ലാതെ മറ്റൊന്നും പറയാനില്ല. ഇത്രയും നാള്‍ ഞാന്‍ ഒരുപാട് പഠിച്ചു, വളര്‍ന്നു, കരഞ്ഞു, ചിരിച്ചു, ജീവിച്ചു. നാളെ, എന്റെ ഹൃദയത്തിന്റെ മറ്റൊരു ഭാഗം നിങ്ങളുടേതാകും,’ റോക്കി ഓര്‍ റാണി കി പ്രേം കഹാനിയുടെ ഫസ്റ്റ് ലുക്ക് കൂടി സൂചിപ്പിച്ചുകൊണ്ട് കരണ്‍ കുറിച്ചു.
