2027ലെ ഏകദിന ലോകകപ്പിനായുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. മലയാളി താരം സഞ്ജു സാംസണും യുവതാരം വൈഭവ് സൂര്യവംശിയും ഉള്‍പ്പെടുന്നതാണ് ഉത്തപ്പയുടെ ലോകകപ്പ് സ്‌ക്വാഡ്.

ഇഷാന്‍ കിഷന്‍, യശസ്വി ജെയ്‌സ്വാള്‍ എന്നിവര്‍ക്ക് ഉത്തപ്പയുടെ ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിച്ചിട്ടില്ല.

ഓപ്പണര്‍മാരായി രോഹിത് ശര്‍മയെയും ശുഭ്മന്‍ ഗില്ലിനെയുമാണ് ഉത്തപ്പ തെരഞ്ഞെടുത്തിരിക്കുന്നത്. രോഹിത് ടീമിന്റെ ഭാഗമാണെങ്കിലും ക്യാപ്റ്റന്‍സിയുടെ ഭാരം ഗില്ലിനാണ് മുന്‍ താരം സമ്മാനിക്കുന്നത്.

ബാക്കപ്പ് ഓപ്പണറായി യശസ്വി ജയ്‌സ്വാളിന് പകരം 15കാരനായ വൈഭവ് സൂര്യവംശിയെയാണ് ഉത്തപ്പ നിര്‍ദേശിച്ചത്. ഇതുവരെ അന്താരാഷ്ട്ര ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും ഏകദിനത്തിലും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ശേഷി വൈഭവിനുണ്ടെന്നാണ് ഉത്തപ്പയുടെ വിലയിരുത്തല്‍.

വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍ എന്നിവര്‍ ബാറ്റിങ് യൂണിറ്റിനെ കൂടുതല്‍ കരുത്തുറ്റതാക്കുമ്പോള്‍ ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവരാണ് ടീമിലെ ഓള്‍ രൗണ്ടര്‍മാര്‍.

പ്രധാന വിക്കറ്റ് കീപ്പറായി കെ.എല്‍. രാഹുല്‍ എത്തുമ്പോള്‍, ബാക്കപ്പ് വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷന് പകരം സഞ്ജു സാംസണെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സഞ്ജു സാംസണ്‍

ഓപ്പണിങ്ങിലും മിഡില്‍ ഓര്‍ഡറിലും ഒരുപോലെ കളിക്കാന്‍ കഴിവുള്ള താരം എന്ന നിലയിലാണ് സഞ്ജുവിന് ഉത്തപ്പ മുന്‍ഗണന നല്‍കിയത്. ഏകദിനത്തില്‍ 56ന് മുകളില്‍ ബാറ്റിങ് ശരാശരി സഞ്ജുവിനുണ്ട്.

പേസ് നിരയില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ഇടം പിടിച്ചു. വെറ്ററന്‍ പേസര്‍ മുഹമ്മദ് ഷമിയെ തഴഞ്ഞ ഉത്തപ്പ, ഭുവനേശ്വര്‍ കുമാറിന് അവസരം നല്‍കിയെന്നതും ശ്രദ്ധേയമാണ്.

മുഹമ്മദ് ഷമി |  ഭുവനേശ്വര്‍ കുമാര്‍

ഉത്തപ്പ തെരഞ്ഞെടുത്ത ലോകകപ്പ് സ്‌ക്വാഡ്

രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, ഭുവനേശ്വര്‍ കുമാര്‍.

ദക്ഷിണാഫ്രിക്ക, സിംബാബ്‌വേ, നമീബിയ എന്നിവിടങ്ങളിലായി 2027 ഒക്ടോബര്‍ നാല് മുതല്‍ നവംബര്‍ 21 വരെയാണ് അടുത്ത ഏകദിന ലോകകപ്പ് അരങ്ങേറുന്നത്.

2011ല്‍ ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ അവസാനമായി ഏകദിന ലോകകപ്പ് കിരീടം നേടിയത്. അതിനുശേഷം കിരീടം തിരിച്ചുപിടിക്കാനായുള്ള വലിയൊരു മുന്നൊരുക്കത്തിലാണ് ടീം ഇന്ത്യ.

 

Content Highlight: Robin Uthappa includes Sanju Samson in the 2027 World Cup squad.