മാര്‍വെലിന്റെ അയണ്‍ മാന്‍ എന്ന സൂപ്പര്‍ഹീറോ വേഷത്തിലൂടെ ഏറെ പ്രശസ്തനായ അമേരിക്കന്‍ നടനാണ് റോബര്‍ട്ട് ഡൗണി ജൂനിയര്‍. അഞ്ചാം വയസില്‍ തന്റെ കരിയര്‍ ആരംഭിച്ച അദ്ദേഹം 1992ല്‍ പുറത്തിറങ്ങിയ ചാപ്ലിന്‍ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള അക്കാദമി അവാര്‍ഡിന് നാമനിര്‍ദേശം നേടിയിരുന്നു.

ഏറ്റവും മികച്ച നടനുള്ള ബാഫ്ത പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. 2000ല്‍ മയക്കുമരുന്ന് കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച റോബര്‍ട്ട് ഡൗണി ജൂനിയര്‍ 2008ല്‍ അയണ്‍ മാന്‍ എന്ന സൂപ്പര്‍ഹീറോയിലൂടെ ലോകമാകെ ആരാധകരെ സൃഷ്ടിക്കുകയായിരുന്നു.

ഇപ്പോള്‍ റോബര്‍ട്ട് ഡൗണി ജൂനിയര്‍ മാര്‍വല്‍ സ്റ്റുഡിയോയിലേക്ക് തിരിച്ചെത്തുന്നു എന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. അവഞ്ചേഴ്സ് സീരീസിലെ ഏറ്റവും പുതിയ ചിത്രമായ ‘അവഞ്ചേഴ്സ് ഡൂംസ്ഡേ’യിലൂടെയാണ് അദ്ദേഹത്തിന്റെ മടങ്ങി വരവ്. ചിത്രത്തില്‍ ഡോക്ടര്‍ ഡൂം ആയിട്ടാണ് നടന്‍ എത്തുന്നത്.