പെരുന്നാള്‍ നമസ്‌കാരത്തിന് അനുമതി നിഷേധിച്ച കൊല്‍ക്കത്തയിലെ റോഡ് യോഗാ ദിനത്തിനായി ഒരാഴ്ച അടച്ചിട്ടു; ഇരാട്ടത്താപ്പെന്ന് പ്രതിപക്ഷം
India
പെരുന്നാള്‍ നമസ്‌കാരത്തിന് അനുമതി നിഷേധിച്ച കൊല്‍ക്കത്തയിലെ റോഡ് യോഗാ ദിനത്തിനായി ഒരാഴ്ച അടച്ചിട്ടു; ഇരാട്ടത്താപ്പെന്ന് പ്രതിപക്ഷം
നിഷാന. വി.വി
Sunday, 21st June 2026, 7:17 am

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ പെരുന്നാള്‍ നമസ്‌ക്കാരത്തിന് അനുമതി നിഷേധിച്ച റോഡ് യോഗാ ദിനത്തിനായി ഒരാഴ്ച അടച്ചിട്ടു. യോഗാ ദിനാഘോഷങ്ങളുടെ ഭാഗമായി കൊല്‍ക്കത്തയിലെ പ്രധാന റോഡായ റെഡ് റോഡാണ് ഒരാഴ്ചത്തേക്ക് അടച്ചിട്ടത്.

ജൂണ്‍ 14 മുതല്‍ 21 വരെയാണ് അടച്ചിട്ടത്. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയുടെ ഭാഗമായിട്ടായിരുന്നു റോഡ് അടച്ചിട്ടത്.

എന്നാല്‍ ഏതാനും ആഴ്ചകള്‍ക്ക് മുന്നേ ഇതേ റോഡില്‍ ഈദ് നമസ്‌ക്കാരം നിര്‍വഹിക്കുന്നതിന് ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. റോഡ് അടച്ചിട്ടാല്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന കാരണം കാണിച്ചായിരുന്നു നടപടി.

എന്നാലിപ്പോള്‍ യോഗാ ദിനത്തിനായി ഒരാഴ്ചത്തേക്ക് ഈ റോഡ് അടച്ചിട്ടത് സര്‍ക്കാരിന്റെ വിവേചനവും ഇരട്ടത്താപ്പുമാണെന്ന് പ്രതിപക്ഷം പറഞ്ഞു. ടി.എം.സി എം.പി മെഹുവാ മൊയ്ത്ര ഉള്‍പ്പെടെയുള്ളവര്‍ ഈ നടപടിയെ ശക്തമായി വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. വര്‍ഷത്തിലൊരിക്കല്‍ ഒരു മണിക്കൂര്‍ മാത്രം നടക്കുന്ന പെരുന്നാള്‍ നമസ്‌കാരത്തിന് തടസം നിന്നവര്‍, യോഗാ ദിനത്തിനായി ഒരാഴ്ചയോളം റോഡ് അടച്ചിട്ടത് നീതിയല്ലെന്ന് മെഹുവ പറഞ്ഞു.

നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പാത ഏഴ് ദിവസത്തേക്ക് അടച്ചിട്ടത് കനത്ത ഗതാഗതക്കുരുക്കിന് കാരണമായിട്ടുണ്ട്. ദിവസേന യാത്ര ചെയ്യുന്നവരും ടാക്‌സി ഡ്രൈവര്‍മാരും ഇതുമൂലം വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.

റിപ്പബ്ലിക്ക് പരേഡിനോ ദുര്‍ഗാ പൂജയ്‌ക്കോ പോലും ഇത്രയും ദിവസം റോഡ് അടച്ചിടാറില്ലെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായമുയരുന്നുണ്ട്.

Content Highlight: Road in Kolkata, which was denied permission for Eid prayers, closed for a week for Yoga Day; Opposition calls it a disgrace

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.