രാഷ്ട്രീയ ഫാസിസത്തിനും വര്‍ഗ്ഗീയ ഫാസിസത്തിനുമെതിരെയുള്ള പ്രഹരമാകും വടകരയിലെ ഫലം: കെ.കെ.രമ
സൗമ്യ ആര്‍. കൃഷ്ണ

കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ ശബ്ദം, സ്ത്രീകള്‍ക്ക് വേണ്ടി നിരന്തരം ശബ്ദിക്കുന്ന നേതാവ്, താന്‍ നേരിട്ട പ്രതിസന്ധികളെ അതിജീവിക്കുക മാത്രമല്ല അതിനു കാരണക്കാരായവരെ ആശയപരമായി നേരിടുക കൂടി ചെയ്ത രാഷ്ട്രീയ നേതാവ്. കെ.കെ രമയാണ് ഡൂള്‍ ടോക്കില്‍. പതിനേഴാം ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കെ.കെ രമക്ക് പറയാനുള്ളത് കേള്‍ക്കാം.

എന്തുകൊണ്ടാണ് ഇത്തവണ ആര്‍.എം.പി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല എന്ന് തീരുമാനിച്ചത്?

രണ്ട് കാരണങ്ങളാണ് പ്രധാനമായും അതിനു പിന്നില്‍. വടകരയില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തിയ സഖാവ് പി ജയരാജന്‍. കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയായിട്ടാണ് ഞാന്‍ കാണുന്നത്. പ്രത്യേകിച്ചു വടകരയിലെ ജനങ്ങളോടുള്ള വെല്ലുവിളി.

രണ്ട് കൊലപാതകത്തില്‍ പ്രതിചേര്‍ക്കപ്പെട്ട, ടി.പി വധക്കേസില്‍ പ്രതിയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്ന ആളെ തന്നെ പാര്‍ലമെന്റിലേക്കുള്ള സ്ഥാനാര്‍ത്ഥിയാക്കാമെന്ന തീരുമാനിച്ചത് കേരളത്തിലെ ജനങ്ങളോടുള്ള തന്നെയുള്ള വെല്ലുവിളിയായിട്ടാണ് കാണുന്നത്. അത്തരത്തിലുള്ള രാഷ്ട്രീയത്തിനെതിരായ മത്സരം ശക്തമാകണം എന്ന് ഞങ്ങള്‍ക്ക് തോന്നി. വടകരയില്‍ ഞങ്ങള്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ വലിയ പ്രയാസമാണ്. വലിയ തോതില്‍ അക്രമങ്ങളും ഭീഷണികളുമൊക്കെ നേരിടേണ്ടി വരുന്ന പാര്‍ട്ടിയാണ് ആര്‍.എം.പി. അതിനെതിരെയുള്ള ശക്തമായ സമരമായിട്ട് തെരഞ്ഞെടുപ്പ് മാറ്റാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

Also Read:  “രവിശങ്കര്‍ പ്രസാദ് ഗോ ബാക്ക്, ആര്‍.കെ സിന്‍ഹ സിന്ദാബാദ്” ;പാറ്റ്‌ന എയര്‍പോര്‍ട്ടില്‍ കേന്ദ്രമന്ത്രിയ്‌ക്കെതിരെ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ച് ബി.ജെ.പി അണികള്‍

വടകരയിലെ ഇത്തവണത്തെ മത്സരത്തെ എങ്ങനെ വിലയിരുത്തുന്നു?

രാജ്യത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ മണ്ഡലമാണ് വടകര. എല്ലാവരുംഏറ്റവും പ്രാധാന്യത്തോടെ വടകരയെ കാണുന്നുണ്ട്. അതിനു കാരണം ഏറ്റവും പ്രധാനപ്പെട്ട കൊലപാതകമൊക്കെ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട് എന്നതാണ്. മറ്റൊരു ഘടകം അതിന്റെ സ്ഥാനാര്‍ത്ഥിത്വമാണ്. പി ജയരാജന്റ സ്ഥാനാര്‍ത്ഥിത്വം വലിയതോതില്‍ ശ്രദ്ധ നേടിയതാണ്. അവിടെ നമ്മള്‍ ആലോചിക്കണ്ടത് ഇത് പോലൊരു പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസോ ബി.ജെ.പിയോ മത്സരിപ്പിച്ചാല്‍ എന്താവും ഇടതുപക്ഷത്തിന്റെ നിലപാട് എന്നാണ്. ആ സമീപനം തന്നെയാണ് ഇവിടുത്തെ ജനതയും ആര്‍.എം.പിയും സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെയാണ് വടകര ഒരു പ്രധാന മണ്ഡലമായി മാറുന്നതും.

ഇടതുപക്ഷ ആശയങ്ങള്‍ വഹിക്കുന്ന ആര്‍.എം.പി ക്ക് എങ്ങനെയാണ് കോണ്‍ഗ്രസ്സിനെ പിന്താങ്ങാന്‍ കഴിയുക? ആശയപരമായി അവിടെ ഒരു സംഘര്‍ഷമുണ്ടാവുന്നില്ലെ?

അത്തരത്തില്‍ ഒരാശങ്കയും ഞങ്ങള്‍ക്കില്ല. നയപരമായി കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളോട് ഏതെങ്കിലും തരത്തില്‍ യോജിച്ചു പോവുന്നത് കൊണ്ടല്ല വടകരയില്‍ ഞങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണക്കുന്നത്. ഞങ്ങള്‍ക്ക് അത്തരത്തില്‍ ഒരു സംശയം ഇല്ല. കാരണം ഒരു കാരണവശാലും യു.ഡി.എഫ് രാഷ്ട്രീയത്തോട് താദാത്മ്യം പാലിക്കലല്ല.

നവ ലിബറല്‍ നയങ്ങളുടെ വക്താക്കളാണ് മൂന്ന് പാര്‍ട്ടികളും. അതില്‍ വ്യത്യസ്ത സമീപനം ആഗ്രഹിച്ച സംഘടനയാണ് ഞങ്ങള്‍. ഇവരെല്ലാം ഒന്നാണ്. അതുകൊണ്ട് അതിലൊന്നും അശേഷം സംശയമില്ല. അത് പൊതു സമൂഹത്തോട് തുറന്നു പറഞ്ഞവരാണ് ഞങ്ങള്‍. ഒരു മറവുമില്ലാതെ തന്നെ.

ജനാധിപത്യം പുനസ്ഥാപിക്കാനുളള സമരമാണ് ഞങ്ങളുടേത്. കേരളത്തിലെ എല്ലാ മനുഷ്യര്‍ക്കും വേണ്ടിയുള്ള സമരമാണ്. മനുഷ്യത്വം പുലരണമെന്ന് ആഗ്രഹിക്കുന്ന മുഴുവന്‍ ജനങ്ങളും ഞങ്ങള്‍ക്കൊപ്പമാണ്. അതുകൊണ്ട് അത് വിശദീകരിക്കുന്നതിന് ഞങ്ങള്‍ക്ക ഒരു ബുദ്ധിമുട്ടും ഇല്ല. അതിനെ യുഡി.എഫ് രാഷ്ട്രീയത്തിലേക്കുള്ള പോക്കായി വ്യാഖ്യാനിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. സി.പി.ഐ.എം കാലങ്ങളായി നടത്തുന്ന പ്രചരണമാണിത്. അവര്‍ ഞങ്ങളെ കോണ്‍ഗ്രസിന്റെ ബി ടീം എന്ന് വിളിച്ചിട്ടുണ്ട്. 2008 മുതല്‍ ആ പ്രചരണങ്ങള്‍ കേട്ടുകൊണ്ടിരിക്കുകയാണ്. അത് വെറും രാഷ്ട്രീയ പ്രചരണമാണ് അത് അവര്‍ നടത്തട്ടെ. ഞങ്ങള്‍ ഞങ്ങളുടെ നിലപാടില്‍ ഉറച്ചു വിശ്വസിക്കുന്നു.

Also Read: നോട്ടുനിരോധനത്തിന്റെ മറവില്‍ ബി.ജെ.പി വന്‍ അഴിമതി നടത്തി: പഴയ നോട്ടുകള്‍ മാറ്റിനല്‍കിയത് 40% കമ്മീഷനില്‍; ദൃശ്യങ്ങള്‍ പുറത്തുവിട്ട് കപില്‍ സിബല്‍

മുല്ലപ്പള്ളി കൂട്ടിലിട്ട് വര്‍ത്തുന്ന തത്തയാണ് ആര്‍.എം.പി എന്ന് പി ജയരാജന്‍ പറയുകയുണ്ടായി?

പിണറായി വിജയനും നേരത്തെ ഇത് തന്നെ പറഞ്ഞിട്ടുണ്ട്. അതൊക്കെ ഇതിന്റെ ഭാഗമായി തന്നെയാണ് കണ്ടത്. എന്തുകൊണ്ടാണ് സി.പി.ഐ.എം ആര്‍.എം.പിയെ മാത്രം ആക്രമിക്കുന്നത് എന്ന മറുചോദ്യമാണ് എനിക്കുള്ളത്. കോണ്‍ഗ്രസിനെയോ ബി.ജെ.പിയേയോ അല്ല അവര്‍ ആക്രമിക്കുന്നത്. ആശയപരമായി നേരിടാതെ പകരം സി.പി.ഐ.എം, ആര്‍.എം.പിയെ മാനസികമായും കായികമായും തകര്‍ക്കാന്‍ ആണ് ശ്രമിക്കുന്നത്. അതുകൊണ്ടാണ് ഞങ്ങളുടെ സ്ഥാപക നേതാവിനെ അരുംകൊല ചെയ്തത്. എല്ലാ കാലത്തും സി.പി.ഐ.എം അതിന്റെ വിമത ശബ്ദങ്ങളോട് ചെയ്തിട്ടുള്ളത് ഇത് തന്നെയാണ്.

ആ പ്രയോഗം ആര്‍.എം.പിയോട് നടപ്പാകുന്നില്ല എന്നതാണ് സത്യം. എല്ലാ പ്രതിസന്ധികളേയും മറികടന്ന് കഴിഞ്ഞ 11 വര്‍ഷമായി ഞങ്ങള്‍ പ്രവര്‍ത്തിക്കുകയാണ്. അതിനെ എതിര്‍ക്കാനാണ് അവര്‍ ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ നടത്തുന്നത്. അതിനെയെന്നു തെല്ലും ഭയമില്ല.

ആര്‍.എം.പി എന്ന രാഷ്ട്രീയ പാര്‍ട്ടി കുറച്ചു കൂടി സജീവമായ രാഷ്ട്രീയ ചര്‍ച്ച നടത്തേണ്ടതുണ്ട് എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു, ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു?

അത്തരം വിമര്‍ശനം സ്വാഭാവികമാണ്. അതിനെ ആ അര്‍ത്ഥത്തില്‍ തന്നെ ഞങ്ങള്‍ എടുക്കുന്നുമുണ്ട്. രാജ്യാന്തര തലത്തില്‍ ആര്‍.എം.പി പ്രവര്‍ത്തിക്കുന്നതും ആ രീതിയില്‍ തന്നെയാണ്.

ദേശീയ തലത്തില്‍ വലിയ തോതില്‍ കാവിവത്കരണവും, അഴിമതിയുമൊക്കെ ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തില്‍ ഈ തെരഞ്ഞെടുപ്പിനെ ഒരു രാഷ്ട്രീയ കക്ഷി എന്ന നിലയില്‍ ആര്‍.എം.പി എങ്ങനെയാണ് നോക്കി കാണുന്നത്.

പഞ്ചാബിലും മറ്റു സംസ്ഥാനങ്ങളിലും ഞങ്ങള്‍ ആ രാഷ്ട്രീയം തന്നെയാണ് നടപ്പിലാക്കുന്നത്. അഖിലേന്ത്യ തലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെയൊക്കെ ബി.ജെ.പിക്കും മോദി സര്‍ക്കാരിന്റെ ജനവിരുദ്ധമായ നിലപാടുകള്‍ക്കുമെതിരെ ശക്തമായി പ്രതികരിക്കുന്നു. അതിലൊന്നും ആശയ അവ്യക്തതതയുമില്ല . ജി.എസ്.ടി, വര്‍ഗ്ഗീയത തുടങ്ങി മോദി നടത്തിയ കാര്യങ്ങളെ എടുത്ത പറഞ്ഞ് കൊണ്ട തന്നെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നമ്മള്‍ പ്രവര്‍ത്തിക്കുന്നത്.

ഇവിടെ സവിശേഷമായ സാഹചര്യത്തില്‍ വടകര മണ്ഡലത്തില്‍ മാത്രമാണ് ഞങ്ങള്‍ ഈ നിലപാട് സ്വീകരിച്ചത്. രാഷ്ട്രീയം സംസാരിക്കണമെങ്കില്‍ ആദ്യം നിലനില്‍പ് അത്യാവശ്യമാണ്. ഒരുപക്ഷേ ദേശീയ തലത്തില്‍ ബി.ജെ.പിയുടെ ഫാസിസത്തിനെതിരെയാണ് സി.പി.ഐ.എം പ്രവര്‍ത്തിക്കുന്നത്.

ബംഗാളില്‍ മോദി സര്‍ക്കാരിനും തൃണമൂല്‍ കോണ്‍ഗ്രസിനും എതിരെ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നത് പോലെയാണ് ഇവിടെ ഞങ്ങളും നിലപാട് എടുക്കുന്നത്. രാഷ്ട്രീയ ഫാസിസത്തിനും വര്‍ഗ്ഗീയ ഫാസിസത്തിനും എതിരെയുള്ള പ്രഹരമാണ് വടകരയില്‍ ഞങ്ങള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത്.

Also Read:  നവാസ് ഷെരീഫിന് ജാമ്യം

കേരള രാഷ്ട്രീയ മണ്ഡലത്തില്‍ ഒരു സ്ത്രീക്ക് എത്രത്തോളം സാധ്യതകള്‍ ഉണ്ട്?

നമ്മുടെ സമൂഹത്തിന്റെ ഒരു സവിഷേശ സ്വഭാവം തന്നെയാണ് അത്. ആണധികാര കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സമൂഹത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും അങ്ങനെ തന്നെയാണ് പ്രവര്‍ത്തിക്കുക. അവിടടെ സ്ത്രീ സത്യത്തില്‍ രണ്ട് സമരങ്ങളാണ് നടത്തുന്നത്. ഒന്ന് ഈ പുരുഷാധിപത്യ പ്രവണതയോടും മറ്റേത് പിന്തുടരുന്ന ആശയത്തിനു വേണ്ടിയും. ഇന്ന് സ്ത്രീ പൊതുരംഗത്ത് ഒരുപാട് മുന്നോട്ട് പോയി എന്നും പ്രാപ്തയും ശക്തയുമായി എന്നുമാണ് ഞാന്‍ മനസിലാക്കുന്നത്.

പലതിനേയും മറികടന്ന് അവള്‍ക്ക് സ്വന്തം സ്ഥാനം നേടിക്കൊടുക്കാന്‍ കഴിയുന്നുണ്ട്. സ്ത്രീക്ക് സമൂഹത്തില്‍ ചിലത് നടത്താനുണ്ട്, അവള്‍ക്ക് കഴിവുണ്ട് എന്നും സമൂഹം മനസ്സിലാക്കി വരുന്നുണ്ട് എന്ന് തോന്നുന്നു. സ്ത്രീക്ക് സാമൂഹ്യമാറ്റത്തില്‍ വലിയ പങ്കുണ്ട്. പ്രശ്‌നങ്ങളെ അതിജീവിച്ച് ഒരടി പോലും പിന്നോട്ട് പോവാതെ തന്നെ അവര്‍ പ്രവര്‍ത്തിക്കണം. സ്ത്രീകള്‍ സ്വയം നവീകരിക്കണം. അക്രമ രാഷ്ട്രീയത്തിനെയൊക്കെ ചെറുക്കാന്‍ സ്ത്രീകള്‍ അധികാരത്തിലേക്ക് എത്തേണ്ടതുണ്ട്. സ്ത്രീകള്‍ സമൂഹത്തിന്റെ മുന്‍പന്തിയിലേക്ക് വരികയാണെങ്കില്‍ കുറച്ചു കൂടി ആര്‍ദ്രതയോടുകൂടി തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയും.

പുരുഷാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയോടാണ് രമ നേര്‍ക്കുനേര്‍ നിന്ന് കലഹിക്കുന്നത്, വ്യക്തി ജീവിതത്തിലും സമൂഹമാധ്യമങ്ങളിലും പല തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടാകും. ഇതിനെ എങ്ങനെയാണ് നേരിടാറ്?

വ്യക്തിപരമായി എന്നെ സംബന്ധിച്ചിടത്തോളം 2012 മേയ് 4ന് എനിക്ക് ലഭിച്ച പ്രഹരം വെച്ച് നോക്കുമ്പോള്‍ അതിലും വലുത് ഒന്നും സംഭവിക്കാനില്ല. അത് കൊണ്ട് തന്നെ ഇനി മറ്റൊന്നും എന്നെ തളര്‍ത്തില്ല. അതിനപ്പുറത്ത് എനിക്ക് ഒന്നും സംഭവിക്കാനില്ല എന്നാണ് ഞാന്‍ കരുതുന്നത്.

മറ്റ് അധിക്ഷേപങ്ങളെ ഒന്നും ഞാന്‍ പരിഗണിക്കാറില്ല. എന്നാല്‍ നമ്മള്‍ വസ്തുതാപരമായി പരിശോധിക്കേണ്ട കാര്യം എന്താണെന്ന് വച്ചാല്‍ സ്ത്രീകള്‍ ശക്തമായി പ്രതികരിക്കുമ്പോള്‍ എല്ലാ കാലവും മോശമായ പരാമര്‍ശം നടത്തി അവരെ തകര്‍ക്കുക എന്നത് ഒരു രീതിയാണ്. ഇതില്‍ എപ്പോഴും അത്ഭുതമായി തോന്നിയിട്ടുള്ളത് യുവാക്കള്‍ സ്ത്രീകളോട് പുലര്‍ത്തുന്ന കാഴ്ച്ചപ്പാട് മോശമായ പരാമര്‍ശം തുടങ്ങിയവയാണ്. നമ്മുടെ സമൂഹം എങ്ങനെയാണ് സ്ത്രീകളെ കാണുന്നത് എന്നതാണ് കാണിക്കുന്നത്. ഒരു കാരണവശാലും ഗുണപരമല്ലാത്ത ഈ പ്രവണത അവസാനിപ്പിക്കേണ്ടതുണ്ട്. സൈബര്‍ലോകത്ത് നിരവധി സ്ത്രീകള്‍ ആണ് ആക്രമിക്കപ്പെടുന്നത്. രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ ഇത്തരത്തില്‍ അധിക്ഷേപിക്കാതെ അതിനെതിരെ വിശാലമായ ചിന്തയാണ് വളരേണ്ടത്.

എസ്.എഫ്.ഐ യിലും സി.പി.ഐ.എമ്മിലും സജീവമായിരുന്ന കാലത്ത് ഇത്തരം അക്രമങ്ങളെ നേരിടാന്‍ തയ്യാറായിരുന്നോ?

പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന സമയത്ത് പലതും നടന്നിരുന്നു. ആര്‍.എസ്.എസ്‌കാര്‍ കെ.വി സുധീഷിനെ കൊല്ലുന്നത്. കുട്ടികളുടെ മുന്നില്‍ വെച്ചാണ് ജയകൃഷ്ണന്‍ മാഷ്വകൊല്ലുന്നത്. ഇത് ആ കാലത്ത് രണ്ടറപാര്‍ട്ടികളും തുടര്‍ന്നു പോന്ന ഫാസിസത്തിന്റെ ഭാഗമായിരുന്നു. കണ്ണൂരിലെ ഈ അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ആളാണ് പി.ജയരാജന്‍.

അദ്ദേഹത്തിനെ ഇപ്പോള്‍ ഇരയായി കാണിക്കുന്നുണ്ട്. അദ്ദേഹത്തിനു നേരെ നടന്ന അക്രമങ്ങളെ ഒരിക്കലും ഞങ്ങള്‍ കുറച്ചു കാണിക്കുന്നില്ല. അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്തു കൊണ്ടിരുന്ന ആള്‍ അതേ അക്രമത്തിന്റെ ഇരയാണെന്ന് പറയുന്നതെന്ത് അര്‍ത്ഥത്തിലാണ്. ടി.പിയുടെ മരണത്തിന് ശേഷം ഞങ്ങള്‍ പറയുന്നത് മുഴുവന്‍ ഈ അക്രമങ്ങള്‍ക്ക് ഒരു അവസാനമുണ്ടാകണം എന്ന് മാത്രമാണ്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ അക്രമം കൊണ്ട് നേരിടുകയല്ല വേണ്ടത്. കണ്ണൂരിലെ ഫാസിസ്റ്റ് രാഷ്ട്രീയം അവസാനിപ്പിക്കാന്‍ വേണ്ടിയാണ് ഇത്തവണ ഞങ്ങള്‍ തെരഞെടുപ്പില്‍ പ്രചരണ നടത്തുക.

വ്യക്തിപരമായി അധിക്ഷേപങ്ങള്‍ നടത്തുന്നവരോട് എന്താണ് പറയാനുള്ളത്?

അവരോട് എനിക്ക് ഒരു വിദ്വേഷവുമില്ല. സഹതാപം മാത്രമാണ് തോന്നിയിട്ടുള്ളത്. അവരുടെ ബന്ധുക്കള്‍ക്കാണ് ഇത് സംഭവിക്കുന്നത് എങ്കില്‍ ഇവരുടെ നിലപാട് എന്തായിരിക്കും. അന്ധമായ രാഷ്ട്രീയ വിശ്വാസത്തിന്റെ പേരില്‍ ഇത്തരത്തില്‍ അധിക്ഷേപിക്കുന്നത് കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാവുക എന്ന് ആലോചിക്കണം. ഞാനിപ്പോള്‍ പറയുന്നത് പോലും അവര്‍ പരിഹസിച്ചേക്കാം. അതാണ് അവരുടെ മാനസിക നില. അത് തിരുത്തുക എന്ന് മാത്രമാണ് സ്‌നേഹത്തോടെ എനിക്ക് പറയാനുള്ളു.

സൗമ്യ ആര്‍. കൃഷ്ണ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ നിന്ന് ബിരുദവും കേരള മീഡിയ അക്കാദമിയില്‍ നിന്ന് ജേണലിസത്തില്‍ പി.ജി.ഡിപ്ലോമയും പൂര്‍ത്തിയാക്കി. 2018 സെപ്തംബര്‍ മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.