ഇസ്‌ലാമാബാദ്: അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് പാക് സുപ്രീംകോടി ആറ് ആഴ്ചയിലേക്ക് ജാമ്യം അനുവദിച്ചു. ചികിത്സ നടത്തുന്നതിന് വേണ്ടി ചീഫ് ജസ്റ്റിസ് ആസിഫ് സഈദ് ഖോസ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് 5 മില്ല്യണ്‍ രൂപ കെട്ടിവെക്കാനാവശ്യപ്പെട്ട് ജാമ്യം അനുവദിച്ചത്.
എട്ടാഴ്ച ജാമ്യം വേണമെന്ന് ഷെരീഫിന്റെ അഭിഭാഷകന്‍ ഖ്വാജാ ഹാരിസ് കോടതിയോട് ആവശ്യപ്പെട്ടെങ്കിലും ആറ് ആഴ്ച്ചയിലേക്കാണ് കോടതി ജാമ്യം അനുവദിച്ചത്. നവാസ് ഷെരീഫിന്റെ ജാമ്യാപേക്ഷ ഇസ്‌ലാമാബാദ് ഹൈക്കോടതി ഫെബ്രുവരി 25ന് തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്.
ഷെരീഫിന് ജാമ്യം നല്‍കുന്നതിനെ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ എതിര്‍ത്തിരുന്നു.
ജാമ്യ വ്യവസ്ഥ ലംഘിച്ചാല്‍ നവാസ് ഷെരീഫ് അറസ്റ്റ് ചെയ്യപ്പെടും. അതേസമയം ചികിത്സ പൂര്‍ത്തിയായില്ലെങ്കില്‍ ജാമ്യക്കാലാവധി നീട്ടിക്കിട്ടാന്‍ ഷെരീഫിന് ഹരജി നല്‍കാം.
69കാരനായ നവാസ് ഷെരീഫിന്റെ ആരോഗ്യനില മോശമാണെന്ന് മകള്‍ മറിയം ഇന്നലെ പ്രതികരിച്ചിരുന്നു. ഷെരീഫിന് വൃക്ക സംബന്ധമായ രോഗം മൂന്നാം ഘട്ടത്തിലാണെന്നും വിദഗ്ധ ചികിത്സ അത്യാവശ്യമാണെന്നും അവര്‍ പറഞ്ഞിരുന്നു.
സൗദിയില്‍ സ്റ്റീല്‍ മില്‍ സ്വന്തമാക്കിയതിന് ചെലവാക്കിയ പണം എങ്ങനെ ലഭിച്ചുവെന്ന് ബോധിപ്പിക്കാത്തത് കൊണ്ട് പാക് സുപ്രീംകോടതി പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയ നവാസ് ഷെരീഫ് ഏഴ് വര്‍ഷത്തെ ജയില്‍ ശിക്ഷ നേരിടുകയാണ്.
ശിക്ഷ വിധിച്ച സുപ്രീംകോടതി മൂന്നു തവണ പാക് പ്രധാനമന്ത്രിയായിട്ടുള്ള ഷെരീഫിനെ ആജീവനാന്തം രാഷ്ട്രീയത്തില്‍ നിന്ന് വിലക്കിയിരുന്നു.
