ബോക്‌സ് ഓഫീസില്‍ 200 കോടി നേടിയെങ്കിലും ഒ.ടി.ടിയിലെത്തിയതിന് ശേഷം എയറില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ് ദൃശ്യം 3. മോളിവുഡില്‍ ഏറ്റവും വലിയ ഫാന്‍ബേസുള്ള ദൃശ്യത്തിന് ഇത്തരം വികലമായ മൂന്നാം ഭാഗമൊരുക്കിയ ജീത്തു ജോസഫിനെയാണ് പലരും ട്രോളുന്നത്. ലോജിക് എന്നത് അടുത്തുകൂടി പോകാത്ത സ്‌ക്രിപ്റ്റും സീരിയല്‍ ലെവല്‍ മേക്കിങ്ങും ട്രോള്‍ പേജുകള്‍ക്ക് ചാകര സമ്മാനിക്കുകയാണ്.

പ്രഭാകറിനെയും കുടുംബത്തെയും പറ്റിക്കുകയും പൊലീസീനെയും നിയമവ്യവസ്ഥയെയും കബളിപ്പിക്കുകയും ചെയ്ത ജോര്‍ജുകുട്ടിയുടെ പിന്നീടുള്ള ജീവിതമാണ് ദൃശ്യം 3യില്‍. പഴയകാലത്തെ ഓര്‍മകളും സംഭവങ്ങളും ജോര്‍ജുകുട്ടിയെ വെറുതെവിടുന്നില്ലെന്നാണ് ചിത്രം പറഞ്ഞുവെക്കുന്നത്. എന്നാല്‍ ഈയൊരു തീമിനെ കൃത്യമായി ഉപയോഗിക്കാന്‍ ചിത്രത്തിന് സാധിച്ചില്ല.

ദൃശ്യം 3 Photo: Theatrical poster

 

പല കഥാപാത്രങ്ങളുടെയും കാര്യത്തില്‍ വ്യക്തത വരുത്താന്‍ സംവിധായകന് കഴിഞ്ഞിട്ടില്ല. ചില കഥാപാത്രങ്ങളുടെ കാര്യം അങ്ങേയറ്റം കോമഡിയാണെന്ന് പല ട്രോള്‍ പേജുകളും അഭിപ്രായപ്പെടുന്നുണ്ട്. അത്തരത്തിലുള്ള രണ്ട് കഥാപാത്രങ്ങളാണ് നിയാസ് നര്‍മകല അവതരിപ്പിച്ച ബ്രോക്കര്‍ മത്തായിയും അജിത് കൂത്താട്ടുകുളം അവതരിപ്പിച്ച ജോസും.

രണ്ടാം ഭാഗത്തില്‍ ജോര്‍ജുകുട്ടിക്കെതിരെ സാക്ഷി പറഞ്ഞ കഥാപാത്രമാണ് ജോസ്. സാക്ഷിമൊഴി പറയാന്‍ പ്രഭാകറിന്റെ കൈയില്‍ നിന്ന് 10 ലക്ഷം ചോദിച്ചുവാങ്ങുകയും ചെയ്യുന്നുണ്ട്. മൂന്നാം ഭാഗത്തിലേക്ക് എത്തിയപ്പോള്‍ ജോസ് ജോര്‍ജുകുട്ടിയുടെ ആളായി മാറുകയാണ്. ബേക്കറി നഷ്ടത്തിലാണെന്ന് പറയുമ്പോള്‍ അതിന് ജോര്‍ജുകുട്ടി പൈസ കൊടുത്ത് സഹായിക്കുന്നുണ്ട്.

ദൃശ്യം 3 Photo: Troll Meme Malayalam/ Facebook

രണ്ട് സിനിമകളിലുമായി നോക്കുമ്പോള്‍ ജോസിനെ സംബന്ധിച്ച് ലാഭം കിട്ടിയിട്ടുണ്ട്. ജോസിനെപ്പോലെ ഈ സിനിമ കൊണ്ട് ലാഭമുണ്ടാക്കുന്ന മറ്റൊരു കഥാപാത്രമാണ് ബ്രോക്കര്‍ മത്തായി. ജോര്‍ജുകുട്ടിയുടെ മകള്‍ക്ക് കല്യാണാലോചനയുമായി വരുന്നയാളാണ് ബ്രോക്കര്‍ മത്തായി. രണ്ടേമുക്കാല്‍ മണിക്കൂര്‍ സിനിമയില്‍ മിനിമം പത്ത് സീനെങ്കിലും മത്തായിക്കുണ്ട്. ഓരോ തവണയും ജോര്‍ജുകുട്ടിയുടെ വീട്ടില്‍ വന്ന് ആലോചനയുടെ കാര്യം പറയുകയും പൈസ വാങ്ങുകയും ചെയ്യുന്നുണ്ട്.

ദൃശ്യം 3 Photo: Troll Meme Malayalam/ Facebook

എന്നാല്‍ ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ ബ്രോക്കര്‍ മത്തായി പ്രഭാകറിന്റെ ആളാണെന്ന് കാണിക്കുകയാണ്. പ്രഭാകറിന്റെ കൈയില്‍ നിന്ന് പണം വാങ്ങി ജോര്‍ജുകുട്ടിയുടെ മകള്‍ക്ക് കല്യാണാലോചന കൊണ്ടുവരുന്ന മത്തായി വലിയ ലാഭമുണ്ടാക്കുന്നുണ്ട്. ചുരുക്കത്തില്‍ ദൃശ്യം 3യിലൂടെ അതിരടി ലാഭമുണ്ടാക്കിയ കഥാപാത്രങ്ങള്‍ ജോസും മത്തായിയുമാണ്. ദൃശ്യത്തിന്റെ എത്ര ഭാഗം വന്നാലും ജോര്‍ജുകുട്ടിയും പ്രഭാകറും തമ്മിലുള്ള പ്രശ്‌നം തീരരുതെന്ന് പ്രാര്‍ത്ഥിക്കുന്നവര്‍ ഈ രണ്ട് പേരുമായിരിക്കും.

Content Highlight: Riyas Narmakala and Ajith’s character in Drishyam 3 movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ