അന്ന് മഞ്ജു ചേച്ചി മെസേജ് അയച്ചു, ഞാന്‍ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നത്: റിയ ഷിബു
Malayalam Cinema
അന്ന് മഞ്ജു ചേച്ചി മെസേജ് അയച്ചു, ഞാന്‍ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നത്: റിയ ഷിബു
ഐറിന്‍ മരിയ ആന്റണി
Tuesday, 10th February 2026, 1:34 pm

അഖില്‍ സത്യന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തി ഗംഭീര വിജയം നേടിയ ചിത്രമാണ് സര്‍വ്വം മായ. സമീപകാലത്ത് ബോക്‌സ് ഓഫീസില്‍ തിളങ്ങാതെ പോയ നിവിന്‍ പോളി ഗംഭീര തിരിച്ചുവരവ് നടത്തിയ ചിത്രത്തില്‍ റിയ ഷിബു, അജു വര്‍ഗീസ്, ജനാര്‍ദനന്‍, രഘുനാഥ് പലേരി തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയിരുന്നു.

സിനിമയില്‍ നിവിന്‍ പോളിയോടൊപ്പം പ്രേക്ഷക ഹൃദയം കീഴടക്കിയ കഥാപാത്രമായിരുന്നു ഡെലൂലു. ഫീല്‍ഗുഡ് പടത്തിലെ ക്യൂട്ട് പ്രേതമായെത്തിയ റിയ ഷിബു ഒറ്റ സിനിമ കൊണ്ട് തന്നെ മലയാളികളുടെ മനസില്‍ ഇടം നേടി. ചിത്രത്തിന്റെ ഒ.ടി.ടി റിലീസിന് ശേഷവും റിയ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമാണ്. ഇപ്പോള്‍ ഗൃഹലക്ഷ്മിയുമായുള്ള അഭിമുഖത്തില്‍ സിനിമ കണ്ട് തനിക്ക് ലഭിച്ച പ്രതികരണങ്ങളെ കുറിച്ച് സംസാരിക്കുകയാണ് റിയ.

‘മമ്മൂട്ടി സത്യന്‍ സാറിനെ വിളിച്ച് പടം കണ്ടിട്ട് ഇഷ്ടമായെന്നു പറഞ്ഞു. ഞാന്‍ ആരാധിക്കുന്ന അത്രയും വലിയൊരു നടനില്‍ നിന്നുള്ള പ്രതികരണം അപ്രതീക്ഷിതമായിരുന്നു. അതുപോലെ മഞ്ജു ചേച്ചിയും മെസേജ് അയച്ചു. അതൊക്കെ ഞാന്‍ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു.

തിയേറ്ററില്‍ പോയപ്പോള്‍ ചിലര്‍ സിനിമകണ്ട് കണ്ണൊക്കെ തുടച്ച് കുറെ നേരം എന്നെത്തന്നെ നോക്കി നിന്ന അനുഭവമുണ്ടായി. ഒരാള്‍ കരയണമെങ്കില്‍ അത്രയും ആ കഥാപാത്രം അവരുടെ ഉള്ളിലേക്ക് കയറിയിട്ടുണ്ടാവുമല്ലോ. ചിലര്‍ വന്ന് കെട്ടിപ്പിടിച്ച് ഇനിയും കുറെ പടങ്ങള്‍ ചെയ്യണമെന്ന് പറഞ്ഞു,’ റിയ പറഞ്ഞു.

താനും ഡെലൂലുവുമായി ഒരുപാട് സാമ്യങ്ങളുണ്ടെന്നും അതുകൊണ്ട് അഭിനയിക്കുമ്പോഴും നല്ല സുഖമായിരുന്നുവെന്നും റിയ പറയുന്നു. ഡെലുലൂവിനെപ്പോലെ താനും ഒരുപാട് ഓണ്‍ലൈന്‍ ഷോപ്പിങ് ചെയ്യുന്നയാളാണെന്നും സിനിമ കണ്ടിട്ട് തന്റെ കൂട്ടുകാരും പറഞ്ഞത് കഥാപാത്രം തന്നെപ്പോലെയുണ്ടന്നാണെന്നും നടി കൂട്ടിച്ചേര്‍ത്തു. തനിക്ക് ഡാന്‍സ് ഇഷ്ടമാണെന്നും എന്നാലും സീനില്‍ ചെയ്യുമ്പോള്‍ പേടിയായിരുന്നുവെന്നും റിയ പറയുന്നു.

‘ഞാന്‍ ഹിപ്‌ഹോപ്പ് ചെയ്യും എന്നാല്‍ ക്ലാസിക്കല്‍ പഠിച്ചിട്ടില്ല. അതുകൊണ്ട് ആദ്യത്തെ രണ്ടു മൂന്ന് ഷോട്ട് ശരിയായില്ല. ഞാന്‍ പെട്ടെന്ന് ടെന്‍ഷനായി, എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുമോ എന്ന് ആശങ്കയായി. പക്ഷേ കൊറിയോഗ്രാഫറായ ബൃന്ദാ മാസ്റ്റര്‍ നല്ല പിന്തുണ തന്നു,’ റിയ പറഞ്ഞു.

കപ്പ് എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച റിയ ഷിബു ഒരു നിര്‍മാതാവ് കൂടിയാണ്. വിക്രം നായകനായ വീര ധീര സൂരന് നിര്‍മിച്ചത് റിയ ഷിബുവും അച്ഛന്‍ ഷിബു തമിന്‍സും ചേര്‍ന്നാണ്. ബേസില്‍ നായകനായെത്തുന്ന അതിരടിയാണ് റിയയുടേതായി വരാനിരിക്കുന്ന ചിത്രം.

Content Highlight:   Riya Shibu talks  about the reactions she received after watching the movie sarvam maya 

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.